Breaking

Tuesday, June 9, 2020

കേരളം ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് അവർ കരുതി, ശബരിമല ആവര്‍ത്തിക്കാമെന്നും- കടകംപള്ളി

തിരുവനന്തപുരം : കേന്ദ്രനിർദേശത്തെ എതിർത്ത്സംസ്ഥാന സർക്കാർ ക്ഷേത്രങ്ങൾ തുറക്കില്ലെന്ന് ചിലർ കരുതിയെന്നും അതിലൂടെ ശബരിമല ആവർത്തിച്ചു കളയാമെന്ന് ഉന്നംവെച്ചെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മതമേലധ്യക്ഷൻമാരും മത നേതാക്കളും വിവിധ ദേവസ്വം ബോർഡുകളുടെ ഭാരവാഹികളും തന്ത്രി മണ്ഡലം പ്രതിനിധികളും തന്ത്രി സമാജം പ്രതിനിധികളുമായും ചേർന്ന വിശദമായ ചർച്ചക്കു ശേഷമാണ് സർക്കാർ തീരുമാനമെടുത്തതെന്നും കടകംപള്ളി പറഞ്ഞു. ആരാധനാലയങ്ങൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ കേന്ദ്രസഹമന്ത്രി വി മുരളീധരനടക്കം രംഗത്തു വന്നതിനെത്തുടർന്നാണ് കടകംപള്ളിയുടെ പ്രതികരണം. കേന്ദ്രസർക്കാർ കോവിഡുമായി ബന്ധപ്പെട്ടിറക്കിയ ഉത്തരവുകൾ വി മുരളീധരൻ വായിച്ചു മനസ്സിലാക്കണമെന്നും മെയ്മാസത്തിലെയും ജൂൺമാസത്തിലെയും ഉത്തരവുകൾ വായിച്ചു നോക്കാനുള്ള മര്യാദ കാണിച്ചു വേണം കൊച്ചു കേരളത്തിന്റെ പുറത്ത് കുതിരകയറാനെന്നും കടകംപള്ളി വിമർശിച്ചു. ബിവറേജസ് തുറക്കാമെങ്കിൽ, ഷോപ്പിങ് മാൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങൾ തുറന്നു കൂടെ എന്നാണ് ഇവരെല്ലാം മുമ്പ് ചോദിച്ചതെന്നും കടകംപള്ളി ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം കടകംപള്ളിയുടെ വാക്കുകൾ ഇളവ് അനുവദിക്കുന്ന പട്ടികയുടെ കൂട്ടത്തിൽ ആരാധനലായങ്ങൾ തുറക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനമുണ്ടായത്കഴിഞ്ഞ 30നാണ്. എന്നാൽ അത് കണ്ട ഉടനെ ധൃതി പിടിച്ച് ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം കേരളം കൈക്കൊണ്ടിട്ടില്ല. പകരം വിവിധ മതമേധാവികളുമായി ചേർന്ന് ചർച്ച നടത്തുകയാണുണ്ടയാത്. നാലാം തീയ്യതി മതമേലധ്യക്ഷൻമാരും മത നേതാക്കളും വിവിധ ദേവസ്വം ബോർഡുകളുടെ ഭാരവാഹികളും തന്ത്രി മണ്ഡലം പ്രതിനിധികളും തന്ത്രി സമാജം പ്രതിനിധികളുമായും വിവിധ ഘട്ടങ്ങളിലായി വിശദമായ ചർച്ച നടന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറിയെയും എസ്എൻഡിപി ജനറൽ സെക്രട്ടറിയെയും വീഡിയോ കോൺഫറൻസിന് മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. അസുഖബാധിതനായതിനാൽ എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി സർക്കാർ എടുക്കുന്ന തീരുമാനങ്ങൾക്ക്പിന്തുണ അറിയിക്കുകയാണ് ചെയ്തത്. എൻഎസ്എസ് ജനറൽ സെക്രട്ടറിയാവട്ടെ എൻഎസ്എസ്സിന്റെ നിലപാട് അറിയാമല്ലോ എന്ന ഒറ്റവാക്യം പറഞ്ഞ് വീഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുക്കാതിരിക്കുകയാണ് ചെയ്തത്. ക്ഷേത്രചുമതലയുള്ള ദേവസ്വബോർഡ് ആളുകൾ, മതമേലധ്യക്ഷൻമാർ, തന്ത്രിസമാജം എന്നിവയുമായൊക്കെ ചർച്ച നടത്തി. തുറക്കുന്നെങ്കിൽ എന്ന് തുറക്കണം, എങ്ങനെ തുറക്കണം എന്ന് വളരെ സമഗ്രമായ രീതിയിലുള്ള കൂടിയാലോചനകൾ നടത്തിയാണ് തീരുമാനം കൈക്കൊണ്ടത്. കേന്ദ്രസർക്കാരാവട്ടെ ആരാധനാലയങ്ങൾ തുറക്കേണ്ടുന്ന മാർഗനിർദേശങ്ങൾ ഉൾക്കൊള്ളിച്ച് നാലാം തീയ്യതി തുടർവിജ്ഞാപനവുമിറക്കി. അതിന്റെ കൂടി പശ്ചത്തലത്തിലാണ് കേരളം തീരുമാനം കൈക്കൊണ്ടത്. ഇത് മുരളീധരന് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ മഹാ കഷ്ടമെന്നേ അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് പറയാനാവൂ. കേന്ദ്രമന്ത്രിസഭാ യോഗത്തിൽ സഹമന്ത്രിക്ക് പങ്കെടുക്കാനാവില്ലെന്ന് അറിയാം. കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്ന മന്ത്രിമാരോട് എന്താണ് തീരുമാനം എന്ന് ചോദിക്കാനുള്ള മര്യാദയോ ശ്രമമോ അദ്ദേഹം നടത്തണ്ടേ. നമ്മുടെ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യമാണ് തുറക്കുന്നതു വരെ എതിർക്കുന്നവർ ഉന്നയിച്ചതായി കണ്ടിട്ടുള്ളത്. എന്തുകൊണ്ട് തുറക്കുന്നില്ല എന്ന ചാനൽ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചവരാണ് ബിജെപി നേതാക്കളിൽ അധികവും. ബിവറേജസ് തുറക്കാമെങ്കിൽ ആരാധനാലയങ്ങൾ തുറന്നു കൂടെ , ഷോപ്പിങ് മാൾ തുറക്കാമെങ്കിൽ ആരധനാലയങ്ങൾ തുറന്നു കൂടെ എന്നാണ് ഇവരെല്ലാം മുമ്പ് ചോദിച്ചത്. സംസ്ഥാന സർക്കാർ ഇളവുകൾ നൽകുന്നുണ്ടെങ്കിലും കർശന നിലപാടുകൾ സ്വീകരിക്കുന്നതിൽ വിട്ടുവീഴ്ചയില്ല ഇവിടെ. കേന്ദ്രസർക്കാരിന്റെ നിഷ്കർഷയേക്കാൾ വലിയ നിഷ്കർഷകളാണ് സംസ്ഥാനം ഇക്കാര്യത്തിൽ മുന്നോട്ടുവെച്ചത്. പാളയം മഹല്ല് കമ്മറ്റി കൂടി പാളയം പള്ളി തുറക്കുന്നില്ലെന്ന് തീരുമാനിച്ചു. കോഴിക്കോട് മഹല്ല് കമ്മറ്റി കൂടി മുസ്ലിം ദേവാലയങ്ങൾ തുറക്കുന്നില്ലെന്ന് തീരുമാനിച്ചു. അങ്കമാലി രൂപത പള്ളികൾ തുറക്കുന്നില്ലെന്ന് തീരുമാനിച്ചു. ചില ക്ഷേത്രങ്ങൾ ഭരണ സമിതി കൂടി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തുറക്കുന്നില്ലെന്ന് തീരുമാനിച്ചു. അതിനെയെല്ലാം സർക്കാർ സ്വാഗതം ചെയ്യുകയാണുണ്ടായത്. തുറക്കണമെന്ന നിർബന്ധ ബുദ്ധി സർക്കാരിനില്ല. രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക അന്തരീക്ഷത്തിൽ കേന്ദ്രസർക്കാർ നിർദേശങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തത്. കേന്ദ്രസർക്കാർ കോവിഡ് വിഷയത്തിൽ പുറപ്പടുവിച്ച മിക്ക ഉത്തരവുകളും സംസ്ഥാനം നടപ്പാക്കി. മെഴുകുതിരി കത്തിച്ചു. പാട്ട കൊട്ടി. അത്തരത്തിൽ കേന്ദ്രത്തിന് സംസ്ഥാനവും പിന്തുണ കൊടുക്കുകയാണ് ചെയ്തത്. നിലവിലെ പ്രതികരണങ്ങൾ കാണുമ്പോൾ 30ന്റെ കേന്ദ്രസർക്കാർ തീരുമാനം വന്നപ്പോൾ തുറക്കുന്നില്ല എന്ന തീരുമാനമാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നതെന്ന് ഇവർ പ്രതീക്ഷിച്ചോ എന്നാണ് ന്യായമായും സംശയിക്കേണ്ടത്. അമ്പലങ്ങൾ എന്തുകൊണ്ട് തുറക്കുന്നില്ല എന്നും ബലം പ്രയോഗിച്ച് തുറന്നു കയറും എന്ന മട്ടിലാണ് കോൺഗ്രസ്സ് നേതാവ് മുരളീധരൻ മുമ്പ് പറഞ്ഞത്. സമൂഹ വ്യാപനത്തെ ഭയന്ന് സർക്കാർ അമ്പലങ്ങൾ തുറക്കില്ലെന്ന ഇവർ ധരിച്ചു. അങ്ങനെയെങ്കിൽ ശബരിമല ആവർത്തിച്ചുകളയാമെന്നും ഇവർ ഉന്നവെച്ചു. സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് കേന്ദ്രനിർദേശം പാലിക്കുന്നതോടൊപ്പം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. ഒരു സമയം 50 പേർ മാത്രം തിരുമുറ്റത്ത്, വെർച്ച്വൽ ക്യൂ, സാനിറ്റൈസേഷൻ തുടങ്ങീ കർശന ഉപാധികളും അമ്പലങ്ങളുടെ കാര്യത്തിലും നടപ്പാക്കിയിട്ടുണ്ട്. content highlights:kadakampally surendran Criticises V Muraleedharana and K Muraleedharan on temple opening controversy


from mathrubhumi.latestnews.rssfeed https://ift.tt/2YiQHzc
via IFTTT