Breaking

Saturday, November 2, 2019

13 ലക്ഷം പേമെന്റ് കാർഡുകളുടെ വിവരങ്ങൾ ഓൺലൈനിൽ വിൽപ്പനയ്ക്ക്

മുംബൈ: രാജ്യത്തെ 13 ലക്ഷം ഡെബിറ്റ്-ക്രെഡിറ്റ് പേമെന്റ് കാർഡുകളുടെ വിവരങ്ങൾ 'ഡാർക്ക് വെബി'ൽ(ഇന്റർനെറ്റിൽ നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഭാഗം) വിൽപ്പനയ്ക്ക്. ഒരു കാർഡിന്റെ വിവരത്തിനായി 100 ഡോളർ വീതം ആവശ്യപ്പെട്ട് 'ജോക്കേഴ്സ് സ്റ്റാഷ്' എന്ന സൈറ്റിലാണ് വിൽപ്പനയ്ക്കിട്ടിരിക്കുന്നത്. ഡാർക്ക് വെബിൽ പേമെന്റ് കാർഡ് വിവരങ്ങൾ വിൽക്കുന്ന പ്രധാന സൈറ്റുകളിലൊന്നാണിത്. വിൽപ്പനയ്ക്കുള്ളതിൽ 98 ശതമാനവും ഇന്ത്യയിൽനിന്നുള്ള കാർഡുകളുടെ വിവരങ്ങളാണെന്ന് സിങ്കപ്പൂർ ആസ്ഥാനമായുള്ള ഗ്രൂപ്പ് -1ബി എന്ന സൈബർ സുരക്ഷാസ്ഥാപനം വ്യക്തമാക്കി. ലോകത്തിലെ പ്രമുഖ സൈബർസുരക്ഷാ സ്ഥാപനങ്ങളിലൊന്നാണിത്. 'ഇന്ത്യ-മിക്സ്-ന്യൂ - 01' എന്ന കോഡ് ഉപയോഗിച്ചാണ് ജോക്കേഴ്സ് സ്റ്റാഷ് ഇതിനുള്ള പരസ്യം നൽകിയിരിക്കുന്നത്. എവിടെനിന്നാണ് കാർഡിന്റെ വിവരങ്ങൾ ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. എ.ടി.എം. യന്ത്രത്തിൽനിന്നോ പി.ഒ.എസ്. യന്ത്രത്തിൽനിന്നോ ചോർത്തിയെടുത്തതാകാമെന്നാണ് കരുതുന്നത്. കാർഡുകളുടെ മാഗ്നെറ്റിക് സ്ട്രിപ്പിൽ ഉൾപ്പെടുന്ന പേര്, കാർഡ് നമ്പർ, കാലാവധി സംബന്ധിച്ച വിവരങ്ങൾ, സി.വി.വി. നമ്പർ എന്നിവ ഇതിലുണ്ടെന്ന് ജോക്കേഴ്സ് സ്റ്റാഷ് അവകാശപ്പെടുന്നു. കൂടാതെ, വിലാസവും തട്ടിപ്പുകൾ തടയാൻ ബാങ്കുകൾ ഉപയോഗിക്കുന്ന അതിരഹസ്യമായ വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നതായും റിപ്പോർട്ടുണ്ട്. ഈ വിവരങ്ങൾ ലഭിച്ചാൽ കാർഡുകൾ 'ക്ലോൺ' ചെയ്ത് സാധാരണപോലെ ഉപയോഗിക്കാനാകും. അതേസമയം, ചിപ് കാർഡുകൾ ഉപയോഗിക്കുന്ന യന്ത്രങ്ങളിൽ ഇത് ഉപയോഗിക്കാൻകഴിയില്ല. ഈകാർഡുകളിൽ 90മുതൽ 95ശതമാനംവരെ ഇപ്പോഴും ഉപയോഗിക്കുന്നതാണെന്ന് ഗ്രൂപ്പ് -1 ബിയിലെ ഗവേഷകർ പറയുന്നു. 98 ശതമാനവും ഇന്ത്യയിൽനിന്നുള്ള വിവരങ്ങളാണ്; ഒരുശതമാനം കൊളംബിയയിൽനിന്നും. അതേസമയം, ഏതെല്ലാം ബാങ്കുകളുടെ കാർഡുവിവരങ്ങളാണുള്ളതെന്ന് വ്യക്തമല്ല. പരിശോധനയിൽ 18 ശതമാനം കാർഡുകൾ ഒരു ബാങ്കിന്റെതാണെന്ന് തിരിച്ചറിഞ്ഞതായി ഗ്രൂപ്പ് -1ബി സ്ഥാപകനും സി.ഇ.ഒ.യുമായ ഇല്യ സച്കോവ് പറയുന്നു. ഇത്രയുംകാർഡുകളുടെ വിവരങ്ങൾ ഒരുമിച്ച് വിൽപ്പനയ്ക്കിടുന്നത് ആദ്യമാണെന്നും അത്തരത്തിൽ നൽകിയാൽ എത്തിക്കൽ ഹാക്കർമാരുടെ ആക്രമണം ഉണ്ടാകുമെന്നതിനാൽ ഒഴിവാക്കാറാണ് പതിവെന്നും അദ്ദേഹം പറയുന്നു. ഉപഭോക്താക്കൾക്കും റീട്ടെയിലർമാർക്കും കനത്ത ഭീഷണിയാകാൻ സാധ്യതയുള്ള കമ്പനിയായാണ് ജോക്കേഴ്സ് സ്റ്റാഷിനെ കാണുന്നത്. ഡാർക്ക് വെബിൽ 500 ഡൊമെയ്നുകളും 54 സെർവറുകളും ഇവർക്കുണ്ടെന്ന് പറയപ്പെടുന്നു. 'ഡാർക്ക് വെബ്' എന്നാൽ 'ഡീപ് വെബി'ൽ നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഒരു ഭാഗമാണ് 'ഡാർക്ക് വെബ്' എന്നറിയപ്പെടുന്നത്. 'സെർച്ച്' ചെയ്താൽ ലഭിക്കാത്ത ഇന്റർനെറ്റിന്റെ ഭാഗമാണ് ഡീപ് വെബ്. നിയമപരമല്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡീപ് വെബിന്റെ ഒരുഭാഗമാണ് ഡാർക്ക് വെബ്. സൈബർ ക്രിമിനലുകളാണ് ഇവ ഏറെയും ഉപയോഗിക്കുന്നതെന്നതിനാൽ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായിരിക്കും മിക്കപ്പോഴും ഇവ. സാധാരണ വെബ്സൈറ്റുകൾപോലെ ഓർക്കാൻ എളുപ്പമുള്ള പേരുകളായിരിക്കില്ല ഇവയിലെ വെബ്സൈറ്റുകൾക്ക് നൽകുക. സാധാരണ ബ്രൗസറുകളിൽ സെർച്ച് ചെയ്താൽ കണ്ടെത്താൻ കഴിയുകയുമില്ല. വിവരങ്ങൾ സുരക്ഷിതമാക്കാൻ ബാങ്കുകൾക്ക് നിർദേശം രാജ്യത്തെ പേമെന്റ് കാർഡ് വിവരങ്ങൾ ചോർന്നതായുള്ള റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വിവരത്തിന്റെ ആധികാരികത പരിശോധിക്കാൻ റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക് നിർദേശം നൽകി. കാർഡ് വിവരങ്ങൾ സുരക്ഷിതമാക്കാൻ കർശന നടപടിയെടുക്കണമെന്നും ആർ.ബി.ഐ.യുടെ ബാങ്കിങ് സൂപ്പർവിഷൻ വകുപ്പിനുകീഴിലുള്ള സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എക്സാമിനേഷൻ വിഭാഗം നിർദേശിച്ചിട്ടുണ്ട്. വിവരം ശരിയാണെങ്കിൽ ആ സീരിസിലുള്ള കാർഡുകൾ റദ്ദാക്കി ഉപഭോക്താക്കൾക്ക് പുതിയവ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇത്തരം അറിയിപ്പുകൾ ആർ.ബി.ഐ. സ്ഥിരം നൽകുന്നതാണെന്ന് ബാങ്കുകൾ പറയുന്നു. ഇന്ത്യയിലെ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ രണ്ടുതലത്തിൽ സുരക്ഷയൊരുക്കുന്നതിനാൽ ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഇവർ അറിയിച്ചു. വിവിധ ബാങ്കുകളുടെ വിവരങ്ങൾ ഉള്ളതിനാൽ ബാങ്കുകളുടെ ഡേറ്റ സ്രോതസ്സുവഴിയല്ല വിവരങ്ങൾ ചോർന്നതെന്നു കരുതുന്നു. എ.ടി.എം. യന്ത്രങ്ങൾവഴിയോ പി.ഒ.എസ്. യന്ത്രങ്ങൾവഴിയോ ആയിരിക്കാം ഇത്. ഇന്ത്യയിൽ 99 ശതമാനം കാർഡുകളും ചിപ് ഉപയോഗിച്ചുള്ളതാണ്. ഇവ 'ക്ലോൺ' ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ബാങ്കുകൾ പറയുന്നു. മാഗ്നെറ്റിക് സ്ട്രിപ്പുള്ള കാർഡുകൾ ഉപയോഗത്തിലുണ്ടെങ്കിലും വളരെ കുറച്ചുമാത്രമാണുള്ളതെന്നും ഇവർ അറിയിച്ചു. Content Highlights:13 lakhs payment cards details sale online


from mathrubhumi.latestnews.rssfeed https://ift.tt/36s2v5y
via IFTTT