Breaking

Monday, March 1, 2021

ജില്ലയിൽ ഒരു വനിതാ സ്ഥാനാർഥിയെങ്കിലും വേണം, കോൺഗ്രസ് ഹൈക്കമാൻഡിനു നേതാക്കളുടെ കത്ത്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ ജില്ലകളിലും ഒരു വനിതയെയും 40 വയസ്സിൽ താഴെയുള്ള രണ്ടുപേരെ വീതവും സ്ഥാനാർഥിയാക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനു മുമ്പാകെ ആവശ്യം. പൊതുമാനദണ്ഡം വേണമെന്ന ആവശ്യവുമായി ടി.എൻ. പ്രതാപൻ എം.പി. ഉൾപ്പെടെയുള്ള നേതാക്കൾ ഹൈക്കമാൻഡിനു കത്തയച്ചു. സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കെ.പി.സി.സി. നേതാക്കൾ ഡൽഹി സന്ദർശിക്കാനിരിക്കെയാണ് സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾക്ക്‌ മുമ്പാകെ ഇത്തരമൊരു ആവശ്യം. ഗ്രൂപ്പടിസ്ഥാനത്തിൽ സീറ്റ് വീതംവെക്കരുതെന്ന് വി.എം. സുധീരനടക്കമുള്ളവർ അടുത്തിടെ എ.ഐ.സി.സി. നേതാക്കളോട് അഭിപ്രായപ്പെട്ടിരുന്നു. അഞ്ചുതവണ മത്സരിച്ചവരെ മാറ്റിനിർത്തുക, രണ്ടുവട്ടം തുടർച്ചയായി പരാജയപ്പെട്ടവരെ ഒഴിവാക്കുക, എം.പി.മാർക്കു പുറമേ മുമ്പ് രാജ്യസഭാംഗത്വം ലഭിച്ചവരെയും പരിഗണനപ്പട്ടികയിൽനിന്ന്‌ ഒഴിവാക്കുക, ഓരോ ജില്ലയിലും ഒരു വനിതയ്ക്ക് വിജയസാധ്യതയുള്ള സീറ്റു നൽകുക, മത-സാമുദായിക പരിഗണനയില്ലാതെ വിജയസാധ്യതമാത്രം കണക്കിലെടുക്കുക തുടങ്ങിയ പൊതുമാനദണ്ഡങ്ങൾ നടപ്പാക്കണമെന്നാണ് ഹൈക്കമാൻഡിനുമുന്നിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ആവശ്യം. അഞ്ചുതവണ മത്സരിച്ചവരിൽ ഉമ്മൻചാണ്ടിക്ക് ഇളവുനൽകുന്നതിൽ എതിർപ്പില്ലെന്ന് കത്തയച്ചവരിൽ ഒരാൾ ‘മാതൃഭൂമി’യോടു പ്രതികരിച്ചു. യൂത്ത് കോൺഗ്രസ്, എൻ.എസ്.യു. മുൻഭാരവാഹികളെ പരിഗണിക്കുമ്പോൾ വിജയസാധ്യതയും കടുത്ത മത്സരം കാഴ്ചവെക്കാനുള്ള ഊർജസ്വലതയുമാണ് മാനദണ്ഡമാക്കേണ്ടതെന്നും ആവശ്യമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2PcmZeq
via IFTTT