തിരുവനന്തപുരം: ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് നടനും എം.പി.യുമായ സുരേഷ് ഗോപിയും ദേശീയ നേതൃത്വത്തിന്റെ പരിഗണനയിൽ. ദേശീയ അധ്യക്ഷൻ അമിത് ഷായുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ, താത്പര്യമില്ലെന്ന് അമിത് ഷായെ സുരേഷ് ഗോപി അറിയിച്ചെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കാനും സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നതാണ്. താത്പര്യമില്ലെന്നറിയിച്ച് പിന്മാറിയ അദ്ദേഹത്തിന് അവസാനം തൃശ്ശൂരിൽ മത്സരിക്കേണ്ടിവന്നു. പി.എസ്. ശ്രീധരൻപിള്ള മിസോറം ഗവർണറായതോടെ ഒഴിവുവന്ന അധ്യക്ഷസ്ഥാനത്തേക്ക് ഒട്ടേറെ പേരുകൾ ഉയർന്നിട്ടുണ്ട്. സുരേഷ് േഗാപിക്കു പുറമേ മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, നിലവിലുള്ള ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എന്നിവരാണ് ഒടുവിലത്തെ സാധ്യതാപ്പട്ടികയിലുള്ളത്. അവസാനവാക്ക് അമിത് ഷായുടേതാണെങ്കിലും ആർ.എസ്.എസിന്റെ താത്പര്യംകൂടി പരിഗണിച്ചേ തീരുമാനമുണ്ടാകൂ. ആർ.എസ്.എസിൽ രണ്ടുവിഭാഗങ്ങൾ കെ. സുരേന്ദ്രനും എം.ടി. രമേശിനുമായി രംഗത്തുണ്ട്. അടുത്തയാഴ്ച കൊച്ചിയിൽ ആർ.എസ്.എസ്. നേതൃത്വവും ബി.ജെ.പി. ദേശീയ നേതാക്കളും തമ്മിൽ ചർച്ചനടക്കുന്നുണ്ട്. കുമ്മനത്തിന് സംസ്ഥാന അധ്യക്ഷപദവിയോ ദേശീയനേതൃത്വത്തിൽ മുന്തിയ സ്ഥാനമോ നൽകണമെന്ന അഭിപ്രായമാണ് ആർ.എസ്.എസിനുള്ളത്. Content Highlights:BJP State President seat, Suresh Gopi is also under consideration
from mathrubhumi.latestnews.rssfeed https://ift.tt/323ClCJ
via 
IFTTT