ലണ്ടൺ: ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബംഗാളിലെ ആദ്യത്തെ ഗവർണറായിരുന്ന റോബർട്ട് ക്ലൈവിന്റെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബ്രിട്ടണിൽ ഒരുസംഘം ആളുകൾ. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഷ്രൂസ്ബെറിയിലാണ് റോബർട്ട് ക്ലൈവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. വർണവിവേചനത്തിനെതിരായ സമരത്തിനിടെ ബ്രിസ്റ്റോളിലുണ്ടായിരുന്ന അടിമ വ്യാപാരി എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ പ്രക്ഷോഭകർ തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു ആവശ്യം ഉയർന്നുവന്നിരിക്കുന്നത്. ഓൺലൈൻ പെറ്റീഷൻ സൈറ്റായ ചേഞ്ച് ഡോട്ട് ഓർഗിലാണ് ഇത്തരമൊരു ആവശ്യം ഉയർന്നിരിക്കുന്നത്. നിലവിൽ 1700 പേരോളം ഇതിൽ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ. ഷ്രോസ്ഫൈർ കൗണ്ടി കൗൺസിലിനെ അഭിസംബോധന ചെയ്താണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 18-ാം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലെ പലഭാഗങ്ങളിലും നിയന്ത്രണം നേടിയ സമയത്ത് ബംഗാൾ പ്രസിഡൻസിയുടെ ഗവർണറായിരുന്നു റോബർട്ട് ക്ലൈവ്. തുടർന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആദ്യവർഷങ്ങളിൽ ബംഗാളിനെ കൊള്ളയടിച്ചതിൽ ക്ലൈവിന്റെ പങ്ക് നിവേദനത്തിൽ എടുത്ത് പറയുന്നുണ്ട്. ഒരു ജനതയെ നശിപ്പിക്കുകയും നിരപരാധികളെ തന്റെ നിഷ്ഠൂരമായ ആജ്ഞകൾ കൊണ്ട് പീഡിപ്പിക്കുകയും ചെയ്ത മനുഷ്യനെ അനുസ്മരിപ്പിക്കുന്ന ഒരു പ്രതിമയെന്നത് കുറ്റകരവും ലജ്ജാകരവുമാണെന്ന് നിവേദനത്തിൽ പറയുന്നു. അയാൾ അടിച്ചമർത്തലിന്റെയും വെളുത്തവന്റെ അപ്രമാദിത്വത്തിന്റെയും പ്രതീകമല്ലാതെ മറ്റൊന്നുമല്ല. ബോധപൂർവമോ അല്ലാതെയോ ആകട്ടെ ഇക്കാര്യം നൂറുകണക്കിന് വർഷങ്ങളായി ഷ്രൂസ്ബെറി ടൗൺ സെന്റർ ആഘോഷിക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. നിവേദനം പരിഗണിച്ച് വിഷയത്തിൽ ക്ലൈവിന്റെ ചരിത്രം പരിഗണിച്ച് ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പ്രദേശിക ഭരണകൂടത്തിന്റെ തീരുമാനം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മികച്ച സംഭാവന ചെയ്ത ആളുകളെ തങ്ങൾ ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്യും. ചില ആളുകൾക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ എല്ലാ ഓർമകളും ഇല്ലാതാക്കാൻ ആഗ്രഹമുണ്ട്. എന്നാൽ നിരവധി വലിയ കാര്യങ്ങൾ സാമ്രാജ്യത്വത്തിന്റെ കാലത്തുണ്ടായിരുന്നുവെന്നും പ്രദേശത്ത് നിന്നുള്ള എംപിയായ ഡാനിയേൽ കോസിൻസ്കി പറയുന്നു. 1757ലെ പ്ലാസിയുദ്ധം, 1765ലെ അലഹബാദ് ഉടമ്പടി തുടങ്ങി രണ്ട് സുപ്രധാന സംഭവങ്ങളിലാണ് റോബർട്ട് ക്ലൈവിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഷ്രോസ്ഫൈറിലെ ഡ്രേട്ടണിൽ ജനിച്ച റോബർട്ട് ക്ലൈവ് 1743ലാണ് ഇന്ത്യയിലേക്ക് എത്തുന്നത്. 1774ലാണ് ഇദ്ദേഹം മരിക്കുന്നത്. അതൊരു ആത്മഹത്യയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. Content highlights:"Symbol Of Colonialism": Petition To Remove "Clive of India" Statue In UK
from mathrubhumi.latestnews.rssfeed https://ift.tt/3h1UxFA
via
IFTTT