തിരുവനന്തപുരം: കിഫ്ബിക്ക് പണംകണ്ടെത്താൻ സർക്കാർ കൊണ്ടുവന്ന മസാലബോണ്ട് വഴി 2,150 കോടിരൂപ സമാഹരിച്ചതായി മന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയെ അറിയിച്ചു. മാർച്ച് 29-നാണ് ഈ പണം കിഫ്ബിയുടെ അക്കൗണ്ടിലെത്തിയത്. അഞ്ചുവർഷം കഴിയുമ്പോൾ മുതലുംപലിശയും ചേർത്ത് 3,195 കോടിരൂപ സർക്കാർ നൽകേണ്ടിവരും. മസാലബോണ്ട് വഴി സമാഹരിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച വിവരങ്ങൾ എല്ലാമാസവും റിസർവ് ബാങ്കിന് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ബോണ്ടുവഴി സമാഹരിച്ച തുക യൂണിയൻ ബാങ്ക്, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ആക്‌സിസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കൊടക് മഹീന്ദ്ര, വിജയ ബാങ്ക്, എസ്.ബി.ഐ. എന്നിവിടങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട്. കുറവ് തുക എസ്.ബി.ഐയിലും കൂടുതൽ തുക എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ., യൂണിൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലുമാണ്. കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയിലൂടെ 61.32 കോടിരൂപ സമാഹരിച്ചു. ഇതിന് പരസ്യയിനത്തിൽ 16.28 കോടിരൂപ ചെലവിട്ടു. ചിട്ടിയിലൂടെ ലഭിച്ച തുക കിഫ്ബിബോണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. ഒരുവർഷം പതിനായിരംകോടി രൂപ ചിട്ടിവഴി സമാഹരിക്കാനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതുവരെ 11,278 പേർ ചിട്ടിയിൽ ചേർന്നു. യു.എൻ. ഉപരോധമുള്ള രാജ്യങ്ങളിലൊഴികെ പ്രവാസിച്ചിട്ടി ആരംഭിച്ചിട്ടുണ്ടെന്ന് പി.കെ ബഷീറിനെ മന്ത്രി അറിയിച്ചു. മാർച്ച് 31-ന് 1848.71 കോടി രൂപയുടെ ബില്ലുകൾ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയിരുന്നതായി മന്ത്രി, എ.പി. അനിൽകുമാറിനെ അറിയിച്ചു. ഇതിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ 837.66 കോടിരൂപയുടെ ബില്ലുകളും ഉൾപ്പെടും. ഒക്ടോബർ 22-വരെ 1414.56 കോടിരൂപയുടെ ബില്ലുകൾ പാസാക്കി. ഇതിൽ 820.46 കോടിരൂപയുടെ ബില്ലുകൾ തദ്ദേശസ്ഥാപനങ്ങളുടെതാണെന്നും മന്ത്രി അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3243OEv
via
IFTTT