Breaking

Monday, June 1, 2020

മണിയൻ പിള്ള പോലീസിൽനിന്ന് വിരമിച്ചു; മരണത്തിന് എട്ടുവർഷത്തിനുശേഷം

കൊല്ലം : കേരള പോലീസിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത രക്തസാക്ഷി പോലീസ് ഡ്രൈവർ മണിയൻ പിള്ള സർവീസിൽനിന്ന് വിരമിച്ചു. മരണത്തിന് എട്ടുവർഷത്തിനുശേഷമാണ് അത്യപൂർവമായ വിരമിക്കൽ.2012-ൽ ജോലിനിർവഹണത്തിനിടെ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയുടെ കുത്തേറ്റാണ് പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന മണിയൻ പിള്ള മരിച്ചത്. അദ്ദേഹത്തിന്റെ സർവീസിലെ അവശേഷിക്കുന്ന കാലം മുഴുവൻ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഭാര്യക്ക്‌ നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 56 വയസ്സ് പൂർത്തിയായതിനെത്തുടർന്ന് മേയ് 31-നാണ് അദ്ദേഹം ഔദ്യോഗികമായി സർവീസിൽനിന്ന് പിരിഞ്ഞത്.ഭാര്യ സംഗീത നായർക്ക് ഇനി കുടുംബ പെൻഷൻ ലഭിക്കും. കൊട്ടറയിലെ വസതിയിലാണ് സംഗീതയും മക്കളും. മകൾ ശ്രുതിക്ക് രണ്ടുവർഷംമുൻപ്‌ പോലീസിൽ ജോലി നൽകിയിരുന്നു. ഇപ്പോൾ കൊല്ലം റൂറൽ പോലീസ് ഓഫീസിലെ എൽ.ഡി.ക്ലാർക്കാണ്. ഇളയമകൾ സ്വാതി പ്ലസ്ടു കഴിഞ്ഞു. കേരള പോലീസ് അസോസിയേഷൻ ഭാരവാഹികൾ ഞായറാഴ്ച മണിയൻ പിള്ളയുടെ കുടുംബത്തെ സന്ദർശിച്ച് ഉപഹാരം നൽകി.2012 ജൂൺ 26-ന് പുലർച്ചെ ഒരു മണിക്ക് പാരിപ്പള്ളിക്ക് സമീപം സംശയാസ്പദമായി കണ്ട വാൻ തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടയിലായിരുന്നു ആക്രമണം. വാനിൽ ആയുധങ്ങൾ കണ്ടതിനെത്തുടർന്ന് അതിലുണ്ടായിരുന്ന ആട് ആന്റണിയെ അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റാൻ ശ്രമിച്ചു. തുടർന്ന്‌ എ.എസ്.ഐ. ജോയിയെയും ഡ്രൈവർ മണിയൻ പിള്ളയെയും ആട് ആന്റണി മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു. മണിയൻ പിള്ളയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൂന്നുവർഷം തിരഞ്ഞിട്ടും ആട് ആന്റണിയെ പിടികൂടാൻ കഴിയാത്തത് പോലീസിന് തലവേദനയായിരുന്നു.പിന്നീട് 2015 ഒക്ടോബർ 13-ന് പാലക്കാട് കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോപാലപുരത്തെ ഒരു വീട്ടിൽനിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 2016 ജൂലായ് 27-ന് കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ആന്റണി വർഗീസ് എന്ന ആട് ആന്റണിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3eDaIr4
via IFTTT