തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ ആഞ്ഞടിച്ചുതുടങ്ങി. കാറ്റ് നാശംവിതയ്ക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വൈകീട്ടോടെയാണ് കൂടുതൽ കരുത്തുപ്രാപിച്ച് ശക്തമായ ചുഴലിയായിമാറിയത്. മണിക്കൂറിൽ 140 കിലോമീറ്റർ വരെയായിരുന്നു ഈ സമയത്ത് കാറ്റിന്റെ വേഗം. വെള്ളിയാഴ്ച ഇത് അതിശക്തമായ ചുഴലിക്കാറ്റായിമാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്ക്, വടക്കുപടിഞ്ഞാറു ദിശയിൽ ലക്ഷദ്വീപിലൂടെ സഞ്ചരിച്ച് മധ്യകിഴക്കൻ അറബിക്കടലിലേക്ക് ഇത് നീങ്ങുമെന്നാണു കരുതുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. തീരമേഖലയിലും മലയോരമേഖലയിലും ചിലനേരങ്ങളിൽ ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച മധ്യകിഴക്ക് അറബിക്കടലിൽ മണിക്കൂറിൽ 120 മുതൽ 145 കിലോമീറ്റർവരെ വേഗത്തിൽ അതിശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ട്. കടൽക്ഷോഭം: കനത്തനാശം വ്യാഴാഴ്ച കേരളത്തിൽ പലയിടത്തും കടൽക്ഷോഭമുണ്ടായി. തൃശ്ശൂരിലെ ചേറ്റുവയിൽനിന്ന് മീൻപിടിക്കാൻ കടലിൽപ്പോയ ആറു തൊഴിലാളികളിൽ അഞ്ചുപേരെ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കരയ്ക്കെത്തിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് പൊന്നാനി ഭാഗത്ത് ഉൾക്കടലിലാണ് ശക്തമായ കാറ്റിൽപ്പെട്ട് മുങ്ങിയത്. ഫോർട്ടുകൊച്ചി പ്രദേശത്ത് 40 മീൻപിടിത്ത വള്ളങ്ങൾ തകർന്നു. 33 വള്ളങ്ങളുടെ വലകൾ നഷ്ടപ്പെട്ടു. പറവൂർ ഗോതുരുത്തിൽ ജിബിൻ ജോസഫ് (21) പുഴയിൽ മുങ്ങിമരിച്ചു. പലയിടങ്ങളിലും വെള്ളം കയറിയതിനെത്തുടർന്ന് ജില്ലയിൽ ഏഴു ക്യാമ്പുകൾ തുടങ്ങി. 1338 പേരെ ക്യാമ്പിലേക്കു മാറ്റി. കണ്ണൂരിൽനിന്ന് മീൻപിടിക്കാൻപോയ രണ്ടു ബോട്ടുകളും തലശ്ശേരിയിൽനിന്നുള്ള അഞ്ചു ബോട്ടുകളും തിരിച്ചെത്തിയില്ല. തലശ്ശേരിയിലെ അഞ്ചിൽ നാലു ബോട്ടിലുള്ളവരുമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞതായി ഫിഷറീസ് അധികൃതർ അറിയിച്ചു. ഇരുപതോളം പേരാണ് ഈ ബോട്ടുകളിലുള്ളതെന്നാണ് വിവരം. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ നാലു വീടുകൾ പൂർണമായി തകർന്നു. കൊടുങ്ങല്ലൂർ, ചാവക്കാട്, വാടാനപ്പള്ളി, കയ്പമംഗലം, പുന്നയൂർക്കുളം എന്നിവിടങ്ങളിലെ തീരദേശങ്ങളിൽ ആയിരക്കണക്കിന് വീടുകളാണ് വെള്ളക്കെട്ടിലായത്. ഇടുക്കി ഉപ്പുതറ കണ്ണംപടി വനമേഖലയിലെ മേമാരി ആദിവാസി കുടിയിൽ ആൽമരം കടപുഴകി കുടിലിനു മുകളിൽ വീണ് ഈട്ടിക്കൽ മനോഹരന്റെ മകൾ ഗീതു (നാലു മാസം) മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കോഴിക്കോട് ജില്ലയിലെ തീരദേശത്ത് വ്യാപക കടലാക്രമണമുണ്ടായി. ഒട്ടേറെപ്പേരെ മാറ്റിപ്പാർപ്പിച്ചു. വടകര അഴിത്തലയിൽനിന്നു മീൻപിടിക്കാൻ പോയ ഫൈബർ വള്ളം തിരിച്ചെത്തിയില്ല. ബുധനാഴ്ച വൈകീട്ട് കാറാഞ്ചേരി അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള 'തൗഫീഖ്' എന്ന വള്ളത്തിൽ പോയവരാണ് തിരിച്ചെത്താത്തത്. രക്ഷാപ്രവർത്തനത്തിന് നാവികസേനയുടെ സഹായം തേടി. മഹയുടെ സഞ്ചാരപഥം വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണി കോഴിക്കോട്ടുനിന്ന് പടിഞ്ഞാറു 325 കിലോമീറ്റർ ദൂരെ ലക്ഷദ്വീപിലെ അമിനി ദ്വീപിൽ തെക്കുകിഴക്കായി 40 കിലോമീറ്റർ അകലെ കാറ്റിന്റെ വേഗം ഇന്ന് മണിക്കൂറിൽ പരമാവധി 145 കിലോമീറ്റർ നാളെ 155 കിലോമീറ്റർ വരെ ഞായറാഴ്ച 170 കിലോമീറ്റർ തിങ്കളാഴ്ച 180 കിലോമീറ്റർ മീൻപിടിക്കാൻ വിലക്ക് ചുഴലിയുടെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോടുചേർന്ന കടൽപ്രദേശത്തിലൂടെ ചുഴലി കടന്നുപോകുന്നതിനാൽ കേരള, കർണാടക തീരത്ത് മീൻപിടിത്തം നിരോധിച്ചു. കടലിൽപ്പോയ മത്സ്യത്തൊഴിലാളികളെ തിരിച്ചുവിളിച്ചു. കടൽ അതിപ്രക്ഷുബ്ധമായി തുടരും. കടൽത്തീരത്ത് പോകരുത് കേരളതീരത്ത് 4.3 മീറ്റർവരെയും കർണാടക തീരത്ത് 4.8 മീറ്റർവരെയും തിരമാല ഉയരാൻ സാധ്യതയുള്ളതിനാൽ കടൽത്തീരത്ത് പോകുന്നത് ഒഴിവാക്കണം. തീരപ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 50 വരെയും ചിലയവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിൽ ശക്തമായ കാറ്റ് അനുഭവപ്പെടുമെന്നും അനുമാനിക്കുന്നു. മൂന്നു ജില്ലകളിൽ ഓറഞ്ച് ജാഗ്രത കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രതയും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ള ലക്ഷദ്വീപിൽ ചുവപ്പ് ജാഗ്രതയും നൽകി. Content Highlights:Cyclone Maha
from mathrubhumi.latestnews.rssfeed https://ift.tt/2PBp55G
via
IFTTT