കൊല്ലം: ഉത്ര വധക്കേസിൽ അഞ്ചൽ സി.ഐ. സുധീർ വീഴ്ച വരുത്തിയതായി പോലീസിന്റെ റിപ്പോർട്ട്. കേസിന്റെ പ്രാഥമിക ഘട്ടത്തിലെ തെളിവ് ശേഖരണത്തിൽ സി.ഐ. വീഴ്ച വരുത്തിയെന്നാണ് കൊല്ലം റൂറൽ എസ്.പി.യുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സി.ഐ.ക്കെതിരായ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. ഉത്ര വധക്കേസിന്റെ തുടക്കത്തിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചില്ലെന്നും തെളിവുകൾ കൈമാറുന്നത് വൈകിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ പരാതി നൽകിയതിന് പിന്നാലെ സി.ഐ. കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപണമുയർന്നിരുന്നു. കേസ് അന്വേഷണത്തിൽ സി.ഐ. അലംഭാവം കാണിച്ചതായി ഉത്രയുടെ കുടുംബവും ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തിൽ കൊല്ലം റൂറൽ എസ്.പി. അന്വേഷണം നടത്തിയത്. ഉത്ര കേസിൽ സി.ഐ.ക്കെതിരേ സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയകക്ഷികളും രംഗത്തുവന്നിരുന്നു. അതിനിടെ, കഴിഞ്ഞദിവസം അഞ്ചൽ ഇടമുളയ്ക്കലിൽ ദമ്പതിമാർ മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിടാൻ മൃതദേഹം വീട്ടിലേക്കെത്തിച്ചെന്നും സി.ഐ.ക്കെതിരേ പരാതി ഉയർന്നു. ഈ സംഭവത്തിൽ പുനലൂർ ഡി.വൈ.എസ്.പി.യുടെ അന്വേഷണം തുടരുകയാണ്. നേരത്തെ അഞ്ചൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ മറുനാടൻ തൊഴിലാളികളെ കൊണ്ട് സ്റ്റേഷനിൽ പണിയെടുപ്പിച്ചെന്നും സി.ഐ. സുധീറിനെതിരേ ആക്ഷേപമുണ്ടായിരുന്നു. തുടർച്ചയായി വിവാദങ്ങളിൽ ഉൾപ്പെട്ടതിനാൽ സി.ഐ. സുധീറിനെതിരേ വകുപ്പുതല നടപടിയുണ്ടാകാനാണ് സാധ്യത. Content Highlights: uthra murder case; kollam rural sp submitted report against anchal circle inspector
from mathrubhumi.latestnews.rssfeed https://ift.tt/2XFuKeF
via
IFTTT