തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകൾ സ്കൂൾ വിദ്യാഭ്യാസത്തിന് ബദൽ അല്ലെന്നും കുട്ടികളെ പഠനബോധന പ്രക്രിയയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം വെക്കുന്നതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു. സമഗ്രശിക്ഷയുടെ കണക്കെടുപ്പ് പ്രകാരം രണ്ടര ലക്ഷത്തോളം കുട്ടികൾക്ക് നിലവിലെ ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കാൻ സാധിക്കില്ലെന്നും എന്നാൽ വിവിധ ഏജൻസികളുടെ സഹായത്തോടെ ഇവരിലേക്ക് കൂടി എത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്ത് സ്കൂൾ കോളേജ് വിദ്യാർഥികൾക്കായി ഇന്ന് ഓൺലൈനായി ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. കൈറ്റ് വികടേഴ്സ് ചാനലിലൂടെയും വെബ്സൈറ്റ് വഴിയുമാണ് പഠന സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്റ്റേറ്റ് സിലബസിലുള്ള കുട്ടികൾക്കായാണ് ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്. അതേസമയം സി.ബി എസ് ഇ, ഐ സി എസ് സി സിലബസുകാർക്ക് സ്കൂളുകൾ കേന്ദ്രീകരിച്ചായിരിക്കും പഠനം. ആദിവാസി മേഖലകളിൽ ഒരാഴ്ചക്കുള്ളിൽ പഠനസൗകര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സ്കൂൾ വിദ്യാഭ്യാസത്തിന് ബദൽ ആയ മാർഗം അല്ല. എന്നാൽ കുട്ടികളെ പഠനബോധന പ്രക്രിയയുടെ ഭാഗമായി നിലനിർത്തുകയാണ് ഈ പ്രക്രിയയിലൂടെ ലക്ഷ്യം വെക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സമഗ്രശിക്ഷയുടെ കണക്കെടുപ്പ് പ്രകാരം രണ്ടര ലക്ഷത്തോളം കുട്ടികൾക്ക് നിലവിലെ ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കാൻ സാധിക്കില്ല. ആദിവാസി മത്സ്യത്തൊഴിലാളി മേഖലകളിൽ പ്രശ്നം നിലനിൽക്കുന്നുണ്ട്. ഈ മേഖലകളിലേക്ക് വിദ്യാഭ്യാസം എത്തിക്കുക എന്നത് പ്രധാനമാണ്. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തിൽ നിലവിൽ ലഭ്യമായിട്ടുള്ള സാഹചര്യങ്ങളിലൂടെ പ്രവർത്തനം തുടങ്ങിയതിന് ശേഷം എത്തിച്ചേരാൻ കഴിയാത്ത കുട്ടികളെ കണ്ടെത്തി മനസിലാക്കി അവരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇപ്പോൾ ലഭ്യമാക്കുന്ന സൗകര്യങ്ങളിലൂടെ എത്രകുട്ടികളിലേക്ക് ഈ ക്ലാസുകൾ എത്തി എന്നത് സംബന്ധിച്ച് സ്കൂൾ തലത്തിൽ ആദ്യഘട്ടത്തിൽ കണക്കെടുത്തതിന് ശേഷം തദ്ദേശസ്വയംഭരണ,സ്ഥാപനങ്ങൾ, കുടുംബശ്രീകളടക്കമുള്ള വിവിധ ഏജൻസികളുടെ സഹായത്തോടെയായിരിക്കും മറ്റ് കുട്ടികളിലേക്ക് എത്തിക്കുക. ജൂലൈമാസത്തിൽ മാത്രമേ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുള്ളു. അതുവരേയും വിദ്യാർഥികളെ പഠനബോധന പ്രക്രിയയുടെ ഭാഗമാക്കുകയെന്നതാണ് ഈ ഘട്ടത്തിൽ ലക്ഷ്യം വെക്കുന്നത്. നിലവിൽ കേബിൾ ഓപ്പറേറ്റേഴ്സിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ ലഭ്യമാണ്. ഡിടിഎച്ചുകളിൽ കൂടി ലഭ്യമാക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടിവി ലഭ്യമല്ലെങ്കിൽക്കൂടി ഓൺലൈനിന്റെ മറ്റ് മാർഗങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിച്ചേരാം. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകാർക്ക് അരമണിക്കൂറും എട്ട് ഒൻപത് ക്ലാസുകളിൽ ഒരു മണിക്കൂറും പത്താംക്ലാസിന് ഒന്നരമണിക്കൂറും പന്ത്രണ്ടാംക്ലാസിന് രണ്ട് മണിക്കൂറുമായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സി ബി എസ് ഇ ഐ സി എസ് ഇ സിലബസ് ഉള്ള കുട്ടികൾക്ക് സ്കൂൾ തലത്തിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് നടപ്പാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ എല്ലാ സിലബസുകളും കൂടി ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ല. സ്കൂൾവിദ്യാഭ്യാസത്തിന് പകരമല്ല, പകരം പിന്തുണച്ച് പോകുന്ന സംവിധാനമാണ്. അധ്യാപകർ പുതിയ രീതിയിലേക്ക് മാറ്റുന്നു. പഠന രീതി അധ്യാപകരും പഠിക്കുകയാണ്. ഒരു ക്ലാസും അതിൽ നിന്നുണ്ടാകുന്ന ലൈവ് റിയാക്ഷൻസും ഇല്ലാതെയാണ് അധ്യാപകർ പഠിപ്പിക്കുന്നത്. ഈ ഘട്ടത്തിൽ അധ്യാപകരും ഇത്തരത്തിലൊരു പഠന രീതി പഠിക്കുകയാണ്. പുനസംപ്രേക്ഷണം, യൂട്യൂബ്, ഫെയിസ്ബുക്ക് വഴി വീഡിയോകൾ ലഭ്യമാക്കും. ഫോളോ അപ്പും, കുട്ടികളുടെ സംശയങ്ങൾ തീർക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. Content Highlights:ensure virtual education for all students in Kerala
from mathrubhumi.latestnews.rssfeed https://ift.tt/2XLOAUx
via
IFTTT