Breaking

Tuesday, November 12, 2019

ഇന്ത്യയിലെ ആദ്യ സിഗ്നൽ മത്സ്യം കേരളതീരത്ത്

തിരുവനന്തപുരം: അപൂർവ ജനുസ്സിൽപ്പെടുന്ന സിഗ്നൽ മത്സ്യത്തെ ഇന്ത്യയിലാദ്യമായി കേരളതീരത്തുനിന്ന്‌ കണ്ടെത്തി. 2450-ൽപരം സമുദ്രമത്സ്യങ്ങളെ ഇതുവരെ ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സിഗ്നൽ മത്സ്യത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. കേരളതീരത്ത് 70 മീറ്റർ താഴ്ചയുള്ള മണൽത്തട്ടിൽനിന്നാണ് ഇവയെ ട്രോളർ ഉപയോഗിച്ച്‌ കണ്ടെത്തിയത്.ഇന്ത്യയിൽനിന്നു കണ്ടെത്തിയതിനാൽ ഇവയ്ക്ക് ‘റ്റീറോപ്‌സാറോൺ ഇൻഡിക്കം’ (Pteropsaron indicum) എന്ന ശാസ്ത്രീയനാമമാണ്‌ നൽകിയത്. കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി പ്രൊഫ. എ. ബിജുകുമാർ, അമേരിക്കയിലെ ഓഷ്യൻ സയൻസ് ഫൗണ്ടേഷനിലെ മത്സ്യഗവേഷകൻ ഡോ. ബെൻ വിക്ടർ എന്നിവർചേർന്ന്‌ നടത്തിയ ഗവേഷണവിവരങ്ങൾ പുതിയലക്കം ‘ഓഷ്യൻ സയൻസ് ഫൗണ്ടേഷൻ ജേണലി’ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സിഗ്നൽ മത്സ്യംകണ്ടെത്തിയ ഇനം ലോകത്തെ സിഗ്നൽ മത്സ്യങ്ങളിൽ ഏറ്റവും വലുപ്പമുള്ളതാണ്‌. ഇതിന് ശരീരപാർശ്വങ്ങളിൽ നീളത്തിൽ തിളങ്ങുന്ന കടുത്ത മഞ്ഞവരകളുണ്ട്. ഇത്തരത്തിൽ ചെറിയ മഞ്ഞ അടയാളങ്ങൾ തലയുടെ പാർശ്വങ്ങളിലും കാണാം. ആദ്യ മുതുകുചിറകിൽ വളരെ നീളത്തിലുള്ള മുള്ളുകൾ കാണാം. തങ്ങളുടെ പ്രദേശത്തിൽ ആധിപത്യം സ്ഥാപിച്ച്, ഇണയെ ആകർഷിക്കാനുള്ള അടയാളങ്ങൾക്കായി ഇവ തങ്ങളുടെ നീളമുള്ള മുതുകുചിറകുകൾ സവിശേഷമായി ചലിപ്പിക്കും. ഇത്തരം സ്വഭാവവിശേഷംകൊണ്ടാണ് ഇവയെ ‘സിഗ്നൽ മത്സ്യങ്ങൾ’ എന്നുവിളിക്കുന്നത്. സി.ടി. സ്കാൻ ഉപയോഗിച്ചുനടത്തിയ പഠനങ്ങളിൽ കണ്ടെത്തിയ, ഇത്തരം മത്സ്യങ്ങളുടെ സവിശേഷ അസ്ഥിവ്യവസ്ഥയെപ്പറ്റിയുള്ള വിവരങ്ങളും ഗവേഷണപ്രബന്ധത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.സാധാരണ പവിഴപ്പുറ്റുകളുള്ള മേഖലകളിൽനിന്നാണ് സിഗ്നൽ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുള്ളത്. കേരളതീരത്തുനിന്ന് ഇവയെ കണ്ടെത്തിയ സ്ഥലങ്ങളിലും പവിഴപ്പുറ്റുകൾ കാണപ്പെടാനുള്ള സാധ്യതയുണ്ടെന്ന് പ്രൊഫ. ബിജുകുമാർ അഭിപ്രായപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2NDXJuA
via IFTTT