Breaking

Friday, November 1, 2019

അറബിക്കടലിൽ ഒരേസമയം രണ്ടു ചുഴലികൾ ഇതാദ്യം

കൊച്ചി: അറബിക്കടലിൽ രണ്ട് ചുഴലിക്കാറ്റുകൾ ഒരേസമയം രൂപപ്പെടുന്നത് ഇതാദ്യം. ആദ്യംവന്ന 'ക്യാർ' പൂർണമായും ഇല്ലാതാകുന്നതിനുമുമ്പാണ് 'മഹ' വന്നത്. 1965-ൽ ഉപഗ്രഹനിരീക്ഷണം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഇങ്ങനെയുണ്ടാകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. 2015-ലും 2018-ലും ഒന്നിനുപിന്നാലെ മറ്റൊന്ന് വന്നിട്ടുണ്ട്. 2015 ഒക്ടോബർ 28 മുതൽ നവംബർ നാലുവരെ 'ചപല'യും നവംബർ അഞ്ചുമുതൽ 10 വരെ 'മേഘും'. കഴിഞ്ഞവർഷം മേയ് 16 മുതൽ 20 വരെ 'സാഗറും' മേയ് 21 മുതൽ 27 വരെ 'മേകുനു'വും എത്തി. 'ക്യാർ' അറബിക്കടലിൽ രൂപപ്പെട്ടത് ഒക്ടോബർ 25-നാണ്. ഇത് ദുർബലമാകുന്നതേയുള്ളൂ. അപ്പോഴേക്കും 30-ന് 'മഹ' എത്തുകയായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകനായ രാജീവൻ എരിക്കുളം പറഞ്ഞു. ബംഗാൾഉൾക്കടലിൽ ഒരേസമയം രണ്ടു ചുഴലികൾ നേരത്തെ രൂപപ്പെട്ടിട്ടുണ്ട്. 2013 നവംബർ 19 മുതൽ 23 വരെ വീശിയ 'ഹെലൻ' പിൻവാങ്ങുന്നതിനുമുമ്പ് നവംബർ 23-ന് 'ലെഹർ' എത്തി. ഇത് 28 വരെ നീണ്ടു. കഴിഞ്ഞവർഷം ബംഗാൾഉൾക്കടലിലും അറബിക്കടലിലും ഒരേസമയം ചുഴലിക്കാറ്റടിച്ചിരുന്നു. ഒക്ടോബർ ആറുമുതൽ 15 വരെ അറബിക്കടലിൽ രൂപപ്പെട്ടത് 'ലുബാൻ' ആയിരുന്നു. ഒക്ടോബർ 10 മുതൽ 13 വരെ ബംഗാൾഉൾക്കടലിൽ 'തിത്ലി' ചുഴലിക്കാറ്റ് വീശി. ഈവർഷം രൂപപ്പെട്ട ആറു ചുഴലിക്കാറ്റുകളിൽ നാലും അറബിക്കടലിലായിരുന്നു. അതിൽ 'ക്യാർ' സൂപ്പർ സൈക്ലോൺ വിഭാഗത്തിലാണ്. 'ഹിക്ക'യും 'വായു'വും അതിതീവ്ര ചുഴലിക്കാറ്റുകൾ. ഉപഗ്രഹനിരീക്ഷണം ആരംഭിച്ചതിനുശേഷം അറബിക്കടലിലുണ്ടാവുന്ന രണ്ടാമത്തെ സൂപ്പർ സൈക്ലോണാണ് ക്യാർ. ആദ്യത്തേത് 2007-ലെ 'ഗോണു' ആണ്. നവംബർ മൂന്നിന് ബംഗാൾ ഉൾക്കടലിൽ ആൻഡമാനിനടുത്ത് പുതിയ ന്യൂനമർദം രൂപപ്പെടുന്നുണ്ടെന്ന് കുസാറ്റ് റഡാർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു. ഇത് കേരളത്തെ ബാധിക്കാനിടയില്ല. content highlights:the hurricane in arabian sea


from mathrubhumi.latestnews.rssfeed https://ift.tt/336sTzT
via IFTTT