Breaking

Wednesday, November 13, 2019

‘കരഞ്ഞുപറഞ്ഞിട്ടും അവർ കേട്ടില്ലല്ലോ റബ്ബേ...’

കോട്ടയ്ക്കൽ: “എന്റെ കൺമുന്നിലിട്ട് നാണിയെ അവർ തല്ലിച്ചതച്ചു. എല്ലാരും നോക്കിനിന്നതേയുള്ളൂ. ആരുമെത്തിയില്ല ഓനെ രക്ഷിക്കാൻ...” വാക്കുകൾ മുഴുമിക്കാനാവാതെ ഷാഹിറിന്റെ മാതാവ് ഷൈലജ തേങ്ങി. 'തടയാൻചെന്ന ചെറിയമോനെയും അവർ തല്ലി. പെറ്റമ്മയുടെ കണ്ണീർ കണ്ടിട്ടുപോലും അവരുടെ മനസ്സ് അലിഞ്ഞില്ല. ഞാൻ എത്തുമ്പോൾ മുന്നൂറോളം ആളുകൾ എന്റെ നാണിയെ തല്ലിച്ചതയ്ക്കുന്നത് കണ്ടുകൊണ്ടിരിക്കുകയാണ്. കരഞ്ഞുപറഞ്ഞിട്ടും ആർക്കും തടയാൻ തോന്നിയില്ലല്ലോ റബ്ബേ...' ആ മാതാവിന് ദുഃഖമടക്കാനായില്ല. രാത്രി പത്തുമണിയായിട്ടും വീട്ടിൽ എത്താത്തതിനെത്തുടർന്നാണ് അവർ ഫോണിൽ വിളിച്ചത്. ഫോൺ കട്ട്ചെയ്തപ്പോൾത്തന്നെ പേടി തോന്നിയിരുന്നുവെന്ന് ഷൈലജ പറയുന്നു. സാധാരണ അങ്ങനെ ചെയ്യാറില്ല. ഫോൺ അക്രമികളുടെ കൈവശമായിരുന്നു. പത്തുമണിക്കും മോനെ കാണാത്തതിനെത്തുടർന്നാണ് പിതാവും മറ്റുള്ളവരും അവനെ തിരഞ്ഞ് ഇറങ്ങിയത്. ആക്രമണംകണ്ട ആരോ വിളിച്ചുപറഞ്ഞപ്പോഴാണ് വീട്ടുകാർ മർദനവിവരം അറിഞ്ഞത്. ഷാഹിറിനെയുംകൂട്ടി വീട്ടിലെത്തി ഷർട്ട് ഊരിയപ്പോഴാണ് മർദിച്ച പാടുകൾ കാണുന്നത്. വലിയ ടോർച്ച്കൊണ്ടും മറ്റും അവർ തല്ലിയെന്ന് ഷാഹിർ പറഞ്ഞതായും ഷൈലജ പറഞ്ഞു. ഇനി ജീവിക്കാൻ കഴിയില്ലന്നുപറഞ്ഞാണ് അവൻ വിഷംകഴിച്ചത്. അപ്പോൾത്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മകനെ രക്ഷിക്കാൻ കഴിയാത്തതിന്റെ സങ്കടം അവരുടെ വാക്കുകളിൽ നിറഞ്ഞു. content highlights:kottakkal,Lynching, shahir


from mathrubhumi.latestnews.rssfeed https://ift.tt/33J9llB
via IFTTT