ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതിന്റെ വ്യക്തമായ സൂചനനൽകി സംസ്ഥാനസർക്കാർ. ജൂലായ് അവസാനത്തോടെ ഡൽഹിയിലെ രോഗികൾ അഞ്ചരലക്ഷമാവുമെന്ന് സമൂഹവ്യാപനം വിലയിരുത്തിയ ഉന്നതതലയോഗത്തിനുശേഷം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഡൽഹിയിൽ സമൂഹവ്യാപനമില്ലെന്നാണ് യോഗത്തിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ രോഗികളിൽ പകുതിപ്പേർക്കും വൈറസ് ബാധിച്ചത് എവിടെനിന്നാണെന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്ൻ വെളിപ്പെടുത്തി. ഇതു സമൂഹവ്യാപനമായി കരുതാനാവുമോ എന്നു ചോദിച്ചപ്പോൾ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നതുവരെ അതങ്ങനെയല്ലെന്നായിരുന്നു മറുപടി.ഈ മാസം അവസാനത്തോടെ ഡൽഹിയിലെ കോവിഡ് രോഗികൾ ഒരുലക്ഷമാവുമെന്ന് സർക്കാരിന്റെ വിദഗ്‌ധസമിതിയുടെ അധ്യക്ഷൻ ഡോ. മഹേഷ് വർമ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച ഉപമുഖ്യമന്ത്രി സിസോദിയയും ഇക്കാര്യം ആവർത്തിച്ചു. ഡൽഹി സർക്കാരിന്റെ കണക്കനുസരിച്ച് ജൂൺ 15-ന് രോഗികളുടെ എണ്ണം 44,000-ഉം 30-ന് ഒരു ലക്ഷവും ജൂലായ് 15-ന് 2.25 ലക്ഷവും 31-ന് അഞ്ചരലക്ഷവുമാവും. ജൂലായ് അവസാനത്തോടെ രോഗികളെ ചികിത്സിക്കാൻ 80,000 കിടക്കകൾ വേണ്ടിവരുമെന്നും സിസോദിയ മാധ്യമങ്ങളോടു പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്നതിലും അവരെ ചികിത്സിക്കാൻ മതിയായ കിടക്കകളില്ലാത്തതിലുമുള്ള ആശങ്ക ഡൽഹി സർക്കാർ ആവർത്തിച്ചു. കേന്ദ്രസർക്കാർ ആശുപത്രികളൊഴികെയുള്ളവയിൽ ചികിത്സ കുറച്ചുകാലത്തേക്ക് ഡൽഹിയിൽ താമസിക്കുന്നവർക്കുമാത്രമായി പരിമിതപ്പെടുത്തണമെന്ന ആവശ്യം ഉന്നതതലയോഗത്തിൽ ഉന്നയിച്ചതെങ്കിലും ഡൽഹി ലെഫ്റ്റന്റ് ഗവർണർ സമ്മതിച്ചില്ല.സാംക്രമികരോഗശാസ്ത്രമനുസരിച്ച് സമൂഹവ്യാപനമെന്നത് അണുബാധയുടെ മൂന്നാംഘട്ടമാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്ൻ പറഞ്ഞു. ഡൽഹിയിൽ ഇപ്പോൾ റിപ്പോർട്ടുചെയ്യുന്ന പുതിയ കോവിഡ് കേസുകളിൽ പകുതിയും എവിടെനിന്നു ബാധിച്ചെന്നു വ്യക്തമല്ല. വൈറസ് ബാധയുടെ ഉറവിടവും അറിയില്ല.- അദ്ദേഹം പറഞ്ഞു. ലെഫ്. ഗവർണർ ചൊവ്വാഴ്ച വൈകീട്ട് അടിയന്തരമായി സർവകക്ഷിയോഗം വിളിച്ച് കോവിഡ് സ്ഥിതിയെക്കുറിച്ചും വ്യാപനം തടയുന്നതിനെക്കുറിച്ചും ചർച്ച നടത്തിയത് ഡൽഹി സമൂഹവ്യാപനത്തിലേക്ക് പ്രവേശിച്ചതിന്റെ വ്യക്തമായ സൂചനയായി. ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം ചൊവ്വാഴ്ച 30,000 കടന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3f69FA0
via
IFTTT