കൊല്ലം : അടച്ചിടൽകാലത്ത് ഈ അധ്യാപകൻ വിശ്രമിച്ചിട്ടേയില്ല. രാവിലെ 5.30-ന് ഉണരും. ആറുമണിയോടെ മുഖാവരണങ്ങളുമായി വീട്ടിൽനിന്നിറങ്ങും. കോളനികൾ, ആശുപത്രികൾ, പോലീസ് സ്റ്റേഷനുകൾ, കശുവണ്ടി ഫാക്ടറികൾ, പൊതുയിടങ്ങൾ, ഹാർബറുകൾ, സ്കൂളുകൾ തുടങ്ങി ആളുകളെ കാണുന്നയിടങ്ങളിലെല്ലാം വിതരണം ചെയ്യും. കോവിഡ് ബോധവത്കരണ ക്ലാസുകൾ നടത്തും. ജനതാകർഫ്യൂ ദിവസമായ മാർച്ച് 21 മുതൽ ഇതാണ് ശീലം. കൊല്ലം ശങ്കരമംഗലം ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾവിഭാഗം സാമൂഹികശാസ്ത്ര അധ്യാപകനും സ്റ്റുഡന്റ് പോലീസ് കാഡറ്റ് ചുമതലക്കാരനുമായ കുരീപ്പുഴ ഫ്രാൻസിസ് രണ്ടുലക്ഷത്തിലേറെ മുഖാവരണങ്ങളാണ് ഇതുവരെ സൗജന്യമായി വിതരണംചെയ്തത്. മുഖാവരണം നിർബന്ധമാക്കുംമുന്നെ ഇദ്ദേഹം ഈ സേവനം തുടങ്ങി. ദേശീയ അധ്യാപക അവാഡ് ജേതാവുകൂടിയാണ്. അടച്ചിടലിന്റെ ആദ്യദിവസങ്ങളിൽ ആഹാരംപോലും കഴിക്കാതെയായിരന്നു യാത്ര. മുഖാവരണങ്ങളുമായി ഇതുവരെ ബൈക്കിലും ഓട്ടോറിക്ഷയിലുമായി നാലായിരത്തോളം കിലോമീറ്റർ യാത്രചെയ്തു. എൽ.ഐ.സി. പോളിസി കാലാവധി തീർന്നപ്പോൾ കിട്ടിയ നാലുലക്ഷം രൂപയും കോവിഡ് സേവനങ്ങൾക്കുപയോഗിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25,000 രൂപയും നൽകി. ടി.വി.യില്ലാത്തതിനാൽ വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾ നഷ്ടപ്പെടുന്നതൊഴിവാക്കാൻ തന്റെ സ്കൂളിലെ ആറുകുട്ടികൾക്ക് കഴിഞ്ഞദിവസം ടി.വി.യും വാങ്ങിനൽകി. വീടിനടുത്തുള്ള മൂന്നു തയ്യൽതൊഴിലാളികളാണ് മുഖാവരണങ്ങൾ തുന്നിക്കൊടുക്കുന്നത്. തികയാതെ വന്നപ്പോൾ റെഡിമെയ്ഡ് മുഖാവരണങ്ങളും വാങ്ങി വിതരണം ചെയ്തു. സാനിറ്റൈസർ, സോപ്പ്, ഹാൻഡ് വാഷ് എന്നിവയും സൗജന്യമായി വിതരണംചെയ്യാറുണ്ട്. കഴിഞ്ഞ രണ്ടുതവണത്തെ പ്രളയത്തിനും കാലവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായും ഈ അധ്യാപകൻ പ്രവർത്തിച്ചിട്ടുണ്ട്. ശൂരനാട് ഗവ.എച്ച്.എസ്.എസിലെ പ്രധാനാധ്യാപിക വത്സലകുമാരിയാണ് ഭാര്യ. ഏക മകൻ നീരജ് സൂര്യ പ്ലസ്ടു വിദ്യാർഥിയാണ്. Content Highlights: Francis has distributed more than 200,000 face mask
from mathrubhumi.latestnews.rssfeed https://ift.tt/2BWpYRN
via
IFTTT