ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരിക്കൽക്കൂടി സംവാദത്തിനു വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ദേശീയ സുരക്ഷയും റഫാലുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ അഞ്ചുമിനിറ്റെങ്കിലും സംവാദത്തിന് മോദി തയ്യാറാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഡൽഹിയിൽ എ.ഐ.സി.സി. ന്യൂനപക്ഷ സെല്ലിന്റെ ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “മോദിജീ, താങ്കൾ പറയുന്നു, 56 ഇഞ്ചാണ് നെഞ്ചളവെന്ന്. എങ്കിൽ, മുഖത്തോടുമുഖം സംവാദത്തിനു വെല്ലുവിളിക്കുന്നു. എന്നാൽ, അദ്ദേഹം ഭീരുവാണ്. ആരെങ്കിലും നേരെനിന്നാൽ തിരിഞ്ഞുനടക്കും. അഞ്ചുവർഷമായി മോദിയോട് പോരാടുന്ന ഞാനിതു തിരിച്ചറിഞ്ഞിട്ടുണ്ട്. ഭൂട്ടാൻ അതിർത്തിയായ ധോക്ലാമിൽ ചൈനയും ഇന്ത്യയും തമ്മിൽ തർക്കമുണ്ടായപ്പോൾ പ്രധാനമന്ത്രി ബെയ്ജിങ്ങിലേക്കു പറന്ന് തൊഴുകൈയോടെ ചൈനീസ് അധികാരികളുമായി ചർച്ചയ്ക്കുചെന്നു. അപ്പോൾ അവർക്കു മനസ്സിലായി, മോദിയുടെ നെഞ്ചളവ് 56 ഇഞ്ചല്ല നാലിഞ്ചാണെന്ന്” -രാഹുൽ പരിഹസിച്ചു. ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ ആരവമുയർത്തിയ പ്രവർത്തകരെക്കൊണ്ട് കാവൽക്കാരൻ കള്ളനാണെന്നു വിളിപ്പിച്ചു തുടങ്ങിയ പ്രസംഗം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു കാഹളം കൂടിയായി. “രാജ്യത്തെ പൊതുസ്ഥാപനങ്ങൾ ബി.ജെ.പി.യും ആർ.എസ്.എസും കൈയടക്കി നശിപ്പിക്കുകയാണ്. നരേന്ദ്രമോദി ഒരുഭാഗത്തും മോഹൻ ഭാഗവത് മറുഭാഗത്തും ഇരുന്ന് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നു. രാജ്യത്തിനു മുകളിലാണ് തങ്ങളെന്നാണ് ബി.ജെ.പി.യും ആർ.എസ്.എസും കരുതുന്നത്. രാജ്യം അവർക്കു മുകളിലാണെന്ന് മൂന്നുമാസത്തിനകം അവർ തിരിച്ചറിയും. രാജ്യത്തെ പൊതിഞ്ഞുനിൽക്കുന്ന വെറുപ്പ് കോൺഗ്രസ് ഇല്ലാതാക്കും. ഏതെങ്കിലും മതത്തിന്റെയോ വർഗത്തിന്റെയോ ഭാഷയുടേതോ വേഷത്തിന്റേതോ അല്ല ഈ രാജ്യം. എല്ലാവരുടെതുമാണ് എന്നു ബോധ്യപ്പെടുത്തും. കർഷകനും ദരിദ്രനും യുവാവിനും വേണ്ടിയുള്ളതാവും കോൺഗ്രസ് സർക്കാർ. മിനിമം വേതനം ഉറപ്പാക്കുന്നത് അതിനുവേണ്ടിയാണ്” -രാഹുൽ അവകാശപ്പെട്ടു. Content Highlights:'I've figured him out. He is a coward': Rahul Gandhi attacks PM Narendra Modi
from mathrubhumi.latestnews.rssfeed http://bit.ly/2MUy9iR
via
IFTTT