Breaking

Wednesday, June 10, 2020

ജോലിയില്ല, വീടില്ല, മരിക്കുന്നു...; മുഖ്യമന്ത്രിക്കുള്ള കത്തിൽ രാജുവിന്റെ ജീവിതനൊമ്പരം

കടുത്തുരുത്തി: 'ജോലി ഇല്ലാതായിട്ട് മൂന്നുമാസമായി. മുട്ടുചിറയിലെ ഹോട്ടലിലായിരുന്നു ജോലി. എട്ടുകൊല്ലമായി വാടകവീട്ടിൽ കഴിയുന്നു...'-കടുത്തുരുത്തിയിൽ ആത്മഹത്യചെയ്ത ഹോട്ടൽ തൊഴിലാളി കടുത്തുരുത്തി കാശാംകാട്ടിൽ രാജു ദേവസ്യാ (55), മുഖ്യമന്ത്രിക്കെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങളാണിത്. തിങ്കളാഴ്ച ഇദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നു. ജീവിതദുരിതങ്ങളുടെ നേർചിത്രമാണ് ഇദ്ദേഹത്തിന്റെ കത്ത്. ഇത് ഷർട്ടിൽനിന്നാണ് കിട്ടിയത്. 14 കൊല്ലമായി താൻ ഹോട്ടൽ തൊഴിലാളിയാണ്. ഭാര്യയുടെ സ്വർണംവിറ്റ് ഏഴുസെന്റ് സ്ഥലം എട്ടുവർഷം മുമ്പ് വാങ്ങി. പക്ഷേ, വീടുവെയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. വീടിന് അപേക്ഷിച്ചിരുന്നു. നിലവിൽ പട്ടിണിയാണെന്നും കത്തിലുണ്ട്. മക്കളുടെ സ്കൂൾകാര്യങ്ങൾപോലും നോക്കാൻ കഴിയുന്നില്ല. മുഖ്യമന്ത്രി ദയവുചെയ്ത് കുടുംബത്തെ കൈയൊഴിയരുതെന്നും കത്തിലുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് രാജുവിന്റെ മരണത്തിന് കാരണമെന്ന് സഹോദരൻ സന്തോഷ് പറഞ്ഞു. എട്ടാംക്ലാസ് വിദ്യാർഥിനിയായ മകൾ എയ്ഞ്ചലിനും നാലാംക്ലാസ് വിദ്യാർഥിയായ ഇമ്മാനുവേലിനും പഠിക്കാൻ ഓൺലൈൻ സംവിധാനമില്ലാത്തതും രാജുവിനെ അലട്ടിയിരുന്നെന്ന് സന്തോഷ് പറഞ്ഞു. തളർവാതം ബാധിച്ച് കിടപ്പിലായ അമ്മയ്ക്കൊപ്പം കഴിയുന്നത് അവിവാഹിതനായ സന്തോഷാണ്. രാജു വർഷങ്ങൾക്കമുമ്പാണ് ഏഴുസെന്റ് സ്ഥലം വാങ്ങിയത്. വാടകവീട്ടിൽ താമസിക്കുന്ന രാജു വീടിനായി തദ്ദേശസ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും സമീപിച്ചിരുന്നു. മുട്ടുചിറയിലെ ഹോട്ടലിൽ എട്ടുവർഷമായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ ഷീലയ്ക്കും ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ജോലിചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. രാജുവിന്റെ മൃതദേഹം കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിൽ സംസ്കരിച്ചു. തോമസ് ചാഴികാടൻ എം.പി., മോൻസ് ജോസഫ് എം.എൽ.എ., കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. Content Highlights: Rajus suicide note to the Chief Minister


from mathrubhumi.latestnews.rssfeed https://ift.tt/3dOfYrD
via IFTTT