Breaking

Tuesday, June 9, 2020

യെദിയൂരപ്പ ഞെട്ടി, സംസ്ഥാന പട്ടിക തള്ളി കേന്ദ്രനേതൃത്വം രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ബെംഗളൂരു: ബി.ജെ.പി. കർണാടക ഘടകത്തെ ഞെട്ടിച്ച് രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചു. സംസ്ഥാന നേതൃത്വം നിർദേശിച്ച പേരുകൾ തള്ളി ബെലഗാവിയിൽ നിന്നുള്ള ഈരണ്ണ കഡദി, റായ്ച്ചൂരിൽനിന്നുള്ള അശോക് ഗസ്തി എന്നിവരെയാണ് കേന്ദ്രനേതൃത്വം സ്ഥാനാർഥികളാക്കിയത്. ഈരണ്ണ ലിംഗായത്ത് നേതാവും ബി.ജെ.പി. ബെലഗാവി ജില്ലാ മുൻ അധ്യക്ഷനുമാണ്. അശോക് ഗസ്തി ബി.ജെ.പി.യിലെ പിന്നാക്കവിഭാഗനേതാവാണ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീൽ, മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ എന്നിവർ അംഗീകരിച്ച പട്ടികയിലെ ആരെയും കേന്ദ്രനേതൃത്വം പരിഗണിച്ചില്ല. മുതിർന്ന നേതാക്കളായ പ്രകാശ് ഷെട്ടി, പ്രഭാകർ കോറ, രമേശ് കട്ടി എന്നിവരെയാണ് സംസ്ഥാനനേതൃത്വം നിർദേശിച്ചത്. മൂന്നുപേരെയും തള്ളിയാണ് കേന്ദ്രനേതൃത്വം അപ്രതീക്ഷിതമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം കഴിയാനിരിക്കെയാണ് കേന്ദ്രത്തിന്റെ മാസ്റ്റർ സ്ട്രോക്ക് നീക്കം. ഇത് വരുംദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ വിഭാഗീയത രൂക്ഷമാക്കിയേക്കും. എട്ട് തവണ എംഎൽഎ ആയിട്ടും മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ഉമേഷ് കട്ടിയെ അനുനയിപ്പിക്കുന്നതിനായാണ് അദ്ദേഹത്തിന്റെ സഹോദരനെ സംസ്ഥാനനേതൃത്വംരാജ്യസഭാ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇദ്ദേഹം താമസിക്കുന്ന ബെലഗാവിയിൽ നിന്നുള്ള ജില്ലാ നേതാവാണ് ഇപ്പോൾ കേന്ദ്രം അംഗീകരിച്ച സ്ഥാനാർഥികളായിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. അതേസമയം പാർട്ടിയുടെ താഴേത്തട്ടിലുള്ളവരും ഇപ്പോൾ തിരിച്ചറിയപ്പെട്ട് തുടങ്ങിയിരിക്കുന്നുവെന്നാണ് ഉപമുഖ്യമന്ത്രി സി.എൻ. അശ്വന്ത്നാരായൺ പറയുന്നത്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഇത് മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നും അദ്ദേഹം പറയുന്നു. ബി.ജെ.പി.ക്ക് 117 നിയമസഭാംഗങ്ങളുടെ പിന്തുണയുള്ളതിനാൽ രണ്ടുപേരുടെ വിജയം ഉറപ്പാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽനിന്നുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോഴും പാർട്ടി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുത്തപ്പോഴും കൈക്കൊണ്ടതരത്തിലുള്ള അപ്രതീക്ഷിതനീക്കമാണ് രാജ്യസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി. ദേശീയനേതൃത്വം സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രനേതൃത്വത്തിന്റെ പുതിയ തീരുമാനത്തിൽ മുഖ്യമന്ത്രി യെദിയൂരപ്പ ഞെട്ടിപ്പോയെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. സംസ്ഥാന നേതൃത്വം നിർദ്ദേശിച്ച പേരുകൾ കേന്ദ്രം വെട്ടുമെന്ന് യെദിയൂരപ്പയ്ക്ക് ചില വിവരങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. സംസ്ഥാനം നിർദ്ദേശിച്ചതിന് പുറമെ വേറെ പേരുകൾ ഉണ്ടെങ്കിൽ അറിയിക്കാൻ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് യെദിയൂരപ്പ തന്റെ ജിയോളജിക്കൽ സെക്രട്ടറി ശങ്കരഗൗഡ പാട്ടീലിന്റെ പേരും മുന്നോട്ട് വച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ പറയുന്നു. കേന്ദ്രം നിശ്ചയിച്ച സ്ഥാനാർഥികളിലൊരാളായ ഈരണ്ണ കഡദി കുറച്ചു ദിവസങ്ങൾക്ക് മുമ്പ് യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയിലെ തന്റെ സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ബോർഡുകളിലേതിലെങ്കിലും ചെയർമാൻ സ്ഥാനം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിരുന്നില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം വരുന്നതെന്നതാണ് ശ്രദ്ധേയം. സംസ്ഥാന നേതൃത്വത്തെ പോലും അറിയിക്കാതെ ജില്ലാ നേതാക്കളെ എങ്ങനെ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ എത്തിച്ചത് ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷാണെന്നാണ് വിവരം. ഈരണ്ണ കഡദിയും അശോക് ഗസ്തിയും ഇദ്ദേഹവുമായി അടുപ്പം പുലർത്തുന്നവരാണ്. വരും ദിനങ്ങളിൽ പാർട്ടിക്കുള്ളിലെ വിഭാഗീയ- വിമത നീക്കങ്ങൾ ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ പരിണിത ഫലം കാത്തിരിക്കുകയാണ് പ്രതിപക്ഷവും. Content Highlights:BJP Picks for Rajya Sabha Polls in Karnataka a Surprise for Many, Snub for Yediyurappa


from mathrubhumi.latestnews.rssfeed https://ift.tt/2XHNmL7
via IFTTT