പേരാവൂർ: വിവാഹപ്പന്തലും സദ്യയ്ക്കുവേണ്ടി സൂക്ഷിച്ച ഭക്ഷണസാമഗ്രികളും സമീപത്തെ കിണറും സാമൂഹികവിരുദ്ധർ കരിഓയിലും മണ്ണെണ്ണയുമൊഴിച്ച് നശിപ്പിച്ചു. മേൽമുരിങ്ങോടി ആനക്കുഴിയിലെ കിഴക്കേടത്ത് സീമയുടെ മകളുടെ വിവാഹത്തിന് ആനക്കുഴി സാംസ്കാരിക നിലയത്തിൽ ഒരുക്കിയ പന്തലും ഭക്ഷണസാധനങ്ങളുമാണ് ശനിയാഴ്ച പുലർച്ചയോടെ നശിപ്പിച്ചത്. ഞായറാഴ്ചത്തെ വിവാഹത്തിനായാണ് സാംസ്കാരിക നിലയത്തിൽ പന്തലൊരുക്കിയത്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയും നാട്ടുകാരും മറ്റും ഇവിടെ സഹായത്തിനുണ്ടായിരുന്നു. ഇവരൊക്കെ തിരിച്ചുപോയ തക്കം നോക്കിയാണ് പന്തലിലും സാംസ്കാരിക നിലയത്തിന്റെ പുതുതായി പെയിന്റടിച്ച ചുമരുകളിലും സമീപത്തെ കിണറിലും കരിഒായിൽ ഒഴിച്ചത്. സാംസ്കാരിക നിലയത്തിന്റെ സ്റ്റോർ മുറിയിൽ സൂക്ഷിച്ച ഭക്ഷണസാധനങ്ങളിൽ മണ്ണെണ്ണയും ഒഴിച്ചു. പേരാവൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവാഹസദ്യയ്ക്ക് വേണ്ടതെല്ലാം നല്കി : ആനക്കുഴിയിൽ വിവാഹസദ്യയുടെ സാധനങ്ങൾ നശിപ്പിച്ചതിനാൽ പ്രയാസത്തിലായ കുടുംബത്തെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ സന്ദർശിച്ചു. കല്യാണസദ്യയ്ക്ക് വേണ്ട അരി മഹിളാ അസോസിയേഷൻ എത്തിച്ചു. നേതാക്കളായ ജിജി ജോയി, ടി.പ്രസന്ന, നിഷ ബാലകൃഷ്ണൻ, സുധ ശ്രീധരൻ, ഷീബ ബാബു, രാധിക എന്നിവരാണ് വീട്ടിലെത്തിയത്. അരിയൊഴികെ കല്യാണ സദ്യയ്ക്ക് വേണ്ട മറ്റ് സാധനങ്ങളെല്ലാം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ എത്തിച്ചതായി രഗിലാഷ് കുന്നുങ്ങ പറഞ്ഞു. മനുഷ്യത്വരഹിതമെന്ന് വീട്ടമ്മ : കല്യാണസദ്യയ്ക്കുള്ള ഭക്ഷണസാധനങ്ങളിലും കിണറിലും പന്തലിലും കരിഓയിലും മണ്ണെണ്ണയും ഒഴിച്ചത് ഖേദകരമാണെന്ന് വധുവിന്റെ അമ്മ സീമ 'മാതൃഭൂമി'യോട് പറഞ്ഞു. വ്യക്തിപരമായി വിരോധമുള്ള ചിലരാവാം സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അവരുടെ പേരുകൾ പോലീസിനോട് പറഞ്ഞതായും അവർ പറഞ്ഞു. നടപടി പ്രാകൃതം -സതീശൻ പാച്ചേനി : സി.പി.എം. ശക്തികേന്ദ്രത്തിൽ വിവാഹ ഒരുക്കത്തിന്റെ സാധനസാമഗ്രികൾ നശിപ്പിച്ചത് പ്രാകൃതമായ നടപടിയാണെന്ന് സംഭവസ്ഥലം സന്ദർശിച്ച ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. അക്രമികൾക്കെതിരേ പോലീസ് നടപടി സ്വീകരിക്കണം. സംഭവത്തിന് പിന്നിൽ സി.പി.എം. പ്രവർത്തകരാണെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു. Content Highlights: Personnel rivalry behind the incident
from mathrubhumi.latestnews.rssfeed https://ift.tt/2N7XgjT
via
IFTTT