Breaking

Friday, November 1, 2019

ആധുനികമാകട്ടെ കള്ളുഷാപ്പുകൾ-അമിക്കസ് ക്യൂറി

കൊച്ചി: കള്ളുഷാപ്പുകൾ മുഖംമിനുക്കി ജനസൗഹൃദകേന്ദ്രങ്ങളാക്കി മാറ്റണമെന്ന നിർദേശങ്ങളുമായി ഹൈക്കോടതിയിൽ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. കള്ളുഷാപ്പുകൾ സാമൂഹികവിരുദ്ധരുടെ കേന്ദ്രങ്ങളാണെന്ന പൊതുധാരണ മാറ്റാൻ ആധുനികവത്കരണത്തിന് നടപടി വേണമെന്നാണ് നിർദേശിക്കുന്നത്. ടോഡിപാർലറുകളും ഭക്ഷണശാലകളും വേറെവേറെയായി ഷാപ്പുകളിൽ സജ്ജീകരിക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ശൗചാലയ സൗകര്യമൊരുക്കണം. സൗകര്യങ്ങൾ വിലയിരുത്തി കള്ളുഷാപ്പുകളെ തരംതിരിക്കണം. പാർക്കിങ്ങിനും മാലിന്യസംസ്കരണത്തിനും പ്രത്യേകം സംവിധാനംവേണം. ഷാപ്പിലെ തൊഴിലാളികൾക്ക് യൂണിഫോംവേണം. ഇവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ലൈസൻസിയുടെ ചുമതലയാണ്. കള്ളുശേഖരിക്കുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് മൊബൈൽലാബ് സൗകര്യമുണ്ടാകണം. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും പ്രാതിനിധ്യംനൽകണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. കള്ളുഷാപ്പ് വീടിനടുത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനെതിരേ പട്ടാമ്പി സ്വദേശിനി വിലാസിനി നൽകിയ ഹർജിയിലാണ് അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട ആർ.ടി. പ്രദീപ് റിപ്പോർട്ട് നൽകിയത്. 2017- 2018- ലെ അബ്കാരിനയത്തിൽ പറയുന്നതുപോലെ ടോഡിബോർഡ് രൂപവത്കരിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. കള്ളുത്പാദനം, ശേഖരണം, വിതരണം എന്നിവയുടെ ചുമതല ടോഡി ബോർഡിനായിരിക്കണം. ചെത്തുതൊഴിലാളികളെ ബോർഡിനു കീഴിലാക്കണം. ഷാപ്പുകളിൽ മായംചേരാത്ത കള്ളും ഗുണനിലവാരമുള്ള ഭക്ഷണവും ലഭ്യമാകുന്നുണ്ടെന്ന് ബോർഡ് ഉറപ്പാക്കണം. തെങ്ങിൽനിന്ന് നീര ചെത്തിയെടുക്കാൻ പരിശീലനംലഭിച്ചവർക്ക് തൊഴിലില്ല. പുതിയ ചെത്തുകാരെ പരിഗണിക്കുമ്പോൾ ഇവർക്ക് മുൻഗണന വേണം. തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും ടോഡി ബോർഡിന്റെ കീഴിലാക്കണം. നല്ല വരുമാനം ഉറപ്പാക്കിയാൽ തൊഴിലില്ലാത്ത യുവാക്കളും ഇൗ രംഗത്തെത്തും. സംസ്ഥാനത്ത് ലൈസൻസുള്ള 5185 കള്ളുഷാപ്പുകളാണുള്ളത്. പനയിൽനിന്നും തെങ്ങിൽനിന്നുമെല്ലാം ഉൾപ്പെടെ സംസ്ഥാനത്ത് 2016-17 കാലയളവിൽ ലഭിച്ചത് 10,69,977 ലിറ്റർ കള്ളാണെന്നും റിപ്പോർട്ടിൽ പറയുന്നു. Content Highlights:toddy shops must be modernize- Amicus curiae


from mathrubhumi.latestnews.rssfeed https://ift.tt/36s7nIb
via IFTTT