Breaking

Sunday, June 7, 2020

ദേവാലയപ്രവേശനം: വൈദികരിൽ വലിയവിഭാഗം 65 വയസ്സ് കഴിഞ്ഞവർ

ആലപ്പുഴ: വൈദികരുൾപ്പെടെ 65 വയസ്സ് കഴിഞ്ഞ ആരും ദേവാലയങ്ങളിൽ പ്രവേശിക്കരുതെന്ന നിബന്ധന പകുതിയോളം ക്രിസ്ത്യൻ പള്ളികളെ ബാധിച്ചേക്കും. ചൊവ്വാഴ്ചമുതലാണ് കർശനനിയന്ത്രണങ്ങളോടെ ദേവാലയങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. നിയന്ത്രണങ്ങളോട് സഭകൾക്ക് പൊതുവെ യോജിപ്പാണെങ്കിലും രണ്ടുകാര്യങ്ങളിൽ എതിർപ്പുണ്ട്. 65 വയസ്സ് നിബന്ധന വൈദികർക്കു ബാധകമാക്കിയതും തിരുവോസ്തി നൽകാൻ കഴിയുമോ എന്ന സംശയവുമാണിത്. പ്രസാദം നൽകരുതെന്നാണ് നിർദേശം. ഇതിൽ തിരുവോസ്തിയും ഉൾപ്പെടുമോ എന്നു വ്യക്തത വന്നിട്ടില്ല. പകുതിയോളം വൈദികരും 65 കഴിഞ്ഞവരാകുമെന്നാണു കണക്കാക്കുന്നത്. ഇവർക്ക് പകരക്കാരെ കണ്ടെത്തൽ എളുപ്പമല്ല. സഭാസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന യുവ വൈദികരെ താത്കാലികമായി നിയോഗിക്കാമെങ്കിലും പതിവാക്കാൻ കഴിയില്ല. പള്ളികളിൽ എല്ലാദിവസവും ഒന്നിലധികം കുർബാനകളുണ്ട്. ആളുകളുടെ എണ്ണം നിയന്ത്രിച്ചതിനാൽ കുർബാനകൾ കൂട്ടേണ്ടിവരും. പള്ളികളുടെ ചുമതലയുള്ള വൈദികർക്ക് പ്രായപരിധി കടന്നാലും പകരക്കാരെ എത്തിക്കേണ്ടിവരും. മെത്രാൻമാരിൽ ഭൂരിപക്ഷവും 65 കഴിഞ്ഞവരാണ്. ഇവർക്കും കുർബാനയർപ്പിക്കാൻ കഴിയില്ല. ഇക്കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പള്ളികളിൽ പ്രായമായവരെ വിലക്കുന്നതിനെതിരേ സിറോ മലങ്കരസഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ രംഗത്തുവന്നു. തിരുവോസ്തി നാവിൽ നൽകുന്നത് ലോക്ക്ഡൗണിനു മുമ്പുതന്നെ മിക്ക പള്ളികളിലും നിർത്തിയിരുന്നു. തിരുവോസ്തി നൽകാൻ കഴിയുന്നില്ലെങ്കിൽ കുർബാന കൈക്കൊള്ളുക എന്ന പദത്തിന് പ്രസക്തിയില്ലാതാകുമെന്നാണ് ഒരുവിഭാഗം വൈദികരുടെ വാദം. വൈദികരിലും എതിരഭിപ്രായം സർക്കാർ പറഞ്ഞിട്ടുള്ള നിയന്ത്രണങ്ങൾ പൂർണമായി പാലിക്കണമെന്നും തിരക്കിട്ട് തുറക്കേണ്ട കാര്യമില്ലെന്നും വാദിക്കുന്ന വൈദികരും ഏറെയാണ്. പല സ്ഥലങ്ങളിലും ദേവാലയങ്ങൾ തുറക്കുന്നത് വൈദികർതന്നെ നീട്ടിവെച്ചുകഴിഞ്ഞു. കോവിഡ് ഭയംമൂലം ഒരുവിഭാഗം വിശ്വാസികൾ ദേവാലയങ്ങളിലേക്കു വരാനിടയില്ലെന്നും ഇവർ കരുതുന്നു. Content Highlights:Church Entrance: A large section of the clergy are over 65 years of age


from mathrubhumi.latestnews.rssfeed https://ift.tt/2XEasSZ
via IFTTT