Breaking

Friday, November 1, 2019

വാളയാർ കേസ് വിധിന്യായം: കുറ്റപത്രത്തിൽ ആത്മഹത്യ, വിചാരണയിൽ കൊലപാതക സാധ്യത

പാലക്കാട്: വാളയാർ പീഡനക്കേസിൽ ഒമ്പതുവയസ്സുകാരിയായ ഇളയകുട്ടി തൂങ്ങി മരിച്ചതാണോ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന് ഉറപ്പിക്കാൻ അന്വേഷണ സംഘത്തിനായില്ലെന്ന് പോക്സോ കോടതി. രണ്ടാമത്തെ കുട്ടിയുടെ മരണത്തിൽ പ്രതിയായിരുന്ന ചേർത്തല സ്വദേശി പ്രദീപ്കുമാറിനെ വെറുതേവിട്ട് പാലക്കാട് പോക്സോ കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലാണ് അന്വേഷണത്തിലെ ഗുരുതരവീഴ്ചകളെക്കുറിച്ച് പരാമർശമുള്ളത്. 42 പേജുള്ള വിധിയിൽ കുട്ടിയുടെ മരണത്തിൽ പോസ്റ്റുമോർട്ടം നടത്തിയ പോലീസ് സർജൻ ഉന്നയിച്ച സംശയങ്ങൾക്ക് തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ലെന്നും കിട്ടിയ തെളിവുകൾ സംശയലേശമില്ലാതെ അവതരിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2017 ജനുവരി 13-ന് മൂത്തകുട്ടി മരിച്ച ശേഷം മാർച്ച് നാലിനാണ് ഒമ്പതുകാരിയായ ഇളയ പെൺകുട്ടിയെ കുടുംബം താമസിച്ചിരുന്ന ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ ഓരോ പ്രതികൾക്കുമായി വെവ്വേറെ കുറ്റപത്രങ്ങളാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നത്. തുടക്കം മുതൽ കുട്ടി ആത്മഹത്യചെയ്തതാണെന്ന് ഉറപ്പിക്കുന്ന തരത്തിലാണ് പോലീസ് അന്വേഷണം നടന്നതെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് വിധിന്യായത്തിലുള്ളത്. കുട്ടിയെ നിരന്തരം ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയതടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്. നിരന്തര പീഡനത്തെത്തുടർന്നാണ് കുട്ടി തൂങ്ങിമരിച്ചതെന്നും പറയുന്നു. കൊലപാതകവും ആകാമെന്ന് കോടതിയിൽ കുട്ടിമരിച്ചത് ആത്മഹത്യയാണെന്ന കുറ്റപത്രത്തിലെ നിലപാടിൽനിന്ന് പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് വ്യതിചലിക്കേണ്ടി വന്നത് കേസിന്റെ സ്ഥിതി ദുർബലമാക്കി. കൊലപാതക സാധ്യതയെ കുറിച്ചോ അതുസംബന്ധിച്ച വകുപ്പോ പ്രതിക്കെതിരേ ചുമത്തിയിരുന്നില്ല. ഇതിനാൽ, അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാട്മാറ്റം പ്രതിക്ക് അനുകൂലമായി. തറനിരപ്പിൽ നിന്ന് 246 സെന്റീമീറ്റർ ഉയരമുള്ള ഷെഡ്ഡിന്റെ കഴുക്കോലിൽ പെരുവിരൽ കുത്തി നിന്നാൽ പോലും 151 സെന്റീമീറ്റർ ഉയരമുള്ള കുട്ടി എങ്ങനെ തൂങ്ങിയെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം അന്വേഷണ സംഘത്തിനുണ്ടായില്ലെന്ന് വിധിന്യായം വ്യക്തമാക്കുന്നു. പ്രതി ധരിക്കാറുള്ള മുണ്ടിലാണ് കുട്ടി തൂങ്ങിമരിച്ചതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. എന്നാൽ, സംഭവം നടന്ന സമയത്ത് പ്രതി ഇത് ഉപയോഗിച്ചിരുന്നോ എങ്ങനെ കുട്ടിയുടെ മരണവുമായി ഈ തെളിവിനെ ബന്ധിപ്പിക്കാനാവും എന്ന കാര്യത്തിൽ പ്രോസിക്യൂഷന് വ്യക്തവരുത്താനായില്ലെന്നും വിധിന്യായം വ്യക്തമാക്കുന്നു. Content Highlights:Valayar rape case verdict


from mathrubhumi.latestnews.rssfeed https://ift.tt/2C30NJT
via IFTTT