Breaking

Saturday, June 6, 2020

തങ്ങളും പൂജാരിയും ചേർന്നൊരു ‘മൈത്രി’ നട്ടു

മലപ്പുറം: മലപ്പുറത്തിന്റെ ഒത്തനടുക്ക്, കുന്നുമ്മൽ ത്രിപുരാന്തക ക്ഷേത്രമുറ്റത്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പൂജാരി മണികണ്ഠൻ എമ്പ്രാന്തിരിയും ചേർന്ന് ഒരു തൈ നട്ടു. സൗഹൃദത്തിന്റെ തണലും സഹവർത്തിത്വത്തിന്റെ ഫലവുമുണ്ടാവുമെന്ന പ്രതീക്ഷയോടെ. അവർ അതിനൊരു പേരുമിട്ടു, 'മൈത്രി'. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് മതമൈത്രിയുടെ സന്ദേശം പകർന്ന മരംനടീൽ. സപ്പോട്ടയല്ല; ഇത് മൈത്രി നട്ടത് സപ്പോട്ട തൈ ആണെങ്കിലും അവരതിന് 'മൈത്രി' എന്നാണ് പേരിട്ടത്. മുനവ്വറലി തങ്ങൾ മണ്ണിലുറപ്പിച്ച ആ സ്വപ്നമരത്തിന് മണികണ്ഠൻ എമ്പ്രാന്തിരി ആദ്യ തീർഥജലം പകർന്നു. രാവിലെ എട്ടുമണിയോടെയാണ് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻകൂടിയായ മുനവ്വറലി തങ്ങൾ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾക്കൊപ്പം തൈയുമായി ക്ഷേത്രാങ്കണത്തിൽ എത്തിയത്. ക്ഷേത്രപരിസരത്ത് മരം നടാൻ രണ്ടുനാൾ മുമ്പുതന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അമ്പലക്കമ്മിറ്റി സന്തോഷത്തോടെ അനുമതി നൽകി. ചെയർമാൻ സുരേഷ് സിംസ് മുനവ്വറലി തങ്ങളെ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. 'മൈത്രി'ക്ക് പുറമെ ക്ഷേത്രഭാരവാഹികൾ ഒരു റമ്പൂട്ടാൻ തൈകൂടി നട്ടു. വ്യാഴാഴ്ച മലപ്പുറം സെയ്ന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിൽ ഫാ. കെ.എസ്. ജോസഫ്, പാണക്കാട് സാദിഖലി തങ്ങൾ എന്നിവർ ചേർന്നും മരം നട്ടിരുന്നു. ഇതൊരു സന്ദേശം മലപ്പുറത്തെ അപകീർത്തിപ്പെടുത്താൻ പലരും ശ്രമിക്കുന്ന സമയത്ത് ഇതൊരു സന്ദേശമാണ്. മതം നോക്കാതെ ഒരുമിച്ചുനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യലാണ് മലപ്പുറത്തിന്റെ മാതൃക. -പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സൗഹൃദം നിലനിർത്താൻ വളരെ സന്തോഷത്തോടെയാണ് ഈ മരം നട്ടത്. എല്ലാ മതസ്ഥരും സൗഹാർദത്തിൽ ജീവിക്കുന്ന നാടാണ് മലപ്പുറം. ഉത്സവം നടത്താൻവരെ നാട്ടുകാർ ഒന്നിച്ചുനിൽക്കുന്നു. ഈ സൗഹൃദം എന്നുമെന്നും നിലനിർത്താനാണ് ശ്രമം. - മണികണ്ഠൻ എമ്പ്രാന്തിരി, ത്രിപുരാന്തക ക്ഷേത്രം പൂജാരി Content Highlight: Thangal and poojari planted tree


from mathrubhumi.latestnews.rssfeed https://ift.tt/2XCP2pm
via IFTTT