Breaking

Monday, June 1, 2020

ദോഹയില്‍നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സജ്ജീകരിക്കാനൊരുങ്ങി കേരള ബിസിനസ് ഫോറം

ദോഹ: ദോഹയിൽനിന്ന് കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും ചാർട്ടേഡ് വിമാനങ്ങൾ സജ്ജീകരിക്കാനൊരുങ്ങി കേരള ബിസിനസ് ഫോറം. സ്വകാര്യ ട്രാവൽ ഏജൻസികളുമായി സഹകരിച്ച് നടത്തുന്ന പദ്ധതിക്ക് ഇന്ത്യയിൽനിന്ന് ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. മഹാമാരിയുടെ പ്രതിസന്ധി ആരംഭിച്ചപ്പോൾ മുതൽ കെബിഎഫ് ചാർട്ടേഡ് വിമാനങ്ങൾക്കായി ശ്രമം ആരംഭിച്ചിരുന്നുവെന്ന് പ്രസിഡന്റ് കെ ആർ ജയരാജ് പറഞ്ഞു. ഇതിനായി അജി കുര്യാക്കോസ്, സാബിത്ത് സഹീർ എന്നിവരുടെ നേതൃത്വത്തിൽ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി ഉണ്ടാക്കിയിരുന്നു. നിലവിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാരിൽനിന്നാണ് കൂടുതൽ ആവശ്യമുയർന്നിട്ടുള്ളത്. ആവശ്യക്കാരുടെ എണ്ണത്തിന് അനുസരിച്ച് മറ്റു സംസ്ഥാനങ്ങളെയും പരിഗണിക്കുമെന്ന് കെബിഎഫ് ജനറൽ സെക്രട്ടറി ഷഹീൻ ഷാഫി പറഞ്ഞു. ഓരോ വിമാനത്തിലും സാമ്പത്തിക പ്രയാസം നേരിടുന്ന അഞ്ച് പേർക്ക് സൗജന്യമായി ടിക്കറ്റ് നൽകുമെന്ന് ജയരാജ് അറിയിച്ചു. ആകെ 10 ചാർട്ടേഡ് വിമാനങ്ങളാണ് കെബിഎഫ് പദ്ധതിയിടുന്നത്. ഇതുപ്രകാരം 50 പേർക്ക് സൗജന്യ ടിക്കറ്റ് ലഭിക്കും. കെബിഎഫ് അംഗങ്ങൾക്കും കുടുംബങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനായി ഓൺലൈൻ ലിങ്ക് തയ്യാറാക്കിയിട്ടുണ്ട്. താത്പര്യമുള്ള മറ്റുള്ളവർക്ക് qatarkbf@gmail.com എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. യാത്ര ചെയ്യാൻ നിയമപരമായ അനുമതിയുള്ളവർ മാത്രമേ രജിസ്റ്റർ ചെയ്യേണ്ടതുള്ളു. രജിസ്റ്റർ ചെയ്യുന്നത് കൊണ്ട് മാത്രം ടിക്കറ്റ് ഉറപ്പാക്കാൻ ആവില്ലെന്നും ഇത് അധികൃതരുടെ അനുമതിക്ക് വിധേയമാണെന്നും കെബിഎഫ് ഭാരവാഹികൾ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3ckAuid
via IFTTT