തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പുനർനിർണയിക്കാനുള്ള പതിനൊന്നാം ശമ്പളക്കമ്മിഷന്റെ മാനദണ്ഡങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുൻ സെക്രട്ടറിയും വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ. മോഹൻദാസാണ് കമ്മിഷൻ അധ്യക്ഷൻ. ആറുമാസത്തിനകം റിപ്പോർട്ട് നൽകാനാണ് കമ്മിഷനു നൽകിയിരിക്കുന്ന നിർദേശം. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അശോക് മാമ്മൻ ചെറിയാൻ, കൊച്ചി ശാസ്ത്ര, സാങ്കേതിക സർവകലാശാലാ ബജറ്റ് സ്റ്റഡീസ് സെന്റർ ഓണററി ചെയർമാൻ െപ്രാഫ. എൻ.കെ. സുകുമാരൻ നായർ എന്നിവരെ അംഗങ്ങളായും നിയമിച്ചു. അഞ്ചരലക്ഷത്തോളം ജീവനക്കാരും നാലു ലക്ഷത്തോളം പെൻഷൻകാരുമാണ് സംസ്ഥാനത്തുള്ളത്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ പത്താം ശമ്പളക്കമ്മിഷൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച റിപ്പോർട്ടനുസരിച്ചുള്ള വേതനമാണ് ഇപ്പോൾ ജീവനക്കാർക്കു ലഭിക്കുന്നത്. പത്തുവർഷത്തിലൊരിക്കൽ ശമ്പളം പുതുക്കിയാൽ മതിയെന്ന നിർദേശത്തോടെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, ഉമ്മൻ ചാണ്ടി സർക്കാർ അഞ്ചുവർഷം കാലാവധി നിശ്ചയിച്ചാണ് റിപ്പോർട്ട് അംഗീകരിച്ചത്. പത്താം ശമ്പള പരിഷ്കരണത്തിന്റെ കാലാവധി ജൂൺ 30-ന് അവസാനിച്ചിരുന്നു. 2019 ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ശമ്പളം പുനർനിർണയിക്കാനാണ് തീരുമാനം. അഞ്ചു വർഷത്തിലൊരിക്കൽ ശമ്പളപരിഷ്കരണം എന്ന തത്ത്വമനുസരിച്ചാണ് പുതിയ കമ്മിഷന്റെ നിയമനം. കാഷ്വൽ സ്വീപ്പർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ എന്നിവരടക്കമുള്ള സർക്കാർ ജീവനക്കാർ, സർക്കാർ-എയ്ഡഡ് സ്കൂൾ അധ്യാപകർ, കോളേജ് അധ്യാപകർ, സർവകലാശാല, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർ തുടങ്ങിയവരുടെ ശമ്പളവും ആനുകൂല്യങ്ങളും പുനർനിർണയിക്കുന്നതടക്കം പത്തിന മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. * നിലവിൽ ജീവനക്കാർക്കു ലഭിക്കുന്ന ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, സേവന വ്യവസ്ഥകൾ, സ്ഥാനക്കയറ്റം തുടങ്ങിയവ സംബന്ധിച്ചു പരിശോധിക്കണം. * ദീർഘകാല സർവീസുള്ള ഗസറ്റഡ്, ഗസറ്റഡ് ഇതര ജീവനക്കാർക്കായി നോൺ-കേഡർ പ്രൊമോഷൻ നല്കുന്ന കാര്യം പഠിക്കണം. * സർവീസ് പെൻഷൻകാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും പരിശോധനാ പരിധിയിൽ വരും. ഇക്കാര്യത്തിൽ ആവശ്യമായ ഭേദഗതി നിർദേശിക്കണം. * നിലവിൽ കേന്ദ്രജീവനക്കാർക്കു ലഭിക്കുന്നതും സംസ്ഥാന ജീവനക്കാർക്കു ലഭ്യമല്ലാത്തതുമായ ആനുകൂല്യങ്ങൾ നൽകാനുള്ള സാധ്യതകൾ പരിഗണിക്കാം. * മുൻശമ്പളക്കമ്മിഷന്റേതായി സർക്കാർ ചൂണ്ടിക്കാട്ടിയുള്ള അപാകങ്ങളും അവയുടെ പരിഹാരങ്ങളും നിർദേശിക്കണം. * സർക്കാരുദ്യോഗസ്ഥ സംവിധാനത്തിന്റെ കാര്യക്ഷമതയും സാമൂഹിക ഉത്തരവാദിത്വവും വർധിപ്പിക്കാനും കൂടുതൽ ജനസൗഹൃദമാക്കാനുമുള്ള നിർദേശങ്ങൾ സമർപ്പിക്കണം. * സർക്കാരുദ്യോഗസ്ഥ സംവിധാനം എത്രത്തോളം സ്ത്രീ സൗഹൃദപരമാക്കാമെന്നു പരിശോധിക്കണം. ഉദ്യോഗസ്ഥകളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കണം. * ശമ്പളനിർണയത്തിനുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും പാഴ്ച്ചെലവും സമയനഷ്ടവും ഒഴിവാക്കി ലഘൂകരിക്കാനുള്ള നിർദേശങ്ങൾ നൽകണം. * കമ്മിഷൻ ശുപാർശകൾ നടപ്പാക്കുമ്പോഴുണ്ടാകുന്ന അധികബാധ്യത ചൂണ്ടിക്കാട്ടണം. * അധികബാധ്യത സംബന്ധിച്ച നിഗമനങ്ങളിലെത്താൻ സ്വീകരിച്ച മാർഗവും അറിയിക്കണം. Content Highlights:11th pay Commission Kerala
from mathrubhumi.latestnews.rssfeed https://ift.tt/2pvdSZY
via
IFTTT