Breaking

Thursday, June 11, 2020

യു.പി.യിൽ പശുവിനെ കൊന്നാൽ 10 വർഷം തടവും അഞ്ചുലക്ഷം രൂപ പിഴയും

ലഖ്നൗ: യു.പി.യിൽ പശുവിനെ കൊന്നാൽ 10 വർഷം തടവും അഞ്ചുലക്ഷംരൂപ പിഴയും വ്യവസ്ഥചെയ്യുന്ന ഓർഡിനൻസിന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകി. 1955-ലെ ഗോഹത്യാനിയമം ഭേദഗതിചെയ്താണ് പശുക്കടത്തിനും വധത്തിനും ശിക്ഷ കടുപ്പിച്ചത്. ഇതനുസരിച്ച്, ഒരു തവണ പശുവിനെക്കൊന്നാൽ ഒന്നുമുതൽ ഏഴുവർഷംവരെ കഠിനതടവും ഒന്നുമുതൽ മൂന്നുലക്ഷംരൂപവരെ പിഴയും വിധിക്കും. കുറ്റം ആവർത്തിക്കുകയാണെങ്കിൽ 10 വർഷംവരെ തടവും അഞ്ചുലക്ഷംവരെ പിഴയും ലഭിക്കും. ഉപദ്രവിച്ചോ അംഗഭംഗം വരുത്തിയോ അവയെ മരണത്തിലേക്ക് തള്ളിവിടുകയാണെങ്കിലും ഇതേ ശിക്ഷ കിട്ടും. തീറ്റയും വെള്ളവും കൊടുക്കാതെ പശുക്കളെ പട്ടിണിക്കിട്ട് കൊല്ലുകയാണെങ്കിലും ഒരുവർഷം മുതൽ ഏഴുവർഷംവരെ തടവും പിഴയും ലഭിക്കും. പശുവിനെയോ കാളയെയോ അനധികൃതമായി കടത്തിയാൽ കടത്തിയ ആളും വാഹനഉടമയും ഡ്രൈവറും ഇതേ നിയമപ്രകാരം ശിക്ഷിക്കപ്പെടും. പിടിച്ചെടുക്കുന്ന കാലികളുടെ ഒരു വർഷത്തേക്കുള്ളതോ അല്ലെങ്കിൽ അവയെ മോചിപ്പിക്കുന്നതുവരെയുള്ളതോ ആയ പരിപാലനച്ചെലവ് വാഹന ഉടമയിൽനിന്ന് ഈടാക്കും. 1955-ലെ നിയമം പലതവണ ഭേദഗതിചെയ്തെങ്കിലും ചില പഴുതുകൾ ഉണ്ടായിരുന്നു. പശുക്കടത്തും പശുവിനെ അറക്കുന്നതും തുടർന്നിരുന്നു. ഏഴുവർഷംവരെ തടവായിരുന്നു നിലവിലെ പരമാവധി ശിക്ഷ. ജാമ്യത്തിലിറങ്ങി പലരും അതേ കുറ്റം ആവർത്തിക്കുന്നതുകൊണ്ടാണ് ശിക്ഷ കടുപ്പിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. Content Highlights: Up to 10-year jail for cow slaughter in UP


from mathrubhumi.latestnews.rssfeed https://ift.tt/3hgPz83
via IFTTT