ഹരിപ്പാട്: ഗൾഫിലെ വർക്ക് പെർമിറ്റ്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ഹെൽത്ത് കാർഡ് തുടങ്ങിയ വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന പഴ്‌സ് മൂന്നുവർഷത്തിനുശേഷം തിരിച്ചുകിട്ടി. ബഹ്‌റൈനിൽ ജോലിചെയ്യുന്ന കാസർകോട് സ്വദേശി രാജനാണ് ഈ ഭാഗ്യവാൻ. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുളക്കടവിന് സമീപത്തുനിന്ന് സ്‌കന്ദഷഷ്ഠി ദിനമായ ശനിയാഴ്ച രാവിലെയാണ് പഴ്‌സ് കിട്ടിയത്. പഴ്‌സിന്റെ പുറംകവറിൽ അഴുക്കുപിടിച്ചിട്ടുണ്ടെങ്കിലും രേഖകളെല്ലാം സുരക്ഷിതമായിരുന്നു.സ്‌കന്ദഷഷ്ഠി ദിവസം ക്ഷേത്രത്തിൽ സന്നദ്ധ പ്രവർത്തനം നടത്തിയ ഹരിപ്പാട്ടെ എമർജൻസി റെസ്‌ക്യു ടീമിലെ അംഗങ്ങൾക്കാണ് പഴ്‌സ് കിട്ടിയത്. കൊട്ടിയത്തെ ആശുപത്രിയിൽ രാജൻ ചികിത്സ തേടിയതിന്റെ രേഖ പഴ്‌സിലുണ്ടായിരുന്നു. ആശുപത്രിയിൽ വിളിച്ചാണ് അവർ രാജന്റെ മൊബൈൽ നമ്പർ തേടിപ്പിച്ചിച്ചത്. തുടർന്ന് ഭാര്യ ശോഭയെ വിവരമറിയിച്ചു. അവർ ഞായറാഴ്ച ഹരിപ്പാട്ടെത്തി ദേവസ്വം ഉദ്യോഗസ്ഥരിൽ നിന്ന് പഴ്‌സ് ഏറ്റുവാങ്ങി.കൊല്ലം പെരുമ്പുഴയിൽ കുടുംബസമേതം താമസിക്കുന്ന രാജൻ 2016 സെപ്റ്റംബർ 12- നാണ് അവധിക്ക് നാട്ടിലെത്തിയത്. 23-ന് ഇവർ ഓച്ചിറ, ഹരിപ്പാട്, മണ്ണാറശാല, ചക്കുളത്തുകാവ് ക്ഷേത്രങ്ങളിൽ ദർശനം നടത്തി. വീട്ടിലെത്തിയപ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ടതറിയുന്നത്. അടുത്തദിവസം തന്നെ ഈ ക്ഷേത്രങ്ങളിലെല്ലാം വിവരമറിയിച്ചു. ഹരിപ്പാട് പോലീസ് സ്‌റ്റേഷനിലും അന്വേഷിച്ചു. പലപ്രാവശ്യം പഴ്‌സ് അന്വേഷിച്ചിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഗൾഫിലെ ഡ്രൈവിങ് ലൈസൻസും വർക്ക് പെർമിറ്റും നഷ്ടപ്പെട്ടുപോയതിനാൽ മടക്കയാത്ര എട്ടുമാസം വൈകി. ബഹ്‌റൈനിൽ ജോലിചെയ്യുന്ന കുടുംബാംഗങ്ങളുടെ സഹായത്തോടെ ഡ്യൂപ്ലിക്കേറ്റ് എടുത്തശേഷമാണ് പോകാൻ കഴിഞ്ഞത്. ഏറെ പണവും ചെലവായി. പാൻകാർഡും നാട്ടിലെ ഡ്രൈവിങ് ലൈസൻസും എടുക്കാനും കഴിഞ്ഞില്ല. മൂവായിരത്തോളം രൂപയും ബഹ്‌റൈൻ ദിനാറും പഴ്‌സിലുണ്ടായിരുന്നെങ്കിലും മടക്കികിട്ടിയപ്പോൾ പണമുണ്ടാരുന്നില്ല.പഴ്‌സ് മൂന്നുവർഷത്തോളം തുറസ്സായ സ്ഥലത്ത് കിടന്നതാകാൻ സാധ്യതയില്ലെന്നാണ് മനസ്സിലാകുന്നത്. ഈ കാലയളവിനിടെ പലപ്പോഴായി പെയ്തമഴയിൽ രേഖകൾ നശിച്ചുപോകുമായിരുന്നു. അതുണ്ടായില്ല. പഴ്‌സ് കിട്ടിയവർ അടുത്തിടെ ക്ഷേത്രപരിസരത്ത് തിരികെ കൊണ്ടിട്ടിരിക്കാമെന്നാണ് കരുതുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2Ng7xL7
via
IFTTT