മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവി കോവിഡ് ആശങ്കയിൽ നിന്ന് മുക്തമാകുന്നതായി സൂചന. ഇന്ത്യയിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിലെ ഹോട്ട്സ്പോട്ടുകളിലൊന്നായ ധാരാവിയിൽ കഴിഞ്ഞ ആറ് ദിവസത്തിനിടെ കോവിഡ് ബാധ മൂലമുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ 1,899 രോഗികളിൽ 939 പേർ രോഗമുക്തരാകുകയും ചെയ്തു. ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപറേഷനാണ് ഞായറാഴ്ച ഔദ്യോഗികവിവരം നൽകിയത്. ജൂൺ ഒന്നിന് 34 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി കുറഞ്ഞു. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാത്തതും രോഗമുക്തി നേടി ആശുപത്രി വിടുന്നവരുടേയും എണ്ണം വർധിക്കുന്നതും നല്ല സൂചനയാണ് നൽകുന്നതെന്ന് ജി നോർത്ത് വാർഡിന്റെ അസിസ്റ്റന്റ് മുൻസിപ്പൽ കമ്മിഷണർ കിരൺ ദിഘാവ്കർ പറഞ്ഞു. 71 മരണമാണ് ധാരാവിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് കോവിഡ് ടെസ്റ്റുകൾ ഊർജിതമാക്കിയതും ഫീവർ ക്ലിനിക്കുകൾ ആരംഭിച്ചതും രോഗവ്യാപനം കുറയ്ക്കാൻ സഹായിച്ചതായി അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. പനി ബാധിച്ച് ക്ലിനിക്കുകളിൽ ചികിത്സ തേടിയെത്തുന്നവരിൽ കൊറോണവൈറസ് ബാധയുള്ളവരെ തിരിച്ചറിഞ്ഞ് ക്വാറന്റീൻ ചെയ്യുന്നതിനും സമയോചിതമായി ചികിത്സ ലഭ്യമാക്കാനും സഹായകമായതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ ഒന്നിനാണ് ധാരാവിയിൽ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചത്. രാജ്യവ്യാപക ലോക്ക് ഡൗൺ പ്യഖ്യാപനത്തിന് ഒരാഴ്ച ശേഷമായിരുന്നു അത്. തൊഴിലാളികൾ തിങ്ങി നിറഞ്ഞ് താമസിക്കുന്ന ധാരാവിയിൽ നിന്ന് ലോക്ക് ഡൗൺ ആരംഭിച്ചതോടെ ആളുകൾ ഒഴിഞ്ഞു പോകാനാരംഭിച്ചത് രോഗവ്യാപനം കുറയ്ക്കാനും രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാക്കാനും സഹായിച്ചതായി അധികൃതർ പറഞ്ഞു. നിരവധി എൻജിഒകളും മറ്റുസംഘടനകളും ഭക്ഷണം, മരുന്ന് ,മറ്റ് ചികിത്സോപകരണങ്ങൾ എന്നിവ നൽകിയത് ഏറെ സഹായകമായെന്നും ബിഎംസി അധികൃതർ പറഞ്ഞു. മുംബൈയിൽ ദിനം പ്രതി രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നതിനിടെയാണ് ധാരാവിയിൽ രോഗബാധിതരുടേയും രോഗമുക്തി നേടുന്നവരുടേയും എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ ആറിലെ കണക്കനുസരിച്ച് മുംബൈയിൽ ആകെ രോഗികളുടെ എണ്ണം 47,354 ആണ്. മരണ സംഖ്യ 1,577 ഉം. ചൈനയിലെ ആകെ രോഗബാധിതരുടെ എണ്ണത്തിലധികമാണ് മഹാരാഷ്ട്രയിൽ ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണം. Content Highlights: Dharavi Showing Signs Of Flattening Coronavirus Curve: Mumbai Civic Body Official
from mathrubhumi.latestnews.rssfeed https://ift.tt/2XHdqWX
via
IFTTT