കോട്ടയം: പാർട്ടിയിൽ പരമാധികാരം പി.ജെ. ജോസഫിനാണെന്ന കോടതിവിധിവന്നതോടെ ജോസ് വിഭാഗം ആശങ്കയിലായി. ചെയർമാൻ തിരഞ്ഞെടുപ്പിലേക്കു നീങ്ങാനാണ് ജോസഫ് പക്ഷത്തിന്റെ നീക്കം. ഇരുകൂട്ടർക്കും മുന്നിലുള്ള വഴി ഇങ്ങനെ: ജോസ് കെ. മാണി വിഭാഗം * സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം അനുവദിക്കാനുള്ള അധികാരം പി.ജെ. ജോസഫിനാണെന്നു വിധിച്ചത് ജോസ് ക്യാമ്പിൽ തലവേദനയുണ്ടാക്കുന്നു. * തങ്ങൾക്കൊപ്പമുള്ള രണ്ട് എം.എൽ.എ.മാരുടെ സ്ഥാനംകൂടി സഭയിൽ ഉറപ്പിക്കുന്ന വിധമായിരിക്കും തുടർനീക്കങ്ങൾ. * പി.ജെ. ജോസഫ് വിളിച്ച പാർലമെന്ററി പാർട്ടി യോഗത്തിൽ പോകാത്തത് റോഷി അഗസ്റ്റിനും എൻ. ജയരാജിനും നിയമസഭാംഗത്വത്തിൽ ഭീഷണിയുണ്ടാക്കില്ല. * ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷനുമുന്നിലുള്ള പരാതിയിൽ പരമാവധി തെളിവ് എത്തിക്കുക. സംസ്ഥാന കമ്മിറ്റി വിളിച്ചപ്പോൾ ലഭിച്ച പിന്തുണയുടെ കണക്കുനൽകുക. ഇതെല്ലാം നിവേദനത്തിൽ പറഞ്ഞിട്ടുണ്ട്. * കട്ടപ്പന കോടതിയുടെ വിധിക്കെതിരേ മേൽക്കോടതിയിൽ അപ്പീൽ നൽകുക. ജോസഫ് വിഭാഗം * കട്ടപ്പന കോടതിവിധി ആത്മവിശ്വാസം നൽകുന്നു. ഇനി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷനുമുമ്പാകെയുള്ള പരാതിയിൽ തെളിവ് സമാഹരിക്കുക. * ജോസ് കെ. മാണി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷനു കൊടുത്ത പരാതിയിൽ 'പിളർന്നു' എന്ന പരാമർശം ഉണ്ടോയെന്നു പരിശോധിക്കും. അതുണ്ടെങ്കിൽ ജോസ് പക്ഷത്തെ രണ്ട് എം.എൽ.എ.മാരുടെ അംഗത്വം ചോദ്യംചെയ്തേക്കാം. * സംസ്ഥാന കമ്മിറ്റി വിളിക്കുക. മുന്നോടിയായി അംഗങ്ങളുടെ പേരുവിവര പരിശോധന. വരണാധികാരിയെ നിയമിക്കുക. * തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ യോഗം വിളിക്കുക. ചിഹ്നം നൽകാനുള്ള അധികാരം ജോസഫിനാണെന്ന തീർപ്പ് പ്രയോജനപ്പെടുത്തുക. * സംസ്ഥാന കമ്മിറ്റി വിളിക്കുമ്പോൾ എല്ലാ എം.എൽ.എ.മാരുടെയും പങ്കാളിത്തം ഉറപ്പാക്കുക. അംഗത്വവിഷയത്തിൽ ജോസഫിന്റെ നേതൃത്വം അംഗീകരിക്കുന്നത് മാനദണ്ഡമാക്കുക. Content Highlights:Kerala congress M, Joseph to call State Committee
from mathrubhumi.latestnews.rssfeed https://ift.tt/2r9GNmT
via
IFTTT