Breaking

Friday, November 1, 2019

സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാൻ ബിൽ: അംഗങ്ങൾക്ക് ദുരുപയോഗഭീതി

തിരുവനന്തപുരം: ഹർത്താൽ, പ്രകടനങ്ങൾ, കലാപങ്ങൾ എന്നിവയ്ക്കിടെ സ്വാകാര്യസ്വത്ത് നശിപ്പിക്കുന്നവരെ ശിക്ഷിക്കാനും നഷ്ടപരിഹാരം നൽകാനുമുള്ള ബിൽ നിയമസഭ പരിഗണിച്ചു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ബില്ലിനെ സ്വാഗതംചെയ്തെങ്കിലും കർശനമായ വ്യവസ്ഥകളുള്ള ഈ ബിൽ നിയമമായാൽ ദുരുപയോഗം ചെയ്യപ്പെടുമെന്നും അത് രാഷ്ട്രീയപ്രവർത്തകർക്ക് ഭീഷണിയായി മാറുമെന്നും എം.എൽ.എമാർ ആശങ്ക പ്രകടിപ്പിച്ചു. ആരും പരിഭ്രമിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിക്ക് പകരം ബിൽ അവതരിപ്പിച്ച മന്ത്രി ജി.സുധാകരൻ പറഞ്ഞു. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഹർത്താലിലും കാലാപങ്ങളിലും പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്നതിനേ ഇതുവരെ പ്രത്യേക നിയമമുണ്ടായിരുന്നുള്ളൂ. സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാനും ഈ സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. ഇത് നിയമമാക്കാനുള്ള ബില്ലാണ് ഇപ്പോൾ പരിഗണിച്ചത്. ഭരണഘടനാപരമായ പരിരക്ഷ ജനങ്ങളുടെ സ്വത്തിനും വേണമെന്ന കാഴ്ചപ്പാടാണ് ഈ നിയമനിർമാണത്തിന് പിന്നിലെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഹർത്താലിന്റെയും പ്രകടനത്തിന്റെയും ഭാഗമായി സ്വകാര്യസ്വത്ത് നശിപ്പിച്ചാൽ അതിന് നേതൃത്വം നൽകുന്നവർക്ക് അഞ്ചുവർഷംവരെ തടവും പിഴയുമാണ് ശിക്ഷ. ജാമ്യത്തിൽ ഇറങ്ങണമെങ്കിൽ നശിപ്പിക്കപ്പെട്ട സ്വത്തിന്റെ മൂല്യത്തിന്റെ പകുതി കെട്ടിവെയ്ക്കണം. ഡെപ്യൂട്ടി കളക്ടറുടെ റാങ്കിലുള്ള ഉദ്യോഗസ്ഥൻ നൽകുന്ന റിപ്പോർട്ട് അനുസരിച്ചാണ് കോടതി നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. അക്രമത്തിന്റെ ഭാഗമായി തീവെപ്പോ സ്‌ഫോടനവസ്തുക്കളോ ഉപയോഗിച്ചാൽ ജീവപര്യന്തംവരെ ശിക്ഷ കിട്ടാം. അതിന് ജാമ്യവുമില്ല. ബില്ലിനെ സ്വാഗതംചെയ്യുന്നുവെങ്കിലും രാഷ്ട്രീയഎതിരാളികൾക്ക് ദുർവിനിയോഗം ചെയ്യാൻ തക്കവണ്ണം പഴുതുകളുള്ളതാണ് വ്യവസ്ഥകളെന്ന് ചർച്ചയിൽ സണ്ണിജോസഫ് പറഞ്ഞു. തന്റെ സ്വത്ത് നശിപ്പിച്ചുവെന്ന് ആരെങ്കിലും പരാതിപ്പെട്ടാൽ പൊതുപ്രവർത്തകർ കേസിൽ കുടുങ്ങും. ജാമ്യംകിട്ടാനുള്ള കർശനവ്യവസ്ഥകൾ ഒഴിവാക്കണമെന്ന് എം. ഉമ്മർ ആവശ്യപ്പെട്ടു. ഇത് ബൂർഷ്വാസി കൊണ്ടുവരേണ്ട നിയമമാണ്, കമ്യൂണിസ്റ്റുകാർ കൊണ്ടുവരേണ്ടതല്ല-ഉമ്മർ പറഞ്ഞു. ലോകത്ത് എല്ലാ നിയമങ്ങളും ദുരുപയോഗപ്പെടുത്താൻ സാധ്യതയുള്ളവയാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. രാഷ്ട്രീയഎതിരാളികൾ സ്വന്തംവീട് ആക്രമിച്ച ദുരന്താനുഭവം വിവരിച്ചാണ് പുതുമുഖങ്ങളായ വി.കെ. പ്രശാന്തും എം.സി. കമറുദ്ദീനും ചർച്ചയിൽ സംസാരിച്ചത്. ഇ.കെ. വിജയൻ, ടി.വി. എബ്രഹാം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2N1Pacx
via IFTTT