ദുബായ്: വിശ്വസിക്കാൻ പറ്റുന്നില്ല, സഹിക്കാൻ പറ്റുന്നില്ല. അനിയൻകുട്ടൻ നമ്മളെ വിട്ടുപോയി. ഒരിക്കലും മറക്കില്ല മോനെ... സാമൂഹികമാധ്യമങ്ങൾ നിറഞ്ഞൊഴുകുകയാണ് നിതിനോടുള്ള സ്നേഹാദരങ്ങളും പങ്കിട്ട ഓർമകളും പ്രതീക്ഷകളുമെല്ലാം. അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു നിതിൻ എല്ലാവർക്കും. ഈ ചെറുപ്പക്കാരനെ അടുത്തറിയുന്നവരും ദൂരെ നിന്നുകണ്ടവരും ഒരുപോലെവിങ്ങുന്ന ഹൃദയത്തോടെയാണ് മരണവാർത്ത കേട്ടത്. മരണം രംഗബോധമില്ലാത്ത കോമാളിയെന്ന വസ്തുത ഉറപ്പിച്ചുകൊണ്ടാണ് തിങ്കളാഴ്ച രാവിലെ സുഹൃത്തുക്കളിൽ പലരും ഉറക്കമെഴുന്നേറ്റത്. ഈ മഹാമാരിയുടെ കാലം എന്തെല്ലാം കാഴ്ചകളിലൂടെയാണ് നമ്മെ കൊണ്ടുപോകുന്നത്. എത്ര ദാരുണമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ചില വേദനകളെല്ലാം മറവിയിലേക്ക് ആണ്ടുപോയിരിക്കുന്നു. പക്ഷേ അത്രമേൽ കാഠിന്യമേറിക്കൊണ്ടാണ് വീണ്ടും വേദനകൾ പ്രവാസത്തിൽ പുനർജനിക്കുന്നത്. പ്രവാസികളായ ഗർഭിണികളെ നാട്ടിലെത്തിക്കാൻ വിമാനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ജനശ്രദ്ധ നേടിയ ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രന്റെ ആകസ്മികമായ മരണം പ്രവാസലോകത്തെയാകെ ഉലച്ചിരിക്കുകയാണ്. പ്രവാസികളെ നാട്ടിലെത്തിക്കാൻ ഭരണസ്ഥാപനങ്ങൾ കയറിയിറങ്ങിയ നിതിൻ ഇനി നാട്ടിലേക്കില്ലെന്ന വിധിയെ അംഗീകരിക്കാൻ സുഹൃത്തുക്കൾക്കായിട്ടില്ല. ആതുരസേവനരംഗത്തെ സജീവപ്രവർത്തകന്റെ വേർപാട് അത്രയധികമാണ് നൊമ്പരപ്പെടുത്തുന്നത്. രക്തദാനം എന്ന മഹത്തായ കർമത്തിന് എന്നും മുൻനിരയിൽ പ്രവർത്തിച്ച വ്യക്തിത്വത്തെയാണ് ഏവർക്കും നഷ്ടപ്പെട്ടിരിക്കുന്നത്. ബ്ലെഡ് ഡോണേഴ്സ് കേരളയുടെ അമരക്കാരൻ. ഒട്ടേറെ വിഷയങ്ങളിൽ പ്രവാസികൾക്കുവേണ്ടി ഉച്ചത്തിൽ ശബ്ദിക്കുകയും ചില സമയങ്ങളിൽ നിശ്ശബ്ദമായി പോരാടുകയും ചെയ്തിരുന്ന വ്യക്തിത്വം. സാമൂഹ്യബോധമുള്ള ചെറുപ്പക്കാർ, സഹൃദയൻ, സൗമ്യൻ എന്നിങ്ങനെ നിതിനെക്കുറിച്ച് സുഹൃത്തുക്കൾക്ക് പറയാൻ ഏറെയുണ്ട്. വാക്കുകൾകൊണ്ട് പറയുന്നതിലും അധികമാണ് ദുഃഖം. മേയ് എട്ടിന് വന്ദേഭാരത് ദൗത്യത്തിലെ ആദ്യവിമാനത്തിൽ ആതിര കോഴിക്കോട്ടേക്ക് പറക്കുമ്പോൾ യാത്രയയക്കാൻ സുഹൃത്തുക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ആതിര തന്നെയാണ് നിതിന്റെ സുഹൃത്തുക്കളെ ക്ഷണിച്ചത്. സ്നേഹനിർഭരമായ യാത്രയയപ്പായിരുന്നു ആതിരയ്ക്ക് നൽകിയതെന്ന് നിതിന്റെ സുഹൃത്തും ബി.ഡി.കെ. അംഗവുമായ ഉണ്ണി പുന്നാര പറഞ്ഞു. ഭാര്യയ്ക്കൊപ്പം പോകാൻ അനുമതി ലഭിച്ചിരുന്നെങ്കിലും നിതിൻ ആ അവസരം അത്യാവശ്യമായി നാട്ടിൽ എത്തേണ്ട മറ്റൊരാൾക്ക് നൽകി. ബി.ഡി.കെ.യുടെ പ്രവർത്തന മികവിന് അബുദാബി ഹെൽത്ത് അതോറിറ്റി നൽകിയ ആദരവ് നിതിൻ ഏറ്റുവാങ്ങിയപ്പോൾ അച്ഛനാകാൻ പോകുന്നതിന്റെ വലിയ സന്തോഷത്തിലായിരുന്നു നിതിൻ. ആതിര മടങ്ങുമ്പോൾ എല്ലാവരെയും പോലെതന്നെ പ്രസവാവശ്യത്തിനുവേണ്ട സാധനങ്ങൾ ഒരുക്കാനാവാത്തതിൽ ചെറിയ വിഷമമുണ്ടായിരുന്നു. പക്ഷേ നാട്ടിലേക്ക് മടങ്ങാമല്ലോ, ഉറ്റവരുടെ അടുത്ത് പ്രിയപ്പെട്ടവൾ സുരക്ഷിതയായിരിക്കുമല്ലോ എന്ന സമാധാനമുണ്ടായി. ഇവിടെ പ്രസവം നടത്താൻ വൻതുക ചെലവാകുമെന്ന് മാത്രമല്ല ആദ്യപ്രസവമായതിനാൽ തന്നെ ബന്ധുക്കളുടെ പരിചരണവും ആഗ്രഹിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്നവരുടെയൊപ്പം മരണത്തിന് തൊട്ടുതലേന്ന് വരെ നിതിൻ വ്യാപൃതനായി. സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ചത് പ്രധാനമായും സാമൂഹ്യപ്രവർത്തനങ്ങൾക്കുവേണ്ടിതന്നെ. സഹജീവികൾക്കുവേണ്ടിയുള്ളതായിരുന്നു അതിലെ ഓരോ കുറിപ്പുകളും. കോവിഡ് കാലത്തെ രക്തദാന ക്യാമ്പുകളിൽ ഇത്രയും സജീവമായിരുന്ന മറ്റൊരുപ്രവർത്തകൻ ഉണ്ടാകില്ലെന്ന് കോൺഗ്രസ് യൂത്ത് വിങ് യു.എ.ഇ. സെൻട്രൽ പ്രസിഡന്റ് ഹൈദർ തട്ടത്താഴത്ത് പറഞ്ഞു. നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്നുവെങ്കിലും കോവിഡ് കാലത്ത് അതൊന്നും വകവെക്കാതെ കർമനിരതനായിരുന്നു. കർമവീഥിയിൽ ലക്ഷ്യങ്ങൾ പൂർത്തിയാക്കും മുമ്പ് നീ വിട വാങ്ങിയെങ്കിലും ഈ മണ്ണിൽനിന്ന് മായില്ലൊരിക്കലും നിൻ നന്മകൾ തൻ സ്മരണങ്ങൾ എന്ന് ഇൻകാസ് യൂത്ത് വിങ് അംഗങ്ങൾ അനുസ്മരിച്ചു. യു.എ.ഇ.യിലെ മാധ്യമപ്രവർത്തകരുമായും വലിയ ബന്ധമാണ് നിതിൻ സൂക്ഷിച്ചിരുന്നത്. സാമൂഹ്യമേഖലയിലെ ഓരോ വാർത്തകളും അത്രമേൽ സൂക്ഷ്മതയോടെ മാധ്യപ്രവർത്തകർക്കിടയിൽ പങ്കുവെച്ചു. ഓരോ ജന്മദിനവും സുഹൃത്തുക്കളോടൊപ്പം രക്തദാന ക്യാമ്പുകൾ നടത്തി കേക്കുമുറിച്ചായിരുന്നു ആഘോഷമാക്കിയിരുന്നത്. എന്നാൽ ഇത്തവണ ജൂൺ രണ്ടിന് ആ ദിനം വന്നപ്പോൾ കോവിഡ് പ്രവർത്തനങ്ങളിൽ സജീവമായികൊണ്ട് അത് വ്യത്യസ്തമാക്കിതീർത്തു. മരണദിവസവും നിതിന്റെ നേതൃത്വത്തിലായിരുന്നു രക്തദാന ക്യാമ്പ് നടക്കേണ്ടിയിരുന്നത്. അതിനുവേണ്ട എല്ലാ നിർദേശങ്ങളും തലേന്ന് രാത്രി നൽകിയാണ് നിതിൻ ഉറങ്ങാൻ പോയത്. പക്ഷേ അത് ഒരിക്കലും ഉണരാതുറക്കമായിപ്പോയി. സഹയാത്രികനായ നിതിൻ ചന്ദ്രൻ യാത്ര അവസാനിപ്പിച്ച് മടങ്ങി എന്ന ക്രൂരമായ യാഥാർഥ്യം ഇപ്പോഴും ഉൾക്കൊള്ളാനാവാതെ, ആ നടുക്കത്തിൽനിന്ന് മോചിതരാകാൻ കഴിയാത്ത അവസ്ഥയിലാണ് ഓരോരുത്തരും. ഇനിയങ്ങോട്ടുള്ള നാൾവഴികളിൽ ആ അദൃശ്യ സാന്നിധ്യം അനുഭവിച്ചറിയുമെന്നും എത്ര മറക്കാൻ ശ്രമിച്ചാലും നീ നമ്മളിൻ ഒരുവൻ ആയിരുന്നുവെന്ന വലിയ സത്യം തിരിച്ചറിയുന്നതായും സുഹൃത്തുക്കൾ ഹൃദയത്തിൽ കോറിയിടുന്നു. അപരന്റെ സുഖത്തിനായി ഒഴുകിയ ജീവിതം ദുബായ്: രക്തദാനം മഹാദാനം, നിങ്ങളും രക്തദാനത്തിൽ പങ്കാളിയാവൂ, ഒരു ജീവൻ രക്ഷിക്കൂ എന്നാണ് ഫേസ്ബുക്കിൽ നിതിൻ ചന്ദ്രന്റെ പ്രൊഫൈലിൽ തെളിയുന്ന ആദ്യവാചകങ്ങൾ. കേവലം ഒരു ശരീരത്തിലൊതുങ്ങുന്നതല്ല യഥാർത ജീവിതം. അപരന്റെ സുഖത്തിനായി ഒഴുകിപ്പരക്കുമ്പോഴാണ് അതിന് അർഥവും നിറവുമുണ്ടാകുന്നത്. അവിടെയാണ് രക്തദാനം കലർപ്പുകളില്ലാത്ത മഹാദാനമാകുന്നതെന്ന് ഉറച്ചുവിശ്വസിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു നിതിൻ. ബ്ലെഡ് ഡോണേഴ്സ് കേരളയിലെ അംഗങ്ങളുടെ കവർചിത്രത്തോടൊപ്പം തന്റെ കുടുംബമൊത്തുള്ള പ്രൊഫൈൽ ചിത്രവും ചേർത്ത് ബന്ധങ്ങൾ അത്രയും ദൃഢമാക്കാൻ ശ്രമിച്ചിരുന്ന വ്യക്തിത്വം. കേരളത്തിലെ സർക്കാർ ആശുപത്രികളിലെ കോവിഡ് കാലത്തെ രക്തദൗർലഭ്യം പരിഹരിക്കാൻ രക്തദാന സന്നദ്ധപ്രവർത്തകരുടെ വിവിധ സംഘടനകൾ ചേർന്ന് പ്രവർത്തിക്കുന്ന എമർജൻസി ടീമിന്റെ നേതൃത്വത്തിൽ വൈറ്റ്ഗാർഡ് പേരാമ്പ്ര മണ്ഡലത്തിന്റെ സഹകരണത്തോടെ ജൂൺ എട്ടിന് നടത്താനിരിക്കുന്ന രക്തവാഹിനി ക്യാമ്പിനെക്കുറിച്ചായിരുന്നു നിതിൻ അവസാനമായി കുറിച്ചിട്ട വാക്കുകൾ. വന്ദേഭാരത് ദൗത്യം മൂന്നാംഘട്ടത്തിൽ വിമാനങ്ങളിലെ കുറവ് പരാമർശിച്ചുകൊണ്ടും ചാർട്ടേഡ് വിമാനങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ചും ആശങ്കകൾ പങ്കുവെച്ചിരുന്നു. സ്വദേശത്തേക്ക് മടങ്ങാനുള്ളവരുടെ നീണ്ടനിര ഇതുവരെ അവസാനിച്ചിട്ടില്ല. വന്ദേ ഭാരത് മിഷന്റെ വിമാനങ്ങൾ നാട്ടിലേക്ക് പോകുന്ന ദിവസങ്ങളിൽ ഏതെങ്കിലും പ്രവാസികൾ പോകാതെ വരുകയാണെങ്കിൽ ആ ഒഴിവിലേക്ക് കയറിക്കൂടാനുള്ള പ്രതീക്ഷയുമായി എയർപോർട്ടിൽ വന്ന് മടങ്ങിപ്പോകുന്ന പ്രവാസികൾ ഒട്ടനവധിയുണ്ട്. ഒരു ഹാൻഡ് ബാഗുമായി ഓരോദിവസവും പ്രതീക്ഷകളോടെ വിമാനത്താവളത്തിൽ എത്തി നാട്ടിൽപ്പോകാൻ സാധിക്കാതെ വീണ്ടും അതേമുറിയിലേക്ക് തിരിച്ചുപോകുന്നവരുടെ മനോവേദന ഒന്ന് ഓർത്തുനോക്കൂ. അസഹനീയം തന്നെയാണ്. എംബസികളിൽനിന്ന് വരുന്ന ഫോൺവിളി കാത്ത് മുറികളിൽ ഒതുങ്ങിക്കഴിയുന്ന പ്രവാസികളുടെ എണ്ണവും ഒരുപാടാണ്. അത്യാവശ്യമായി വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കണം. അതിന് കേന്ദ്ര, കേരള സർക്കാരുകൾ ഉടൻതന്നെ തീരുമാനമെടുക്കണം. എണ്ണത്തിന്റെ കാര്യത്തിൽ ഏറ്റവുംകൂടുതൽ പ്രവാസികളായ മലയാളികളുള്ളത് യു.എ.ഇ.യിലാണ്. പ്രവാസികളുടെ മടക്കയാത്ര അനാവശ്യമായി നീട്ടിക്കൊണ്ട് പോവുകയാണ്. അതിന്റെ കാരണമെന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഈ അനിശ്ചിതാവസ്ഥ നീളുകയാണെങ്കിൽ ഇവിടെ ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് ഈ വർഷം നാടണയാൻ കഴിയില്ല. ഈ തീരാത്ത ആശങ്കകളായിരുന്നു നിതിന്റെ ഓരോ കുറിപ്പുകളിലും.
from mathrubhumi.latestnews.rssfeed https://ift.tt/3cOePPw
via
IFTTT