തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ അവസാനം രണ്ടുഘട്ടങ്ങളിലായി നടക്കും. കോവിഡ് രോഗബാധ തുടരുകയാണെങ്കിൽ പ്രോട്ടോക്കോൾ പാലിച്ചും മുൻകരുതലുകളെടുത്തും വോട്ടെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന. നവംബർ 12-നുമുമ്പ് പുതിയ ഭരണസമിതി ചുമതലയേൽക്കേണ്ടതിനാൽ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനാവില്ല. സെപ്റ്റംബറിൽ വിജ്ഞാപനം പുറത്തിറക്കാനാണ് ലക്ഷ്യം. വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സമയക്രമം ശനിയാഴ്ച തീരുമാനിക്കും. പട്ടിക പ്രസിദ്ധീകരിക്കാൻ ഏതാനും ദിവസത്തെ ജോലിമാത്രമേ ശേഷിക്കുന്നുള്ളൂ. പട്ടികയിൽ പേരുചേർക്കാനുള്ള അപേക്ഷകരിൽ ഇരട്ടിപ്പുണ്ട്. ഇത് ഒഴിവാക്കിയും തെറ്റുകൾ തിരുത്തിയുമാണ് പ്രസിദ്ധീകരിക്കുക. വീണ്ടും പിഴവുകൾ കണ്ടെത്തിയാൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൂർണമായും തിരുത്തും. പേരുചേർക്കാൻ ഒരിക്കൽക്കൂടി അവസരമുണ്ട്. തിരഞ്ഞെടുപ്പിന് നാലരമാസത്തിലേറെയുണ്ട്. അപ്പോഴേക്കും കോവിഡ് ഭീതി മാറുമെന്നാണ് കരുതുന്നത്. കോവിഡ് ഒഴിഞ്ഞിട്ട് നടത്താനിരുന്നാൽ സമയത്ത് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകില്ലെന്നാണ് വിലയിരുത്തൽ. 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടിക പുതുക്കിയാണ് ഉപയോഗിക്കുന്നത്. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് രണ്ടുദിവസത്തെ ഇടവേളകളിലാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ പറഞ്ഞു. ഓരോ ഘട്ടത്തിലും ഏഴു ജില്ലകൾക്കുവീതമാണ് വോട്ടെടുപ്പ്. സംവരണവാർഡുകളിലെല്ലാം മാറ്റമുണ്ടാകും. മട്ടന്നൂർ നഗരസഭയിൽ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകാത്തതിനാലാണ് അവിടെ തിരഞ്ഞെടുപ്പ് നടത്താത്തത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടക്കേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്നുവെച്ചു. തിരഞ്ഞെടുപ്പ് നടക്കുന്നത് ജില്ലാ പഞ്ചായത്ത് 14 ബ്ലോക്ക് പഞ്ചായത്ത് 152 ഗ്രാമപ്പഞ്ചായത്ത് 941 മുനിസിപ്പാലിറ്റി 86 കോർപ്പറേഷൻ 6 Content Highlights:Local body elections are in two stages at the end of October
from mathrubhumi.latestnews.rssfeed https://ift.tt/2Y4nmIV
via
IFTTT