Breaking

Sunday, November 3, 2019

ആ ബാഗിൽ ആർ.ഡി.എക്സ്. അല്ല, ചോക്കലേറ്റ്

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച കണ്ടെത്തിയ ആർ.ഡി.എക്സ്. ശേഖരമത്രയും 'മധുരപലഹാരങ്ങളായി' മാറി. വിമാനത്താവളത്തിലെ ആഗമനമേഖലയിലെ നാലാം നമ്പർ തൂണിനടുത്ത് ദുരൂഹസാഹചര്യത്തിൽ കണ്ട ബാഗിൽ ചോക്ലേറ്റും അണ്ടിപ്പരിപ്പും മധുരപലാഹരങ്ങളുമാണെന്ന് ഡൽഹി പോലീസ് ശനിയാഴ്ച അറിയിച്ചു. ബാഗിന്റെ ഉടമ ഷഹീദ് ഹുസൈൻ വിമാനത്താവള പോലീസിനെ അറിയിച്ചതാണ് ഇക്കാര്യം. ബാഗ് നഷ്ടമായി 16 മണിക്കൂറിനുശേഷമാണ് ഇയാൾ അധികൃതരെ ബന്ധപ്പെട്ടത്. മുംബൈയിൽനിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ മൂന്നാം ടെർമിനലിൽ വന്നിറങ്ങിയ ഹുസൈൻ, ആഗമനമേഖലയിൽ ബാഗ് മറന്നുവെച്ചതാണെന്നു പറഞ്ഞു. ബാഗിനുള്ളിൽ ലാപ്ടോപ്പും ചാർജറും കളിപ്പാട്ടങ്ങളും ഉടുപ്പുകളും മധുരപലഹാരങ്ങളുമാണെന്നാണ് ഇയാൾ പറഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് ഉടമസ്ഥനില്ലാത്ത ബാഗ് സി.ഐ.എസ്.എഫ്. കണ്ടെത്തിയത്. സി.സി.ടി.വി. ക്യാമറയുടെ പരിധിയല്ലാത്ത, ഇരുട്ടുള്ള സ്ഥലത്തു കണ്ട ബാഗ് സംശയത്തിനിടയാക്കി. സ്ഫോടകവസ്തു കണ്ടെത്തുന്ന ഉപകരണമുപയോഗിച്ചും വൈദഗ്ധ്യമുള്ള നായയെ എത്തിച്ചും പരിശോധിച്ചു. ആർ.ഡി.എക്സ്. ആണെന്ന പ്രാഥമിക നിഗമനത്തിൽ അതിസുരക്ഷാസ്ഥാനത്തേക്കു മാറ്റി. 24 മണിക്കൂർ തികയുംവരെ ഇത് ഇവിടെ സൂക്ഷിക്കും. പിന്നീട് വിദഗ്ധ സംഘം ബാഗ് പരിശോധിക്കും. ഉടമയെ തിരിച്ചറിയാൽ വിമാനത്താവളത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കുമെന്ന് സി.ഐ.എസ്.എഫ്. വക്താവ് ഹേമേന്ദ്ര സിങ് പറഞ്ഞു. ഭീകരർ സ്ഫോടനത്തിനുപയോഗിക്കുന്ന ഗന്ധമില്ലാത്ത സ്ഫോടകവസ്തുവാണ് ആർ.ഡി.എക്സ്. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റിസർച്ച് ഡിപ്പാർട്ട്മെന്റ് എക്സ്പ്ലോസിവ്. Content Highlights:Delhi airport RDX


from mathrubhumi.latestnews.rssfeed https://ift.tt/2JN0Rlw
via IFTTT