Breaking

Friday, October 22, 2021

എസ്.എഫ്.ഐ.സംഘം എ.ഐ.എസ്.എഫ്.പ്രവർത്തകരെ ആക്രമിച്ചു

ഏറ്റുമാനൂർ : വ്യാഴാഴ്ച നടന്ന എം.ജി. സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പിലെ തർക്കത്തിൽ എസ്.എഫ്.ഐ.സംഘം, എ.ഐ.എസ്.എഫ്. പ്രവർത്തകരെ ആക്രമിച്ചു. നാല് എ.ഐ.എസ്.എഫ്. പ്രവർത്തകർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒരുമണിയോടെ കാമ്പസിനുള്ളിലെ സ്റ്റുഡൻറ്‌സ് യൂണിയൻ ഓഫീസിന്‌ സമീപമായിരുന്നു സംഘർഷം. സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പിൽ ജനറൽ കൗൺസിലിലേക്ക് എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് കൂടിയായ എസ്.ഷാജോ മത്സരിച്ചിരുന്നു. സെനറ്റിലേക്ക്‌ എസ്‌.എഫ്‌.ഐ. യെക്കൂടാതെ എ.ഐ.എസ്‌.എഫ്‌. മാത്രമാണ്‌ മത്സരിച്ചത്‌. കെ.എസ്‌.യു. വോട്ടിങ്ങിൽനിന്ന്‌ പിന്മാറിയിരുന്നു. വോട്ടിങ്ങിനായി എ.ഐ.എസ്.എഫ്. കൗൺസിലർമാർ യൂണിവേഴ്‌സിറ്റിയിൽ എത്തിയതോടെ പ്രകോപിതരായ എസ്‌.എഫ്‌.ഐ. ക്കാർ ആക്രമിക്കുകയായിരുന്നുവെന്ന്‌ എ.ഐ.എസ്‌.എഫ്‌. ആരോപിക്കുന്നു. മാറിനിന്ന് ഫോൺ ചെയ്തിരുന്ന സംസ്ഥാന കൗൺസിൽ അംഗം കൂടിയായ എ.സഹദിനെ എസ്.എഫ്.ഐ. സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ്. ആരോപിച്ചു. മറ്റുള്ളവർ ചേർന്ന് സഹദിനെ രക്ഷപ്പെടുത്തി. പോലീസ് സംഘം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സംസ്ഥാന ജോയിന്റ് സെക്രട്ടറികൂടിയായ ഋഷിരാജിന് നേരെയും ആക്രമണമുണ്ടായി.സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ അമൽ അശോകൻ, നിമിഷാ രാജു എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോേളജിൽ പ്രവേശിപ്പിച്ചു. എ.ഐ.എസ്‌.എഫ്‌. ‌പ്രവർത്തകരുടെ മൊഴിയനുസരിച്ച്‌ ഗാന്ധിനഗർ പോലീസ്‌ കേസെടുത്തു. എന്നാൽ, നേരിയ സംഘർഷാവസ്ഥ മാത്രമാണുണ്ടായതെന്നും എ.ഐ.എസ്.എഫിന്റെ നാല് കൗൺസിലർമാർ വോട്ടെടുപ്പിൽ പങ്കെടുത്തുവെന്നും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി എം.എസ്.ദീപക് പറഞ്ഞു. എസ്.എഫ്.ഐ. പ്രവർത്തകർ തന്നെ അസഭ്യം പറഞ്ഞതായും കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയതായും എ.ഐ.എസ്.എഫ്. വനിതാ നേതാവ് കോട്ടയം ജില്ലാ പോലീസ്‌ മേധാവിക്ക്‌ പരാതി നൽകി. ശാരീരികമായി അപകീർത്തിപ്പെടുത്തുമെന്ന്‌ ഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്‌.


from mathrubhumi.latestnews.rssfeed https://ift.tt/3GaDmOM
via IFTTT