Breaking

Friday, November 1, 2019

മഞ്ചക്കണ്ടി ഏറ്റുമുട്ടൽ: മൃതദേഹങ്ങൾ തിങ്കളാഴ്ച വരെ സംസ്കരിക്കരുതെന്ന് കോടതി

പാലക്കാട്: അഗളി മഞ്ചക്കണ്ടിയിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം നവംബർ നാലുവരെ സംസ്കരിക്കരുതെന്ന് ജില്ലാ കോടതി. കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാർത്തിയുടെയും ബന്ധുക്കൾ നൽകിയ അപേക്ഷയിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.പി. ഇന്ദിര ഉത്തരവിട്ടത്.സുപ്രീംകോടതി നിർദേശങ്ങൾ പാലിച്ചാണോ ഏറ്റുമുട്ടലും തുടർനടപടികളുമുണ്ടായതെന്നു പരിശോധിക്കാൻ ജില്ലാകോടതികൾക്ക് അധികാരമുണ്ട്. മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടലിൽ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ രണ്ടിന് റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷന് കോടതി നിർദേശം നൽകി.ബന്ധുത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ മൃതദേഹം വിട്ടുനൽകുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. ആനന്ദ് പറഞ്ഞു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുംവരെ മൃതശരീരം സംസ്കരിക്കരുത്, സുപ്രീംകോടതി നിർദേശപ്രകാരമുള്ള അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊല്ലപ്പെട്ട മണിവാസകത്തിന്റെ സഹോദരി സേലം രാമമൂർത്തി നഗർ ഓമല്ലൂരിലെ ലക്ഷ്മി, കാർത്തിയുടെ സഹോദരൻ പുതുക്കോട്ടൈ തിരുമയം കല്ലൂർ മണിക്കട്ടി സ്ട്രീറ്റിലെ മുരുകേശൻ എന്നിവർ വ്യാഴാഴ്ചയാണ് കോടതിയെ സമീപിച്ചത്.മൃതദേഹം കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ മധുരബെഞ്ചിനെ സമീപിച്ചതായും ഇവർ പറഞ്ഞു. അനുമതി നൽകിയിട്ടുണ്ടെന്നും വിധിപ്പകർപ്പ് ലഭിച്ചാലുടൻ ഇതുമായി പോലീസിനെ സമീപിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമെങ്കിൽ വീണ്ടും പോസ്റ്റുമോർട്ടത്തിനുള്ള സാധ്യത തേടുമെന്നും ബന്ധുക്കൾ പറഞ്ഞു. പൊതുപ്രവർത്തകൻ തുഷാർ നിർമൽ സാരഥിയും ഇവരോടൊപ്പമുണ്ടായിരുന്നു. മണിവാസകത്തിന്റെ സഹോദരി ലക്ഷ്മിക്കും കാർത്തിയുടെ സഹോദരൻ മുരുകേശനുംവേണ്ടി അഡ്വ. ആർ. സോയ ഹാജരായി.


from mathrubhumi.latestnews.rssfeed https://ift.tt/2BXcRwi
via IFTTT