Breaking

Saturday, November 2, 2019

മുൻ ചർച്ചകളിൽ ‘പെഗാസസി’നെക്കുറിച്ച് വാട്‌സാപ്പ് പറഞ്ഞില്ലെന്ന് സർക്കാർ

ന്യൂഡൽഹി: ജൂൺമുതൽ പലവട്ടം ചർച്ചനടത്തിയിട്ടും പെഗാസസ് ചാര സോഫ്റ്റ്വേർ ആക്രമണത്തിന്റെ കാര്യം വാട്സാപ്പ് വെളിപ്പെടുത്താഞ്ഞതിൽ കേന്ദ്രസർക്കാർ ആശങ്കയറിയിച്ചു. വാട്സാപ്പിനുമേൽ നിയന്ത്രണമേർപ്പെടുത്താതിരിക്കാനായിരുന്നോ ഇതെന്ന് സർക്കാരിലെ ഉന്നതോദ്യോഗസ്ഥൻ ചോദിച്ചു. പത്രപ്രവർത്തകരും മനുഷ്യാവകാശപ്രവർത്തകരുമുൾപ്പെടെ ഇന്ത്യയിലെ പ്രമുഖരായ 25 പേരുടെ ഫോൺവിവരങ്ങൾ പെഗാസസ് വഴി ചോർത്തിയെന്ന് കഴിഞ്ഞ ദിവസമാണ് വാട്സാപ്പ് വെളിപ്പെടുത്തിയത്. രാജ്യത്ത് സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിന് ചട്ടങ്ങൾ കൊണ്ടുവരാൻ കേന്ദ്രം സുപ്രീംകോടതിയിൽനിന്ന് മൂന്നുമാസം സമയം തേടിയിരിക്കുകയാണ്. ഈ സമയത്തുതന്നെ വെളിപ്പെടുത്തൽ നടത്തിയതിനെയും സർക്കാർ ചോദ്യംചെയ്തു. വാട്സാപ്പിലൂടെ പ്രചരിക്കുന്ന ദുരുദ്ദേശ്യത്തോടെയുള്ള സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെടും. ആഗോളതലത്തിൽ 150 കോടിപ്പേരാണ് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് ഉപയോഗിക്കുന്നത്. ഇതിൽ 40 കോടിയും ഇന്ത്യക്കാരാണ്. ആൾക്കൂട്ടക്കൊലയിലേക്കു നയിക്കുന്നതരത്തിലുള്ള വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കാൻ വാട്സാപ്പ് ഉപയോഗിക്കുന്നതിന്റെപേരിൽ സർക്കാരിൽനിന്ന് കമ്പനി മുമ്പും പഴികേട്ടിട്ടുണ്ട്. ഈ സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന സർക്കാരിന്റെ ആവശ്യം, സ്വകാര്യതയ്ക്കെതിരാണെന്നുപറഞ്ഞ് വാട്സാപ്പ് നിരാകരിക്കുകയാണ്. വാട്സാപ്പ് പോലുള്ള സന്ദേശക്കൈമാറ്റ മാധ്യമങ്ങളുടെ ഉത്തരവാദിത്വം കൂട്ടുന്നവിധത്തിൽ ചട്ടങ്ങൾ കർക്കശമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. പെഗാസസ് ഉപയോഗിച്ച് അജ്ഞാതർ വിവരം ചോർത്തി എന്ന വെളിപ്പെടുത്തലിനെത്തുടർന്ന് ഇന്ത്യക്കാരുടെ സ്വകാര്യത സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ വാട്സാപ്പിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ. വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് ആവശ്യം. 'പെഗാസസ്' ആക്രമണത്തിൽ പങ്കില്ല -ഇസ്രയേൽ ജറുസലേം: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വാട്സാപ്പ് ഉപയോക്താക്കളുടെ വിവരം ചോർത്തിയതിൽ പങ്കില്ലെന്ന് ഇസ്രയേലി സർക്കാർ പറഞ്ഞു. വിലക്കപ്പെട്ടതെന്തെങ്കിലും ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവർ കോടതിനടപടി നേരിടുമെന്ന് ഇസ്രയേലി മന്ത്രി സീവ് എൽകിൻ പറഞ്ഞു. ഇസ്രയേലിലെ എൻ.എസ്.ഒ. ഗ്രൂപ്പാണ് വ്യക്തിവിവരം ചോർത്താൻ ഉപയോഗിച്ച 'പെഗാസസ്' സോഫ്റ്റ്വേറിന്റെ നിർമാതാക്കൾ. എൻ.എസ്.ഒ. സ്വകാര്യകമ്പനിയാണെന്നും ഇസ്രയേലി സർക്കാരിന് ഇതിൽ പങ്കില്ലെന്നും എൽകിൻ പറഞ്ഞു. 20 രാജ്യങ്ങളിലെ 1400 പ്രമുഖരുടെ വിവരം പെഗാസസ് ഉപയോഗിച്ച് വാട്സാപ്പ് വഴി ചോർത്തിയതാണ് വിവാദമായിരിക്കുന്നത്. ഇതിന്റെ പേരിൽ എൻ.എസ്.ഒ. ഗ്രൂപ്പിനെതിരേ യു.എസിലെ സാൻഫ്രാൻസിസ്കോ ഫെഡറൽകോടതിയിൽ ഫെയ്സ്ബുക്ക് കേസുകൊടുത്തിരിക്കുകയാണ്. Content Highlights:WhatsApp Pegasus snooping


from mathrubhumi.latestnews.rssfeed https://ift.tt/2PDzGgx
via IFTTT