വിഴിഞ്ഞം: കോട്ടുകാലിലെ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ റോഡിൽ തടഞ്ഞുനിർത്തി മർദിച്ചു. ആൾക്കൂട്ടത്തിൽ വച്ച് അടിയേറ്റതിന്റെ നാണക്കേടിൽ യുവതി വീട്ടിലെത്തി അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് കോട്ടുകാൽ എം.എസ്. നിവാസിൽ ശരത് മോഹനെ(35) വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച വൈകീട്ട് പുളിങ്കുടി ജങ്ഷനിലായിരുന്നു സംഭവം. ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന യുവതിക്കാണ് മർദനമേറ്റത്. ഇവർ ജോലി കഴിഞ്ഞു വീട്ടിലേക്കു വരുന്ന സമയത്ത് റോഡിൽ തടഞ്ഞുനിർത്തി ശരത് അസഭ്യം പറഞ്ഞു. ഇതു ചോദ്യംചെയ്തപ്പോൾ യുവതിയെ ആൾക്കൂട്ടത്തിനു മുന്നിൽവച്ച് ഇയാൾ മർദിക്കുകയായിരുന്നുവെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന ഇവരുടെയും വീട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു. എസ്.ഐ.മാരായ കെ.എൽ.സമ്പത്ത്, ജി.വിനോദ്, പോലീസുകാരായ അജിത്, കൃഷ്ണകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/3utEfwf
via
IFTTT