Breaking

Friday, November 1, 2019

വായ്പാ തിരിച്ചടവ് മുടങ്ങി; കേരള ആർ.ടി.സി.യുടെ സ്‌കാനിയ ബസ് പിടിച്ചെടുത്തു

ബെംഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് കേരള ആർ.ടി.സി.യുടെ വാടക മൾട്ടി ആക്സിൽ സ്കാനിയ ബസ് ഫിനാൻസ് കമ്പനിയധികൃതർ പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ബെംഗളൂരുവിൽനിന്ന് സേലം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന (ടി.എൽ.-അഞ്ച്) ബസാണ് ഫിനാൻസ് കമ്പനിയധികൃതർ പിടിച്ചെടുത്തത്. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിലെത്തിയാണ് ബസ് കൊണ്ടുപോയത്. ഇതോടെ ഈ ബസിൽ എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് യാത്രചെയ്യേണ്ടവർ കുടുങ്ങി. യാത്രക്കാരെ ഇറക്കിവിട്ടശേഷമാണ് ബസ് കൊണ്ടുപോയത്. അഞ്ചിന് പുറപ്പേടേണ്ട ബസ് റദ്ദാക്കിയതിന്റെ സന്ദേശം ആറുമണിക്കാണ് പലർക്കും ലഭിച്ചതെന്നും പരാതിയുണ്ട്. മേലധികാരികളുടെ നിരുത്തരവാദപരമായ സമീപനമാണ് ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതെന്ന് യാത്രക്കാർ ആരോപിച്ചു. എന്നാൽ, കെ.എസ്.ആർ.ടി.സി. അധികൃതർ സ്കാനിയ ബസിന് പകരം ഉടൻതന്നെ ഡീലക്സ് ബസ് ഏർപ്പാടാക്കി പ്രശ്നം താത്കാലികമായി പരിഹരിച്ചു. എറണാകുളം വരെയാണ് ഡീലക്സ് ബസ് ഏർപ്പാടാക്കി. അവിടെനിന്ന് തിരുവനന്തപുരത്തേക്കുള്ളവർക്ക് പകരം സംവിധാനം ഏർപ്പെടുത്തുമെന്നും ഉറപ്പുനൽകി. കർണാടക രാജ്യോത്സവത്തിന്റെ അവധിയെത്തുടർന്ന് നാട്ടിലേക്ക് പോകാനിരുന്ന ഒട്ടേറെപേരാണ് സ്കാനിയ ബസ് പിടിച്ചെടുത്തതോടെ ബുദ്ധിമുട്ടിലായത്. വാടക സ്കാനിയ സർവീസ് നടത്തുന്ന മഹാരാഷ്ട്ര കേന്ദ്രമായുള്ള വിക്രം പുരുഷോത്തം മാനെ മഹാ വോയേജാണ് വായ്പ അടയ്ക്കേണ്ടത്. എന്നാൽ, കഴിഞ്ഞ അഞ്ചുമാസമായി വായ്പ കുടിശ്ശിക വരുത്തിയതിനെത്തുടർന്നാണ് ഫിനാൻസ് കമ്പനി ബസ് പിടിച്ചെടുത്തത്. അതേസമയം, മഹാ വോയേജിന് വാടകയിനത്തിൽ കേരള ആർ.ടി.സി. നൽകാനുള്ള തുകയിലും കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നാണ് വിവരം. മുമ്പ് പീനിയ ബസ് ടെർമിനലിലും സമാനമായ രീതിയിൽ ബസ് പിടിച്ചെടുക്കാൻ ഫിനാൻസ് കമ്പനി അധികൃതരെത്തിയിരുന്നു. content highlights:ksrtc scania bangalore


from mathrubhumi.latestnews.rssfeed https://ift.tt/2qdygi1
via IFTTT