Breaking

Wednesday, June 16, 2021

മരംമുറിയിൽ ഒഴിഞ്ഞുമാറി സി.പി.ഐ.

തിരുവനന്തപുരം: പട്ടയഭൂമിയിലെ മരംമുറി വിവാദത്തിൽ ഒറ്റയ്ക്ക് രാഷ്ട്രീയരക്ഷ തേടാനുള്ള പെടാപ്പാടിലാണ് സി.പി.ഐ. റവന്യൂ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തതാണ് കുഴപ്പത്തിനു കാരണമെന്ന ഒറ്റവാചക കവചംമാത്രമാണ് സി.പി.ഐ.ക്കുള്ളത്. മറ്റു രാഷ്ട്രീയ പ്രതിരോധത്തിന് രംഗത്തിറങ്ങാൻ നേതാക്കളാരും തയ്യാറായിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച അന്വേഷണവും കുറ്റവാളികൾ ആരായാലും ശിക്ഷിക്കുമെന്ന പൊതുവാദവും മാത്രമാണ് നേതാക്കൾ ഉന്നയിക്കുന്നത്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വനം, റവന്യൂ വകുപ്പുകൾ കൈകാര്യംചെയ്തത് സി.പി.ഐ. ആണെന്നതാണ് അവർ നേരിടുന്ന രാഷ്ട്രീയ വെല്ലുവിളി. എന്നാൽ, അന്നത്തെ മന്ത്രിമാർക്ക് സി.പി.ഐ. പ്രാഥമിക പരിശോധന നടത്തി ‘ക്ലീൻ ചിറ്റ്’ നൽകിക്കഴിഞ്ഞു. ഉദ്യോഗസ്ഥരിൽ കുറ്റംചാർത്തി ശിക്ഷ നടപ്പാക്കി കേസ് ഒതുങ്ങുമെന്ന സൂചനകൂടി സി.പി.ഐ.യുടെ ഈ നിലപാട് നൽകുന്നുണ്ട്. മുന്നണിയിലെ മറ്റു കക്ഷികളാരും കാര്യമായി സി.പി.ഐ.ക്ക് പിന്തുണയ്ക്കെത്തിയിട്ടില്ല. രാഷ്ട്രീയ പ്രതികരണം ഒഴിവാക്കി സി.പി.എം. നൽകിയ പിന്തുണമാത്രമാണ് അവർക്ക് ആശ്വാസം. മുള്ളുനിറഞ്ഞ കവചമാണ് ജോസ് കെ. മാണി നൽകിയത്. മരം കൊള്ളക്കേസിലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നായിരുന്നു ജോസിന്റെ പ്രതികരണം. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും അദ്ദേഹം പറയുന്നു.ശുദ്ധമായ ലക്ഷ്യമാണ് മരംമുറി ഉത്തരവിനു പിന്നിലുള്ളതെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ചൂണ്ടിക്കാട്ടി മന്ത്രിമാർക്ക് ഭരണപരമായ വീഴ്ചയില്ലെന്ന് ഉറപ്പിക്കുകയാണ് സി.പി.ഐ. ചെയ്യുന്നത്. ഉത്തരവ് ഇറക്കുന്നതും അത് നടപ്പാക്കുന്നതും നടപ്പാക്കുന്നതിൽ വീഴ്ച സംഭവിക്കുമ്പോഴുള്ള അന്വേഷണവുമെല്ലാം സർക്കാരിന്റെ സ്വാഭാവിക നടപടിക്രമങ്ങൾ എന്നനിലയിൽ ചുരുക്കി അവതരിപ്പിക്കാനാണ് അവരുടെ ശ്രമം. അതുകൊണ്ടാണ് പ്രതികരണം റവന്യൂമന്ത്രിയിൽ മാത്രമായി ഒതുങ്ങുന്നതും. സംഭവത്തിൽ സർക്കാരിന് ഒന്നും ഭയക്കാനില്ലെന്നാണ് റവന്യൂമന്ത്രി കെ. രാജൻ കഴിഞ്ഞദിവസം പറഞ്ഞത്. പരിസ്ഥിതി, വനം വിഷയങ്ങളിൽ സി.പി.ഐ.യിൽ എന്നും ഉയർന്നുകേൾക്കാറുള്ള ശബ്ദമാണ് ബിനോയ് വിശ്വത്തിന്റേത്. കഴിഞ്ഞദിവസം എം.എൻ. സ്മാരകത്തിൽ അദ്ദേഹത്തിന്റെകൂടി സാന്നിധ്യത്തിലാണ് ഈ വിഷയം ചർച്ചചെയ്തത്. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് പറയേണ്ടതെല്ലാം സർക്കാർ പറഞ്ഞുകഴിഞ്ഞെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ആരോ സൃഷ്ടിച്ച പുകമറ മാത്രമാണ് മുട്ടിൽ മരംമുറി വിവാദമെന്നും ബിനോയ് വിശദീകരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3vtRlJ5
via IFTTT