Breaking

Sunday, November 3, 2019

ബംഗാൾ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ്-ഇടതുസഖ്യം വീണ്ടും

കൊൽക്കത്ത: നവംബർ 25-ന് നടക്കുന്ന ബംഗാൾ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഇടതുപക്ഷവും കോൺഗ്രസും സഖ്യം രൂപപ്പെടുത്തി. മൂന്ന് സീറ്റുകളിൽ ഒന്നിൽ ഇടതുമുന്നണിക്കു വേണ്ടി സി.പി.എം. സ്ഥാനാർഥിയും മറ്റ് രണ്ടുസീറ്റുകളിൽ കോൺഗ്രസും മത്സരിക്കും. കരിംപൂർ, കാലിയാഗഞ്ച്, ഖരഗ്പൂർ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പുകൾ. കരിംപൂരിലെയും ഖരഗ്പൂരിലെയും എം.എൽ.എ.മാർ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഉപതിരഞ്ഞെടുപ്പുകൾ വേണ്ടിവന്നത്. കാലിയാഗഞ്ചിൽ എം.എൽ.എ.യുടെ നിര്യാണം മൂലവും. ഇതിൽ കരിംപൂരിലാണ് ഇടതുപക്ഷം സ്ഥാനാർത്ഥിയെ നിർത്തുന്നത്. മറ്റിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പിന്തുണയ്ക്കും. ഇടതുപക്ഷവും കോൺഗ്രസും സംയുക്തപ്രചാരണമാണ് നടത്തുക. ഇതിനായി ഏകോപനസമിതികൾ രൂപവത്കരിക്കും. എൻ.ആർ.സി., സംസ്ഥാനത്തിന്റെ വർഗീയവത്കരണം, രൂക്ഷമായ തൊഴിലില്ലായ്മ തുടങ്ങിയവയ്ക്കെതിരേ ഒരുമിച്ച് നിന്ന് പോരാടുമെന്നാണ് കോൺഗ്രസ്, ഇടത് നേതാക്കൾ സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചത്. 1977-ൽ ഇടതുപക്ഷം അധികാരത്തിൽവന്നതിൽനിന്ന് ഏറെ മാറിയ രാഷ്ട്രീയസാഹചര്യമാണ് ഇപ്പോഴുള്ളതെന്നും വർഗീയശക്തികൾ ആധിപത്യം സ്ഥാപിക്കുന്നത് തടയാൻ ഇത്തരത്തിൽ ഒരു സംയുക്തനീക്കം ആവശ്യമാണെന്നും ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു. കരിംപൂർ ഒഴികെയുള്ള മണ്ഡലങ്ങൾ പരമ്പരാഗതമായിത്തന്നെ ഇടതുമുന്നണി ശക്തികേന്ദ്രങ്ങളല്ലെന്നും അതിനാലാണ് കോൺഗ്രസിന് അവ വിട്ടുകൊടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സഖ്യനീക്കങ്ങളിൽ കോൺഗ്രസിനുള്ളിൽനിന്ന് ചില വിയോജിപ്പുകളും മറനീക്കിയിട്ടുണ്ട്. ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായ ഖരഗ്പൂരിൽ അവരെ തോൽപ്പിക്കാൻ തൃണമൂലുമായാണ് സഹകരിക്കേണ്ടതെന്ന് പ്രതിപക്ഷനേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ അബ്ദുൾ മന്നാന് അഭിപ്രായമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻകൂടിയായ ദിലീപ് ഘോഷിന്റെ മണ്ഡലമായിരുന്നു ഖരഗ്പൂർ. തൃണമൂലിന്റെ മഹുവ മൊയ്ത്രയാണ് കരിംപൂരിനെ പ്രതിനിധീകരിച്ചിരുന്നത്. ഇരുവരും ഇപ്പോൾ എം.പി.മാരാണ്. കാലിയാഗഞ്ചിലെ കോൺഗ്രസ് എം.എൽ.എ.യായ പ്രമതനാഥ് റേ ഇക്കഴിഞ്ഞ മേയിലാണ് അന്തരിച്ചത്. 2016-ൽ കോൺഗ്രസ്-ഇടത് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചായിരുന്നു അദ്ദേഹത്തിന്റെ ജയം. Content Highlights;Left-Congress alliance in West Bengal


from mathrubhumi.latestnews.rssfeed https://ift.tt/2N8JGwM
via IFTTT