Breaking

Wednesday, June 10, 2020

ഉത്തരകൊറിയ മുഴുപ്പട്ടിണിയിൽ, സഹായം എത്തിക്കണം - യു.എൻ. പ്രതിനിധി

ജനീവ: ഉത്തരകൊറിയയിൽ പട്ടിണിയും ക്ഷാമവും രൂക്ഷമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ധൻറെ റിപ്പോർട്ട്. കോവിഡ്-19 ബാധയെത്തുടർന്ന് അഞ്ചുമാസത്തോളമായി ചൈനയുമായുള്ള അതിർത്തി അടച്ചതും കർശനമായ നടപടികളുമാണ് രാജ്യത്തെ പട്ടിണിയിലാക്കിയത്. ''ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമവും പോഷകാഹാരക്കുറവും ഏറിവരികയാണ്. ആണവ-മിസൈൽ പരീക്ഷണങ്ങളുടെപേരിൽ ആ രാജ്യത്തിനുമേൽ ചുമത്തിയിട്ടുള്ള ഉപരോധം അവസാനിപ്പിച്ച് അടിയന്തരമായി ഭക്ഷണവിതരണം ഉറപ്പാക്കാൻ യു.എൻ. രക്ഷാകൗൺസിൽ തയ്യാറാവണം'' -ഉത്തരകൊറിയയിലെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്ന യു.എന്നിന്റെ പ്രത്യേക പ്രതിനിധി തോമസ് ഓജ ക്വിന്റാന ആവശ്യപ്പെട്ടു. ഉത്തരകൊറിയ ഇതുവരെ കോവിഡ് വൈറസ് ബാധ പുറത്തുവിട്ടിട്ടില്ല. എന്നാൽ വൈറസ് രാജ്യത്തിന്റെ സാമ്പത്തികമേഖല പാടെ തകർത്തതായി ക്വിന്റാന പറയുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചൈനയുമായുള്ള വ്യാപാരത്തിൽ 90 ശതമാനമാണ് കുറഞ്ഞത്. വലിയ നഗരങ്ങളിൽ വീടില്ലാത്തവരുടെ എണ്ണം വർധിക്കുന്നു. മരുന്നുവില കുത്തനെ കൂടുന്നു. ദിവസം രണ്ടുനേരം മാത്രം ഭക്ഷണം കഴിക്കുന്ന കുടുംബങ്ങൾ കൂടുന്നു. കുട്ടികളുടെ അവസ്ഥ പരിതാപകരമാണ്. പലർക്കും ചോളം മാത്രമാണ് കഴിക്കാനുള്ളത്. ചിലരാവട്ടെ പട്ടിണിയിലുമാണ്. രാജ്യത്ത് നിയന്ത്രണങ്ങളില്ലാതെ മാനുഷികസഹായമെത്തിക്കാനാവണം. മരുന്നുകളും എത്തിക്കണം. രാജ്യത്തെ 40 ശതമാനംപേരും അതായത് ഒരുകോടിക്കുമേലുള്ള ആൾക്കാർ പട്ടിണിയിലാണെന്നാണ് യു.എൻ. കണക്കുകൂട്ടുന്നത്. Content Highlights: UN expert says some are starving in North Korea


from mathrubhumi.latestnews.rssfeed https://ift.tt/30pDNCe
via IFTTT