സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ (ഇ.പി.സി.എ.) നിർദേശപ്രകാരമാണ് ഡൽഹിയിലും തലസ്ഥാനമേഖലാ പ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷാപരിധിക്കപ്പുറമുള്ള മലിനവായു ശ്വാസകോശത്തെ നേരിട്ടു ബാധിക്കുമെന്നും ആസ്ത്മ, ശ്വസനനാളീവീക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി. തലസ്ഥാനത്തെ 37 വായുനിരീക്ഷണകേന്ദ്രങ്ങളിലും അന്തരീക്ഷനില അപകടകരമായ അളവിലാണ്. ബവാന മേഖലയിൽ 497-ൽ എത്തി. വാസിർപുരിൽ 485, ആനന്ദ് വിഹാറിൽ 484, വിവേക് വിഹാറിൽ 482 എന്നീനിലയിൽ സൂചികയെത്തി. അയൽസംസ്ഥാന പ്രദേശങ്ങളായ ഗ്രെയ്റ്റർ നോയ്ഡ-480, നോയ്ഡ -477, ഫരീദാബാദ് - 432 എന്നിങ്ങനെയും രേഖപ്പെടുത്തി. ഓരോ 22 മൈക്രോഗ്രാം പ്രതി ക്യുബിക് മീറ്റർ മലിനവായു ശ്വസിച്ചാൽ ഒരു സിഗരറ്റു വലിക്കുന്നതിനു തുല്യമാണെന്നാണു വിലയിരുത്തൽ. വായുനിലവാരസൂചികയിൽ 200 വരെയുള്ള തോത് സുരക്ഷിതമാണെങ്കിലും 201-300 ദുസ്സഹം, 301-400 അതിദുസ്സഹം, 401-500 അതിരൂക്ഷം, 500 കടന്നാൽ അത്യാഹിതഘട്ടം എന്നിങ്ങനെ രേഖപ്പെടുത്തും. ഡൽഹി ഗ്യാസ് ചേംബറായി മാറിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭിപ്രായപ്പെട്ടു. അതേസമയം, അയൽസംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വിമർശിച്ചു. ട്രക്കുകൾ വഴിമാറ്റി വിടാനുള്ള സമാന്തര ദേശീയപാതാപദ്ധതികൾക്കൊന്നും എ.എ.പി. സർക്കാർ പണം വകയിരുത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ: നിയന്ത്രണങ്ങൾ * ഡൽഹി, ഫരീദാബാദ്, ഗുഡ്ഗാവ്, ഗാസിയാബാദ്, നോയ്ഡ, ഗ്രെയ്റ്റർ നോയ്ഡ എന്നിവിടങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ പൂർണമായും നിരോധിച്ചു. ഇതുവരെ വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെയായിരുന്നു നിരോധനം * ഡൽഹി-എൻ.സി.ആർ. മേഖലകളിൽ നവംബർ അഞ്ചുവരെ ക്രഷറുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല. * കൽക്കരിയിലും മറ്റും പ്രവർത്തിക്കുന്ന വ്യവസായശാലകൾ അടച്ചിടും. ഇതുവരെയും പൈപ്പുവഴിയുള്ള വാതകത്തിലേക്കു മാറാത്ത വ്യവസായശാലകളും അടച്ചിടും. * 48 മണിക്കൂറിനകം മലിനീകരണം നിയന്ത്രണവിധേയമായില്ലെങ്കിൽ ഡൽഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശനം നിരോധിക്കും. Content Highlights:Air pollution in Delhi
from mathrubhumi.latestnews.rssfeed https://ift.tt/2N91jfQ
via
IFTTT