Breaking

Tuesday, November 5, 2019

തർക്കം തീർക്കാൻ ഇടപെടാമെന്ന്‌ ഗവർണർ

തിരുവനന്തപുരം: വിശ്വാസികളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാനും ഇരുവിഭാഗങ്ങളുടെയും തർക്കംതീർക്കാനും സ്വീകാര്യമായ ഫോർമുല കണ്ടെത്താൻ ശ്രമിക്കുമെന്നു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അറിയിച്ചതായി യാക്കോബായസഭ പ്രതിനിധിസംഘം. വിശ്വാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ വിവരിച്ച് മെത്രാപ്പോലീത്ത ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലുള്ള യാക്കോബായ സുറിയാനി സഭയുടെ പ്രതിനിധികൾ ഗവർണറെ കണ്ടിരുന്നു. സഭയുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നു ഗവർണർ അറിയിച്ചു.സഭാതർക്കത്തെത്തുടർന്ന് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങൾ ഗവർണറെ ധരിപ്പിച്ചു. കോടതിവിധി തെറ്റായി വ്യാഖ്യാനിച്ച് മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സാഹചര്യംപോലും നിഷേധിക്കുന്നതായും മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പാക്കുന്നില്ലെന്നും അവർ വിശദീകരിച്ചു. സഭാപ്രതിനിധികൾ ഒപ്പിട്ട ഭീമഹർജിയും കൈമാറി. കേരളത്തിലെ ക്രൈസ്തവസഭകളുടെയും മറ്റു സാമുദായിക സംഘടനകളുടെയും പ്രവർത്തനം മാതൃകാപരമാണെന്നു ഗവർണർ പറഞ്ഞു. അത് നിലനിർത്താനുള്ള സഹായവും വാഗ്ദാനംചെയ്തു. മൈലാപ്പൂർ ഭദ്രാസന മെത്രാപ്പോലീത്ത ഐസക്‌ മാർ ഒസ്‌താത്തിയോസ്‌, സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ്‌, സി.ഇ.ചാക്കുണ്ണി, തിരുവനന്തപുരം സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ പള്ളി വികാരി ഫാ. സഖറിയാ കളരിക്കാട്ട്‌, ട്രസ്റ്റി പി.സി. കുര്യൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/34zzzXL
via IFTTT