തൃശ്ശൂർ: അട്ടപ്പാടിയിൽ ഏറ്റുമുട്ടലിൽ മരിച്ച മാവോവാദി രമയ്ക്ക് വെടിയേറ്റത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന. റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴോ ഭക്ഷണം കഴിച്ച ഉടനെയോ വെടിയേറ്റെന്നാണ് കണ്ടെത്തൽ. ആമാശയത്തിലെ ഭക്ഷണാവശിഷ്ടങ്ങളിൽനിന്നാണ് ഈ നിഗമനത്തിലെത്തിയത്. ദഹിക്കാൻ വേണ്ട സമയത്തിനു മുമ്പേ വെടിയേറ്റിട്ടുണ്ടാകാം. രമയുടെ ശരീരത്തിൽ അഞ്ച് വെടിയുണ്ടകൾ ഉണ്ടായിരുന്നു. മണിവാസകത്തിന് വെടിയേറ്റതിനു പുറമേ ഇരുകാലുകളും ഒടിഞ്ഞിട്ടുണ്ടായിരുന്നു. ഇത് എങ്ങനെ സംഭവിച്ചതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായില്ല. വീഴ്ചയുടെ ലക്ഷണങ്ങളില്ലാത്തതിനാൽ മറ്റേതെങ്കിലും കാരണങ്ങൾ കൊണ്ടാകാം കാലുകൾ ഒടിഞ്ഞതെന്നാണു കരുതുന്നത്. ഇയാൾക്ക് തലയിലും വെടിയേറ്റിട്ടുണ്ട്.കാർത്തി, അരവിന്ദ് എന്നിവരുടെ ശരീരത്തിലേറ്റ വെടിയുണ്ട പോസ്റ്റ്മോർട്ടത്തിനിടെ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇരുവരുടെയും ശരീരത്തിൽ വെടിയുണ്ടയുണ്ടെന്ന് എക്സ്റേയിൽ തെളിഞ്ഞിരുന്നു. ഇവരും വെടിയേറ്റാണു മരിച്ചതെന്നാണു റിപ്പോർട്ടിലുള്ളത്. ഈ വെടിയുണ്ടകൾ പുറത്തെടുക്കാൻ ഇനി പ്രത്യേക പരിശോധനയുണ്ടാവില്ല. മണിവാസകം ഒഴികെ മറ്റു മൂന്നുപേർക്കുമേറ്റ വെടിയുണ്ടകളിൽ ഭൂരിഭാഗവും ശരീരത്തിന്റെ പിൻഭാഗത്താണ്.പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരിൽനിന്നു പോലീസ് മൊഴിയെടുത്തു. പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഫൊറൻസിക് നിഗമനങ്ങളുമാണ് അന്വേഷണ സംഘം ഡോക്ടർമാരോടു ചോദിച്ചറിഞ്ഞത്. നാലുപേരുടെയും മരണകാരണം വെടിയേറ്റാണെന്നു ഡോക്ടർമാർ അന്വേഷണ സംഘത്തോടു പറഞ്ഞു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ടു ദിവസത്തിനകം പോലീസിനു കൈമാറും.
from mathrubhumi.latestnews.rssfeed https://ift.tt/3214lXS
via
IFTTT