Breaking

Thursday, August 5, 2021

ദളിത് പെൺകുട്ടിയുടെ ദുരൂഹമരണം: ഡൽഹിയിൽ പ്രതിഷേധം പുകയുന്നു

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഓൾഡ് നംഗൽ ഗ്രാമത്തിൽ ഒമ്പത് വയസ്സുള്ള ദളിത് പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രതിഷേധം പുകയുന്നു. ബുധനാഴ്ച കുടുംബാംഗങ്ങളെ സന്ദർശിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സംഭവത്തിൽ മജിസ്ട്രേറ്റുതല അന്വേഷണത്തിന് ഉത്തരവിട്ടു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് എന്നിവരും കുടുംബത്തെ കാണാനെത്തി. ഗ്രാമവാസികൾ നടത്തുന്ന പ്രതിഷേധത്തിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് കഴിഞ്ഞദിവസം പങ്കുചേർന്നിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായധനം നൽകുമെന്നും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ മികച്ച അഭിഭാഷകരെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിലെ ക്രമസമാധാനനില ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെൺകുട്ടിക്ക് നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാവുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഞാൻ ആ കുടുംബവുമായി സംസാരിച്ചു. നീതി ലഭിക്കുന്നതുവരെ ഞാൻ അവർക്കൊപ്പമുണ്ടാവും. അവരുടെ മകൾ രാജ്യത്തിന്റേയും മകളാണ്. അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. പെൺകുട്ടിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബൃന്ദാ കാരാട്ട് പറഞ്ഞു. സംഭവത്തിൽ പോലീസ് കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടി ബൃന്ദ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. കൊന്നതാണ് മകളെ: വേദനയോടെ അമ്മ ഓൾഡ് നംഗൽ ശ്മശാനത്തിന് സമീപമായിരുന്നു ദളിത് കുടുംബത്തിന്റെ താമസം. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ശ്മശാനത്തിലെ കൂളറിൽനിന്ന് വെള്ളമെടുക്കാൻ പോയതായിരുന്നു പെൺകുട്ടി. ആറ് മണിയോടെ ശ്മശാനം പുരോഹിതൻ രാധേശ്യാം പെൺകുട്ടിയുടെ അമ്മയെ വിളിപ്പിച്ചു. കൂളറിൽനിന്ന് ഷോക്കേറ്റ് മകൾ മരിച്ചെന്നു പറഞ്ഞ് മൃതദേഹം കാണിച്ചു കൊടുത്തു. പോലീസിനെ വിളിക്കണമെന്ന് അമ്മ പറഞ്ഞപ്പോൾ ദരിദ്രരായ നിങ്ങൾ ഏറെക്കാലം കേസ് നടത്തേണ്ടിവരുമെന്നും പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടിയുടെ അവയവങ്ങൾ പോലീസ് മോഷ്ടിക്കുമെന്നുമായിരുന്നു മറുപടി. രാത്രി ഏഴരയോടെ പുരോഹിതന്റെ നേതൃത്വത്തിൽ മൃതദേഹം ദഹിപ്പിച്ചു. കുടുംബത്തെ ദൂരെ നിർബന്ധിച്ചിരുത്തി. വീട്ടിൽ പോയി കിടന്നുറങ്ങ്. ഇതിനെക്കുറിച്ചോർത്ത് കരയാനും ബഹളം വെക്കാനും പോവണ്ട - ഇതായിരുന്നു പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുമ്പോൾ പുരോഹിതന്റെ ഭീഷണിയെന്ന് അമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പോലീസിനെ വിളിക്കാമെന്ന് പറഞ്ഞപ്പോൾ നിങ്ങൾ പീർബാബയിൽ ഭിക്ഷ യാചിക്കുന്നവരല്ലേ? എങ്ങനെ കേസിന്റെ ചെലവ് താങ്ങുമെന്നായിരുന്നു പുരോഹിതന്റെ ചോദ്യം. ചാരം ശേഖരിക്കാൻ രാവിലെ എട്ട് മണിക്ക് വന്നോളാൻ പറഞ്ഞു. ബന്ധുക്കൾ വന്ന് വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചു. പക്ഷേ, എന്റെ മകളുടെ ഒരു തെളിവും ലഭിച്ചില്ല. ഞങ്ങളെ പോലീസ് മർദിച്ചു. ഭർത്താവിനേയും എന്നേയും സ്റ്റേഷനിൽ വെവ്വേറെ മുറികളിലിരുത്തി. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണ് എന്റെ മകൾ -വേദനയോടെ ആ അമ്മ പറഞ്ഞു. എന്നാൽ, കൂളറിൽനിന്ന് വൈദ്യുതി പ്രവഹിച്ചെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഇംഗിത് പ്രതാപ് സിങ് പറഞ്ഞു. ബലാത്സംഗം നടന്നിട്ടുണ്ടോയെന്ന് ഫൊറൻസിക് സംഘം പരിശോധിക്കും. അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു. Content Highlights:protests gets bigger as dalit girl dead in mysterious situation


from mathrubhumi.latestnews.rssfeed https://ift.tt/37kRo01
via IFTTT