ആലപ്പുഴ: കത്രീന, റീത്ത, ഡയാന, ഇസബെൽ, മരിയ... പേരുവിവരപ്പട്ടികയല്ല ഇത്. ആഞ്ഞുവീശി ഒട്ടേറെ ജീവിതങ്ങൾ ചുഴറ്റിയെറിഞ്ഞ ചുഴലിക്കാറ്റുകളുടെ പേരുകളാണിവ. ഓഖി, ഫോനി, വായു, മഹാ... ഇപ്പോഴിതാ ബുൾ ബുളും. നമ്മുടെ കടലുകളിലും ചുഴലിക്കാറ്റുകൾ തേർവാഴ്ച നടത്തുന്ന കാലം. ചുഴലിക്കാറ്റുകൾക്ക് പലപ്പോഴും ഓമനത്തമുള്ള പേരുകൾ നൽകുന്നതാരാണ്? എന്തിനാണ് ഈ പേരുകൾ? അതിനൊരു ഉത്തരമേയുള്ളൂ. 1999-ൽ അതിശക്തമായ ചുഴലിക്കാറ്റ് ഒഡിഷയിൽ ആഞ്ഞടിച്ചു. വൻ ദുരന്തമുണ്ടായി. അതു പക്ഷേ, പലരുടേയും ഓർമയിലില്ല. കാരണം ഒന്നേയുള്ളൂ, അതിന് പേരുണ്ടായിരുന്നില്ല. പേരുകളാണ് ഈ ചുഴലിക്കാറ്റുകളെ ഓർമയിൽ നിർത്തുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകൾക്ക് പേരു നൽകിത്തുടങ്ങിയത് 2004 സെപ്റ്റംബർ മുതലാണ്. ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്, നിരീക്ഷണത്തിനും പഠനത്തിനുമായി ന്യൂഡൽഹിയിൽ പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിച്ച കാലാവസ്ഥാകേന്ദ്രമാണ്. നിങ്ങൾക്കും പേരിടാം ആർക്കും പേര് നിർദേശിക്കാം. ചില കാര്യങ്ങൾ ഓർക്കണം. ചെറിയ പേരുകളായിരിക്കണം, വ്യക്തമായി മനസ്സിലാക്കാനാവണം, ആരുടേയും സംസ്കാരത്തെ വേദനിപ്പിക്കരുത്, ദ്വയാർഥമുള്ളതോ പ്രകോപനപരമോ ആകരുത് തുടങ്ങിയവയാണ് ശ്രദ്ധിക്കേണ്ടത്. പേരുകൾ ഡയറക്ടർ ജനറൽ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.), മൗസം ഭവൻ, ലോധി റോഡ്, ന്യൂഡൽഹി എന്ന വിലാസത്തിൽ അയച്ചുകൊടുക്കാം. അംഗീകരിച്ചാൽ അവ പട്ടികയിൽ വരും. എട്ടു രാജ്യങ്ങൾ, 64 പേരുകൾ ഉത്തര ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്തുള്ള എട്ട് ഏഷ്യൻ രാഷ്ട്രങ്ങളാണ് (ബംഗ്ളാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്താൻ, ശ്രീലങ്ക, തായ്ലാൻഡ്) ഇവിടുത്തെ ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്. ഇംഗ്ളീഷ് അക്ഷരമാലാക്രമത്തിലാണ് പട്ടികയിൽ രാജ്യങ്ങൾ. ഓരോ രാജ്യത്തിനും എട്ടു പേരുവീതം നിർദേശിക്കാം. സ്ഥാനക്രമത്തിലാണ് ഓരോ രാജ്യത്തിന്റെയും ഊഴം. പേരുതീരുമ്പോൾ പുതിയ പട്ടിക അവതരിപ്പിക്കുന്നതാണ് രീതിയെന്ന് കാലാവസ്ഥാ ഗവേഷകൻ ഡോ. ഗോപകുമാർ ചോലയിൽ പറഞ്ഞു. പട്ടികയിൽ 64 പേരുകളുണ്ടായിരുന്നു. ഇപ്പോൾ രണ്ടെണ്ണമേ ബാക്കിയുള്ളൂ. സോബ, അംഫാൻ എന്നിവ. യഥാക്രമം ശ്രീലങ്കയും തായ്ലാൻഡുമാണിത് നൽകിയത്. ഇപ്പോൾ വീശുന്ന ബുൾബുളിന് പേരിട്ടത് പാകിസ്താനാണ്. മുമ്പ് വീശിയ ചുഴലിക്കാറ്റുകൾക്ക് അഗ്നി, ആകാശ്, ബിജലി, ഇൽ, ലെഹർ, മേഘ, സാഗർ, വായു എന്നിവ ഇന്ത്യയുടെ സംഭാവനയും. ചുഴലിക്കാറ്റ് ഉഷ്ണമേഖലാപ്രദേശത്തുള്ള സമുദ്രഭാഗങ്ങളിലാണ് ചുഴലിക്കാറ്റുകൾ രൂപംകൊള്ളുന്നത്. സമുദ്രോപരിതലത്തിനു മേലെയുള്ള അന്തരീക്ഷത്തിലുണ്ടാകുന്ന മർദപതനമാണ് ഇതിനു കാരണം. വേഗം 55 കിലോമീറ്ററിൽ കൂടിയാലേ ചുഴലിക്കാറ്റ് എന്നതിൽ പെടുത്തൂ. അവയ്ക്കുമാത്രമേ പേരിന്റെ ഗരിമയുണ്ടാകൂ.
from mathrubhumi.latestnews.rssfeed https://ift.tt/2NxCDOm
via
IFTTT