മുംബൈ : മഹാരാഷ്ട്രയിൽ ടിക്‌ടോക് താരം പൂജാ ചവാന്റെ (23) മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ വനംമന്ത്രി സഞ്ജയ് റാഥോഡ് രാജിവെച്ചു. ഉദ്ധവ് താക്കറേ മന്ത്രിസഭയിൽനിന്ന് പുറത്തുപോകുന്ന ആദ്യത്തെ മന്ത്രിയാണ് ശിവസേനക്കാരനായ റാഥോഡ്. ഭാര്യാസമേതനായി മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ വർഷയിലെത്തിയായിരുന്നു മന്ത്രി രാജിക്കത്ത് നൽകിയത്. മന്ത്രി രാജി വെക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവുത്ത് അറിയിച്ചിരുന്നു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിൽ മന്ത്രി രാജിവെക്കണമെന്ന് ശക്തമായി ആവശ്യപ്പെടുമെന്ന് ബി.ജെ.പി. വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു രാജി. മന്ത്രി തുടരുന്നത് സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങൽ ഏൽപ്പിക്കുമെന്ന് കോൺഗ്രസ്, എൻ.സി.പി. നേതാക്കളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. പൂജയുടെ മരണത്തെത്തുടർന്ന് വ്യാപകമായി പ്രചരിച്ച ഓഡിയോ ക്ലിപ്പുകൾ അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം രംഗത്തുവന്നത്. പൂജയ്ക്ക് മന്ത്രിയുമായി അടുപ്പം ഉണ്ടായിരുന്നെന്നുള്ള ആരോപണമാണ് ഉയർന്നിട്ടുള്ളത്. സംഭവത്തിൽ മന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് ഡി.ജി.പി.ക്ക് നിവേദനം നൽകിയതിനുപിന്നാലെ അന്വേഷണം സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ മഹാരാഷ്ട്ര ഡി.ജി.പി.യോട് റിപ്പോർട്ട് തേടിയിരുന്നു.പൂജ വീണു മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടെന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പോലീസ് പറയുന്നു.ബീഡ് സ്വദേശിനിയായ പൂജ സ്പോക്കൺ ഇംഗ്ലീഷ് കോഴ്‌സ് പഠിക്കുന്നതിനുവേണ്ടിയാണ് പുണെയിൽ എത്തിയത്. ഫെബ്രുവരി എട്ടിനായിരുന്നു ഹഡാപ്‌സറിലെ ഒരു കെട്ടിടത്തിൽനിന്ന് പൂജ വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂജ മഹാരാഷ്ട്രയിലെ പ്രബല പിന്നാക്ക വിഭാഗമായ വഞ്ചാര സമുദായത്തിൽപ്പെട്ടവരാണ്. ഈ സമുദായത്തിലെ പ്രമുഖ നേതാവാണ് റാഥോഡ്. തുടർച്ചയായി മൂന്നുതവണ എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള റാഥോഡ് 2014- ൽ ഫഡ്‌നവിസ് മന്ത്രിസഭയിൽ റവന്യൂ സഹമന്ത്രിയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3b0Gqzk
via
IFTTT