കൊച്ചി: ഒന്നരവയസ്സിൽ കുഞ്ഞുജോർജ് സിനിമാതാരമായി. പക്ഷേ, വെള്ളിത്തിരയിൽ തിളങ്ങാനുള്ള യാത്രയ്ക്കിടെ കൂട്ടായിവന്നത് ലോക്ഡൗണും ക്വാറന്റീനും. ജോർജ് അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം ക്വാറന്റീനിൽ കഴിയുമ്പോൾ അവന്റെ അരികിലെത്താനുള്ള വലിയ മോഹവുമായി മറ്റൊരാൾ കടലിൽ ‘ക്വാറന്റീനി’ൽ കഴിയുന്നുണ്ട്- അച്ഛൻ അദീഷ് സോമൻ. എറണാകുളം എളംകുളം സ്വദേശിയായ ജോർജ് ‘ജിബൂട്ടി’ എന്ന സിനിമയിൽ അഭിനയിക്കാനാണ് അമ്മ മരിയയ്ക്കും അമ്മൂമ്മ അനിതയ്ക്കുമൊപ്പം മാർച്ചിൽ ആഫ്രിക്കയിലേക്കു പറന്നത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അദീഷ് സോമൻ അതിനുമുമ്പേ യൂറോപ്പിലേക്കു തിരിച്ചിരുന്നു. പത്തുദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ് മാർച്ച് അവസാനത്തോടെ നാട്ടിലേക്കു മടങ്ങാനിരിക്കുമ്പോഴാണ് ലോക്ഡൗൺമൂലം ജോർജ് ജിബൂട്ടിയിൽ കുടുങ്ങിയത്. ഈ സമയത്ത് ഒരു രാജ്യത്തിന്റെ തീരത്തും ഇറങ്ങാനാകാതെ അദീഷ് കടലിൽത്തന്നെ കഴിയുകയായിരുന്നു. ഫെബ്രുവരിയിലാണ് കുഞ്ഞുജോർജിനെ സിനിമയിലെടുത്ത പ്രഖ്യാപനവുമായി സംവിധായകൻ എസ്.ജെ. സിനു മാതാപിതാക്കളെ സമീപിച്ചത്. നായികാ നായകൻമാരുടെ പെൺകുഞ്ഞായിട്ടാണ് ജോർജ് അഭിനയിക്കുന്നത്. ഏറെ പ്രാധാന്യമുള്ള കഥാപാത്രമായി അഭിനയിക്കാൻ മുടിവെട്ടാതെ സൂക്ഷിക്കണമെന്നാണ് സംവിധായകൻ ആവശ്യപ്പെട്ടത്. അതിനായി ഫെബ്രുവരി മുതൽ വെട്ടാതെ വളർത്താൻതുടങ്ങിയ മുടി ആഫ്രിക്കയിലെ രണ്ടുമാസത്തിലേറെ നീണ്ട ലോക്ഡൗണും കൂടിയായപ്പോൾ നന്നായി വളർന്നു. തിരിച്ചുനാട്ടിലെത്തിയെങ്കിലും ജോർജിന്റെ മുടിവെട്ട് ഇനിയും നീളാനാണു സാധ്യത. അതിനുള്ള കാരണം അമ്മ മരിയയുടെ വാക്കുകളിൽ കേൾക്കാം -‘‘ജോർജിനെ വേളാങ്കണ്ണി പള്ളിയിൽ കൊണ്ടുപോയി മുടി മുറിക്കാമെന്നാണ് ഞങ്ങളുടെ നേർച്ച.’’
from mathrubhumi.latestnews.rssfeed https://ift.tt/30qLEzx
via
IFTTT